സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സന്ദര്‍ശിക്കും....

സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സന്ദര്‍ശിക്കും. വിസ്മയയുടെ നിലമേലിലെ വീട്ടില്‍ അദ്ദേഹം രാവിലെ 11ന് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
അതേസമയം, സ്ത്രീധന പീഡനങ്ങള്‍ ഒഴിവാക്കാനായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ രൂപീകരിക്കുമെന്നും വിഷയം പ്രധാനമന്ത്രിയെ അടക്കം നേരില്‍ കണ്ട് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സുരേഷ് ഗോപി എംപി പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് നടപടികള്‍ക്ക് മുന്‍കൈയെടുക്കണമെന്നും എല്ലാം പോലീസുകാര്‍ക്ക് വിട്ടുകൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീധന പീഡനങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
അതേസമയം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കൂടുതല്‍ ഇടപെടലുമായി പൊലീസ്. സ്ത്രീധന പീഡന പരാതികള്‍ അന്വേഷിക്കുന്നതിന് പ്രത്യേക നോഡല്‍ ഓഫീസറെ നിയോഗിച്ചു. പരാതികള്‍ അറിയിക്കാനുള്ള പുതിയ സംവിധാനമായ അപരാജിത പ്രവര്‍ത്തനം തുടങ്ങി.
സ്ത്രീധനപീഡനം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. സ്ത്രീധനപീഡന പരാതികള്‍ അന്വേഷിക്കുന്നതിന് പത്തനംതിട്ട എസ് പി ആര്‍ നിശാന്തിനിയെ നോഡല്‍ ഓഫീസറായി നിയമിച്ചു.
സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പരാതി നല്‍കാനുള്ള അപരാജിത എന്ന സംവിധാനത്തിലൂടെ ഗാര്‍ഹിക പീഡന പരാതികളും ഇനി അറിയിക്കാം.
aparajitha.pol@kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും 9497996992 എന്ന നമ്പറിലുമാണ് പരാതികള്‍ അറിയിക്കേണ്ടത്. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് ആസ്ഥാനത്തെ ഡിജിപിയുടെ കണ്‍ട്രോള്‍ റൂമിലും പരാതികള്‍ നല്‍കാം. നമ്പരുകള്‍ 9497900999, 9497900286.
https://www.facebook.com/Malayalivartha























