സംസ്ഥാനം ഭാഗികമായി തുറക്കുന്നു: നിയന്ത്രണങ്ങളും പുതിയ തീരുമാനങ്ങളും ഇങ്ങനെ: സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും

സമ്പൂര്‍ണ ലോക്ഡൗണിന്റെ പിടിയില്‍ നിന്നും കേരളം മോചിതമാകുകയാണ്. വ്യാഴാഴ്ച ഭാഗികമായി കേരളം തുറക്കുകയാണ് . രണ്ടുതരത്തിലാണ് ഇളവുകളും നിയന്ത്രണങ്ങളും ഉള്ളത് .
ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണ്‍ ആണ്. ഇളവുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ബാധകമല്ല. ആ ദിവസങ്ങളില്‍ സംസ്ഥാനമാകെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും.
ഭക്ഷ്യവസ്തുക്കള്‍, റേഷന്‍, പലവ്യഞ്ജനം, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം, കോഴിത്തീറ്റകാലിത്തീറ്റ എന്നിവ വില്‍ക്കുന്ന കടകളും ബേക്കറികളും എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ. മാളുകള്‍ തുറക്കില്ല.
ഹോട്ടലുകള്‍: പാഴ്സലും ഹോം ഡെലിവറിയും മാത്രമെ അനുവദിക്കു സമയം രാവിലെ 7.00 വൈകിട്ട് 7.00.
വിവാഹം, സംസ്‌കാരം എന്നിവക്ക് 20 പേര്‍ മാത്രമാകും. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം ഇന്നു പുനരാരംഭിക്കും. സെക്രട്ടേറിയറ്റിലും അക്കൗണ്ടന്റ് ജനറലിന്റെ ഓഫിസിലും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 % ജീവനക്കാര്‍ ഹാജരാകണം. ടിപിആര്‍ 20 % വരെയുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ 25 % ജീവനക്കാരുമായി പ്രവര്‍ത്തനം തുടങ്ങണം.
അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ. വ്യവസായ, കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാം. ആരാധനാലയങ്ങള്‍ തുറക്കില്ല. ആള്‍ക്കൂട്ടവും പൊതുപരിപാടികളും പാടില്ല. വിനോദസഞ്ചാരം, വിനോദ പരിപാടികള്‍, ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പരിപാടികള്‍ എന്നിവയും അനുവദനീയമല്ല. എല്ലാ ദേശീയസംസ്ഥാനപൊതുപരീക്ഷകളും പുനരാരംഭിക്കാം. സ്‌പോര്‍ട്‌സ് സിലക്ഷന്‍ ട്രയല്‍സും നടക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകളാകാം. ടാക്സി കാറില്‍ ഡ്രൈവര്‍ക്കു പുറമേ 3 പേര്‍; ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കു പുറമേ 2 പേര്‍. കുടുംബസമേതം യാത്ര ചെയ്യുമ്പോള്‍ ഇതു ബാധകമല്ല.
സംസ്ഥാനത്ത് ടിപിആര്‍ 20 % വരെയുള്ള സ്ഥലങ്ങളില്‍ ഇന്നുമുതല്‍ വീണ്ടും മദ്യവില്‍പനയും പുനരാരംഭിക്കുന്നുണ്ട്. ബെവ്ക്യു ആപ് ഇല്ലാതെ ബവ്കോ വില്‍പനകേന്ദ്രങ്ങളില്‍ നിന്നും ബാറുകളില്‍നിന്നും പാഴ്സലായി വാങ്ങാവുന്നതുമാണ് . ബവ്കോ കേന്ദ്രങ്ങളിലെ വിലയ്ക്കു തന്നെയാകും ബാറുകളിലും വില്‍പന നടത്തുക . സമയം ബവ്കോയ്ക്ക് രാവിലെ 9 മുതല്‍ രാത്രി 7 വരെ; ബാറുകള്‍ക്കു പകല്‍ 11 മുതല്‍ രാത്രി 7 വരെ. കള്ളുഷാപ്പുകളിലും പാഴ്സല്‍ വില്‍പനയുണ്ട്. ക്ലബ്ബുകള്‍ തല്‍ക്കാലം തുറക്കില്ല. ശനിയും ഞായറും കള്ളുഷാപ്പുകള്‍ക്കു പ്രവര്‍ത്തിക്കാമെങ്കിലും ബാറുകള്‍ക്കും ബവ്കോ കേന്ദ്രങ്ങള്‍ക്കും അനുമതിയില്ല.
തദ്ദേശസ്ഥാപനങ്ങള്‍ നാലുതരമാണ് തിരിച്ചിരിക്കുന്നത്
എ വിഭാഗം- ടി.പി.ആര്‍.- എട്ടുശതമാനത്തില്‍ താഴെ (രോഗവ്യാപനം കുറഞ്ഞ സ്ഥലങ്ങള്‍). ഇവിടെ നിയന്ത്രണങ്ങളോടെ സാധാരണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.
ബി വിഭാഗം- ടി.പി.ആര്‍. 8-20 (മിതമായ രോഗവ്യാപനമുള്ള സ്ഥലങ്ങള്‍). ഇവിടെ ഭാഗിക ലോക്ഡൗണ്‍.
സി വിഭാഗം- ടി.പി.ആര്‍. 20-30 (രോഗവ്യാപനം ഉയര്‍ന്ന സ്ഥലങ്ങള്‍). ഇവിടെ സമ്പൂര്‍ണ ലോക്ഡൗണ്‍
ഡി വിഭാഗം- ടി.പി.ആര്‍. 30-നുമുകളില്‍ (രോഗവ്യാപനം അതിരൂക്ഷമായ സ്ഥലങ്ങള്‍). ഇവിടെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആണ്.
കൃഷി, വ്യവസായം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണ്.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കാര്‍ഷിക, വ്യാവസായിക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. തൊഴിലാളികളുടെ വരവിനും പോക്കിനും വാഹനഗതാഗതവും അനുവദിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് എല്ലാദിവസവും മതിയായ ഉദ്യോഗസ്ഥരെവെച്ച് പ്രവര്‍ത്തിക്കാവുന്നതാണ് . തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ജോലിക്കെത്തണം.
ബാങ്കുകളും ധനകാര്യസ്ഥാപനസ്ഥാപനങ്ങളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍മാത്രം. ജൂണ്‍ 17-നും 19-നും 22-നും ബാങ്കുകള്‍ക്ക് പൊതുഅവധി.
വാഹന വര്‍ക്ക് ഷോപ്പുകളും അനുബന്ധസ്ഥാപനങ്ങളും തുറക്കാം. ഇലക്ട്രിക്കല്‍, പ്ലംബിങ് സേവനങ്ങളും ലിഫ്റ്റ്, എ.സി. യന്ത്രങ്ങള്‍ എന്നിവ വീടുകളിലെത്തി നന്നാക്കുന്നതും അനുവദിക്കും. എന്നാല്‍, സമ്പൂര്‍ണ ലോക്ഡൗണ്‍ ബാധകമായ സി വിഭാഗം തദ്ദേശ സ്ഥാപനങ്ങളില്‍ റിപ്പയറിങ് ഷോപ്പുകള്‍ക്ക് വെള്ളിയാഴ്ച ഏഴുമുതല്‍ ഏഴുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ.
സംസ്ഥാനമാകെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ദിവസവും രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. ബേക്കറികള്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, റേഷന്‍, പച്ചക്കറി, പാല്‍, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്കാണ് തുറക്കാന്‍ അനുമതി. പക്ഷികള്‍ക്കും കന്നുകാലികള്‍ക്കുമുള്ള തീറ്റക്കടകളും തുറക്കാം.
എ വിഭാഗം- എ വിഭാഗം തദ്ദേശസ്ഥാപനങ്ങളില്‍ അക്ഷയകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലാകടകളും സ്ഥാപനങ്ങളും ദിവസവും രാവിലെ ഏഴുമുതല്‍ ഏഴുവരെ പ്രവര്‍ത്തിക്കാം. പകുതി ജീവനക്കാരേ പാടുള്ളൂ.
ബി വിഭാഗം- അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ദിവസവും ഏഴുമുതല്‍ ഏഴുവരെ പ്രവര്‍ത്തിക്കാം. മറ്റുകടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പകുതിജീവനക്കാരുമായി ഏഴുമുതല്‍ ഏഴുവരെ പ്രവര്‍ത്തിക്കാം. ഇവിടങ്ങളില്‍ എല്ലാ സ്വകാര്യസ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങളില്‍മാത്രം പ്രവര്‍ത്തിക്കാം. പകുതി ജീവനക്കാര്‍മാത്രം. അക്ഷയകേന്ദ്രങ്ങള്‍ ഏഴുമുതല്‍ ഏഴുവരെ.
സി വിഭാഗം- അവശ്യസാധന കടകള്‍ക്ക് ദിവസവും ഏഴുമുതല്‍ ഏഴുവരെ തുറക്കാം. കല്യാണ ആവശ്യത്തിനുള്ള തുണികള്‍, ആഭരണങ്ങള്‍, ചെരുപ്പുകള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് വെള്ളിയാഴ്ചമാത്രം രാവിലെ ഏഴുമുതല്‍ ഏഴുവരെ മാത്രം തുറക്കാം. വിദ്യാര്‍ഥികള്‍ക്കാവശ്യമുള്ള ബുക്കുകള്‍ തുടങ്ങിയ വില്‍ക്കുന്നവയ്ക്കും റിപ്പയര്‍ ഷോപ്പുകള്‍ക്കും വെള്ളിയാഴ്ചമാത്രം ഏഴുമുതല്‍ ഏഴുവരെ പ്രവര്‍ത്തിക്കാം.
പരീക്ഷകള്‍ നടത്താം
പൊതുപരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ലോക് ഡൗണ്‍ പ്രദേശത്തുനിന്ന് പരീക്ഷയെഴുതാന്‍ വരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും വ്യവസ്ഥയുണ്ട്.
ചികിത്സാ ആവശ്യങ്ങള്‍ക്കും ആവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് വരാനും പോകാനും ഓട്ടോ, ടാക്‌സി, (ഊബര്‍, ഒല) ഉള്‍പ്പടെ യാത്രയാവാം. യാത്രക്കാരുടെ എണ്ണം എ വിഭാഗത്തിലേത് പോലെ.
കെ.എസ്.ആര്‍.ടി.സി.,സ്വകാര്യ ബസുകള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സര്‍വീസ് നടത്താം. എന്നാല്‍ സി,ഡി വിഭാഗം മേഖലയില്‍ സ്റ്റോപ്പ് ഉണ്ടാവില്ല. ജില്ല വിട്ടുളള യാത്രയ്ക്ക് സത്യവാങ്മൂലം കരുതണം
ഹോട്ടലുകളിലും േെറസ്റ്റാറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. എ-വിഭാഗം തദ്ദേശസ്ഥാപനങ്ങളില്‍ ഏഴുമുതല്‍ ഏഴുവരെ പാഴ്‌സലും രാത്രി 9.30 വരെ ഹോം ഡെലിവറിയും ഉണ്ടാവും. ബി, സി വിഭാഗങ്ങളില്‍ ഏഴുമുതല്‍ ഏഴുവരെമാത്രം. ഡി വിഭാഗത്തില്‍ ഹോംഡെലിവറിമാത്രം.
ശാരീരികസ്പര്‍ശമില്ലാത്ത, വാതില്‍പ്പുറ കായികയിനങ്ങള്‍ എ, ബി വിഭാഗത്തില്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങളില്‍ അനുവദിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന നടത്തവും ആകാം.
രോഗവ്യാപനം കുറഞ്ഞ എ, ബി വിഭാഗം തദ്ദേശസ്ഥാപനങ്ങളില്‍ വീട്ടുജോലിക്കുപോകുന്നവരെ യാത്രചെയ്യാന്‍ അനുവദിക്കും.
ഒരു തദ്ദേശസ്ഥാപനത്തില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ വേണമെന്നു തീരുമാനിക്കുന്നത് ടി.പി.ആര്‍. അനുസരിച്ചാണ്. ഏഴുദിവസത്തെ ടി.പി.ആറിന്റെ ശരാശരി കണക്കാക്കി ആ തദ്ദേശസ്ഥാപനം ഏതുവിഭാഗത്തില്‍ വരുമെന്ന് പ്രഖ്യാപിക്കും. ബുധനാഴ്ചതോറും കളക്ടറാണിത് പ്രഖ്യാപിക്കുന്നത്.
ടി.പി.ആര്‍. കൂടിയാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. കുറഞ്ഞാല്‍ കൂടുതല്‍ ഇളവുകള്‍. അടുത്ത ബുധനാഴ്ചവരെ ആ സ്ഥിതി തുടരും.
https://www.facebook.com/Malayalivartha