കോട്ടായിയിൽ യുവതി തൂങ്ങി മരിച്ച സംഭവം... ഭർത്താവ് അറസ്റ്റിൽ

ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് ഭാര്യയെ വിശ്വസിപ്പിച്ചു. പക്ഷെ യഥാർത്ഥത്തിൽ ഭാര്യയെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു ശിവദാസനെന്ന് പോലീസ്. കോട്ടായിയിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. ദീപിക എന്ന യുവതി മരിച്ച കേസിൽ ഭർത്താവ് ശിവദാസനാണ് (32) അറസ്റ്റിലായത്.
കഴിഞ്ഞ 25 നാണ് വീട്ടിൽ ദീപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാണെന്നായിരുന്നു പ്രാഥമിക നിഗമനത്തിലുണ്ടായിരുന്നത്. എന്നാൽ, ശിവദാസന്‍റെ മൊഴികളിലെ വൈരുദ്ധ്യം പൊലീസിന് സംശയത്തിനിടയാക്കി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ആറു വർഷം മുമ്പാണ് ശിവദാസനും ദീപികയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇരുവർക്കും കുട്ടികൾ ഇല്ല. ഇതിന്‍റെ കടുത്ത മനോവിഷമത്തിലായിരുന്നു ദീപിക. ഇത് ചൂഷണം ചെയ്യാനായി തീരുമാനിച്ച ശിവദാസൻ, ഒരുമിച്ച് മരിക്കാമെന്ന് ദീപികയെ പറഞ്ഞ് വിശ്വസിപ്പിച്ചു.
ഒരു സാരിയിൽ ഒരുമിച്ച് തൂങ്ങി മരിക്കാനായിരുന്നു തീരുമാനം. സാരികൊണ്ട് രണ്ട് കുരുക്കുണ്ടാക്കി. എന്നാൽ, ദീപിക കുരുക്കിൽ പിടഞ്ഞ് മരിക്കുമ്പോൾ ശിവദാസൻ മാറി നിൽക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ ഇയാൾ സമീപവാസികളെ വിവരമറിയിക്കുകയും ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയും ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡിലാക്കി. ആത്മഹത്യ പ്രേരണകുറ്റമാണ് ഇപ്പോൾ ശിവദാസനെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതൽ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തുമെന്ന് പൊലീസ്.
"
https://www.facebook.com/Malayalivartha

























