എല്ലാം ഇന്നലെ എന്നപോലെ... വിസ്മയ കേസിന് മുമ്പ് മലയാളികളെ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്ത ഉത്ര വധകേസ് വീണ്ടും സജീവമാകുന്നു; ഉത്ര വധക്കേസിലെ നിര്‍ണായകമായ അന്തിമവാദം ഇന്ന് ആരംഭിക്കും; സ്വന്തം ഭാര്യയെ മൂര്‍ഖനെ കൊണ്ട് കടുപ്പിച്ച ഭര്‍ത്താവിന്റെ പൊയ് മുഖം ഒന്നൊന്നായി അഴിഞ്ഞ് വീഴുന്നു

മലയാളികള്‍ ഏറെ വേദനിച്ച കേസാണ് വിസ്മയയുടെ മരണം. അതിന്റെ വേദന തീരും മുമ്പ് പഴയ ഉത്ര വധകേസും പൊങ്ങി വരികയാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമാണ് ഉത്രയുടെ മരണം. ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ട് ഭാര്യയെ കടിപ്പിക്കാമെന്ന് വച്ചാല്‍. ക്രൂരമായ ആ കേസിന്റെ നിര്‍ണായക വാദമാണ് നടക്കുന്നത്.
ഉത്ര വധക്കേസിലെ അന്തിമവാദം കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ആരംഭിക്കും. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജിന്റെ വാദമാണ് കേള്‍ക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച പ്രതിഭാഗം സാക്ഷിവിസ്താരം പൂര്‍ത്തിയായിരുന്നു.
പ്രോസിക്യൂഷന്‍ 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലും ഹാജരാക്കിയിട്ടുണ്ട്. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും മൂന്ന് സി.ഡികള്‍ തൊണ്ടിമുതലായി ഹാജരാക്കുകയും ചെയ്തു.
ഡിജിറ്റല്‍ തെളിവുകള്‍ നേരിട്ടു പരിശോധിക്കേണ്ടതിനാല്‍ തുറന്ന കോടതിയില്‍ കൊവിഡ് മാനദണ്ഡം പാലിച്ചാണ് വാദം കേള്‍ക്കുന്നത്. മുഖ്യപ്രതി സൂരജിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിചാരണ നടത്തുന്നത്.ഉത്രയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ. രാഗേഷ്, പാമ്പുപിടിത്തക്കാരനായ വാവ സുരേഷ്, തിരുവനന്തപുരത്തെ കെമിക്കല്‍ അനാലിസിസ് ലാബിലെ അസി. കെമിക്കല്‍ എക്‌സാമിനര്‍ ആര്‍. യുറേക്ക എന്നിവരെ പ്രതിഭാഗത്തിന്റെ ആവശ്യമനുസരിച്ച് വീണ്ടും വിസ്തരിച്ചിരുന്നു.
അതേസമയം അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മകന്റെ പേര് മാറ്റി. കുട്ടിയുടെ പിതാവും വീട്ടുകാരും ഇട്ട ധ്രൂവ് എന്ന പേരാണ് ഉത്രയുടെ ബന്ധുക്കള്‍ മാറ്റിയത്. ആര്‍ജവ് എന്നാണ് അവന്റെ പുതിയ പേര്. ഈ പേര് നല്‍കാനുണ്ടായ കാരണവും ഉത്രയുടെ പിതാവ് വിജയസേനന്‍ വെളിപ്പെടുത്തി.
ആര്‍ജവത്തോടെ ലോകത്ത് ജീവിക്കേണ്ട കുട്ടിയായതുകൊണ്ടാണ് പേരക്കുട്ടിയ്ക്ക് ആര്‍ജവ് എന്ന പേര് നല്‍കിയതെന്ന് വിജയസേനന്‍ പറഞ്ഞു. ഉത്രയുടെ സ്വത്തില്‍ അവകാശം ഉന്നയിക്കാനായി മുന്‍പ് കുഞ്ഞിനെ സൂരജിന്റെ വീട്ടുകാര്‍ കൊണ്ടുപോയിരുന്നു. എന്നാല്‍ ശിശുക്ഷേമ സമിതി ഇടപെട്ട് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് നല്‍കി.
അമ്മയില്ലാത്തതിന്റെ യാതൊരു കുറവും അറിയാതെ മുത്തച്ഛന്റെയും, മുത്തശ്ശിയുടെയും, മാമന്‍ വിഷ്ണുവിന്റെയും പൊന്നോമനയായി അവന്‍ വളരുന്നു. ഉത്രയുടെ ചിത്രത്തിന് മുന്നില്‍ പോയി തൊഴുത് ഉമ്മ കൊടുത്ത ശേഷമാണ് കുട്ടിയുടെ ഒരോ ദിവസവും ആരംഭിക്കുന്നത്.കഴിഞ്ഞ വര്‍ഷം മേയ് ഏഴിനാണ് ഉത്ര പാമ്പ് കടിയേറ്റ് മരിച്ചത്. ആദ്യം സ്വാഭാവിക മരണമാണെന്ന് കരുതിയെങ്കിലും പിന്നീട് നടന്ന അന്വേഷണത്തില്‍ ഉത്രയെ സൂരജ് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. അന്ന് ഒരു വയസ് മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം.
ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു എന്ന ആരോപണം പല തവണയാണ് സൂരജ് നിഷേധിച്ചത്. പ്രോസിക്യൂഷന്‍ ഭാഗം രേഖകളുടെയും തെളിവിന്റെയും അടിസ്ഥാനത്തിലാണ് പ്രതി സൂരജില്‍ നിന്ന് അഡി.സെഷന്‍സ് ജഡ്ജി എം.മനോജ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. 692 ചോദ്യങ്ങളിലാണ് സൂരജില്‍ നിന്നു വിശദീകരണം തേടിയത്.
തനിക്കെതിരെ വിവിധ സാക്ഷികള്‍ നല്‍കിയ മൊഴികള്‍ കളവാണെന്നാണ് പ്രതി സൂരജ് വിശദീകരിച്ചത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു എന്ന ആരോപണം നിഷേധിച്ച സൂരജ് തനിക്ക് പാമ്പിനെ കൈകാര്യം ചെയ്യാന്‍ അറിയില്ല എന്നും വിശദീകരണത്തില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം പോലീസ് ഇത് പൊളിച്ചടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























