പിന്നോട്ടില്ലാതെ സുരേന്ദ്രനും... കൊടകര ഒരു വഴിക്കാക്കി ഇനി അന്വേഷണത്തോട് സഹകരിക്കില്ലെന്ന് ബിജെപി നിലപാടെടുത്തത്തോടെ മഞ്ചേശ്വരം കൈക്കൂലി കേസ് കടുപ്പിക്കുന്നു; കെ. സുന്ദര ചെലവാക്കിയ തുക കണ്ടെത്താന്‍ ക്രൈംബ്രാഞ്ച്

കൊടകര കുഴല്‍പണ കേസില്‍ ബിജെപി നേതാക്കള്‍ ചോദ്യം ചെയ്യാന്‍ ഇനി ഹാജരാകില്ലെന്ന് ബിജെപി വ്യക്തമാക്കി കഴിഞ്ഞു. അതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കൊടകര കേസ്. അതേസമയം മഞ്ചേശ്വരം കൈക്കൂലി കേസ് അന്വേഷണം ശക്തമാക്കുകയാണ്.
കെ. സുരേന്ദ്രനെതിരായ തിരഞ്ഞെടുപ്പ് കൈക്കൂലി കേസില്‍ കെ. സുന്ദര ചെലവാക്കിയ തുക കണ്ടെത്താന്‍ ജില്ലാ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങി. കൈക്കൂലിയായി ലഭിച്ച രണ്ടരലക്ഷം രൂപയില്‍ ഒന്നരലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇത് ആര്‍ക്കൊക്കെയാണ് കൊടുത്തതെന്ന് കണ്ടെത്തി പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. രണ്ടരലക്ഷത്തില്‍ ഒരുലക്ഷം രൂപ സുന്ദര സുഹൃത്തിന്റെ സഹായത്തോടെ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഇതിന്റെ രേഖകള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലിപ്പണം മുഴുവനായും കണ്ടെത്തുന്നത് കേസിന് കൂടുതല്‍ ശക്തിപകരും.
കേസില്‍ കെ. സുന്ദര, അമ്മ ബേട്ജി, ബന്ധു, പരാതിക്കാരന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന്‍ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയില്‍ പണം ലഭിച്ചതായി കെ. സുന്ദരയും അമ്മ ബേട്ജിയും സമ്മതിച്ചിട്ടുണ്ട്. കേസില്‍ നിലവില്‍ കെ. സുരേന്ദ്രനെ മാത്രമാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.എസ്.പി. സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ കെ. സുന്ദയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നാണ് കേസ്. ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
അതേസമയം തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച് ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പുതോല്‍വിയെക്കുറിച്ചും ഉള്‍പോരിനെക്കുറിച്ചും സി.വി. ആനന്ദബോസ്, ഇ. ശ്രീധരന്‍, ജേക്കബ് തോമസ് എന്നിവരോട് കേന്ദ്രനേതൃത്വം റിപ്പോര്‍ട്ട് വാങ്ങിയെന്നത് കെട്ടുകഥയാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. അത് പ്രചാരണവും ഭാവനയും മാത്രമാണ്.
അന്വേഷണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അഖിലേന്ത്യ പ്രസിഡന്റ് ജെ.പി. നഡ്ഡയോടും ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിനോടും ചോദിച്ച ശേഷമാണ് പറയുന്നത്. ബി.ജെ.പിക്ക് കേരളത്തില്‍ ഉണ്ടായിരുന്ന ഒരു സീറ്റുപോയി. അതിലപ്പുറമൊന്നും സംഭവിച്ചിട്ടില്ല. രാഷ്ട്രീയത്തില്‍ പലപ്പോഴും അങ്ങനെയൊക്കെ സംഭവിക്കും. 35 കൊല്ലം ഭരിച്ച പശ്ചിമബംഗാളില്‍ ഒറ്റ സീറ്റും സി.പി.എമ്മിന് കിട്ടിയില്ല. നെഹ്‌റുവിന് ശേഷം ഇ.എം.എസ് ഇന്ത്യ ഭരിക്കുമെന്ന് സി.പി.എം പറഞ്ഞുനടന്നിട്ടെന്തായി ജനങ്ങള്‍ക്കറിയാം, വോട്ടുബാങ്ക് എവിടെയാണെന്ന്. ബി.ജെ.പി അടിത്തറയില്‍ ഒരു വിള്ളലും ഉണ്ടായിട്ടില്ല.
ഒരുവിഷയത്തിലും ബി.ജെ.പി പ്രതിരോധത്തിലല്ല. മഞ്ചേശ്വരത്ത് എന്താണ് ആരോപണം സുന്ദരക്ക് ആര് പണം കൊടുത്തു കാശു കൊടുത്ത് മൊഴിയുണ്ടാക്കുന്നതിന് താന്‍ എന്തുചെയ്യാനാണ് ആരോപണം തെളിയിക്കട്ടെ. ബാലിശ ആരോപണങ്ങള്‍കൊണ്ടൊന്നും പുകമറ ഉണ്ടാക്കാനാവില്ല. കള്ളപ്പണത്തെക്കുറിച്ച് പറച്ചില്‍ നിലച്ചു. എന്തായി അന്വേഷണം എന്നും സുരേന്ദ്രന്‍ ചോദിച്ചു.
അതേസമയം വിവാദങ്ങളില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ ഉറപ്പാക്കാനാകാതെയാണ് സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ കേരളത്തിലേക്ക് മടങ്ങിയത്. ഒടുവില്‍ പുറത്തുവന്ന പ്രസീതയുടെ ശബ്ദരേഖയില്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോഴായിരുന്നു കെ സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തിയത്. നാല് ദിവസം ഡല്‍ഹിയില്‍ തമ്പടിച്ച കെ സുരേന്ദ്രന്‍ ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ്, അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് എന്നിവരുമായി സംസ്ഥാനത്തെ സംഘടനാ സ്ഥിതി ചര്‍ച്ച ചെയ്തു. ഇനിയെന്താകുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha


























