മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യു ഓര്‍മയായിട്ട് ഇന്ന് മൂന്നാണ്ട്....

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യു (20) ഓര്‍മയായിട്ട് വെള്ളിയാഴ്ച മൂന്നു വര്‍ഷം തികയും. കേസില്‍ നേരിട്ട് പങ്കാളികളായ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാനായെങ്കിലും കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല. 2018 ജൂലായ് രണ്ടിന് പുലര്‍ച്ചെയാണ് കാമ്പസില്‍ വെച്ച് അഭിമന്യു കൊല്ലപ്പെട്ടത്.
കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുഹൃത്തായ അര്‍ജുനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പോപ്പുലര്‍ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേരാണ് ആക്രമണത്തില്‍ നേരിട്ട് പങ്കാളികളായത്. ആദ്യം എറണാകുളം സെന്‍ട്രല്‍ സി.ഐ. അന്വേഷിച്ച കേസ് പിന്നീട് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.ടി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി.
അഭിമന്യു കൊല്ലപ്പെട്ട് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴും കുത്തി വീഴ്ത്തിയവരെ പിടികൂടാനായില്ലായിരുന്നു. പിന്നീട് അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജുനെ കുത്തിയ 12-ാം പ്രതി മുഹമ്മദ് ഷഹിം 2019 നവംബറില്‍ കീഴടങ്ങി. അഭിമന്യുവിനെ കുത്തിയ പത്താം പ്രതി സഹല്‍ ഹംസ ഒളിവിലായിരുന്നു. ഒടുവില്‍ കോവിഡ് രൂക്ഷമായതോടെ കര്‍ണാടകയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സഹല്‍ 2020 ജൂണ്‍ 18-ന് കോടതിയില്‍ കീഴടങ്ങി.
അഭിമന്യുവിനെ കുത്തിയ കത്തിക്കായി സഹലുമായി പോലീസ് തെളിവെടുപ്പ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെണ്ടുരുത്തി പാലത്തില്‍നിന്ന് ആയുധം കായലിലെറിഞ്ഞെന്നായിരുന്നു സാക്ഷിമൊഴി.
അഭിമന്യുവിന്റെ രക്തം പുരണ്ട സഹലിന്റെ വസ്ത്രവും കായലില്‍ എറിഞ്ഞു എന്നായിരുന്നു മൊഴി. തുടര്‍ന്ന് പാലത്തിനു താഴെ കായലില്‍ അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബ ടീമിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും ആയുധം കണ്ടെടുക്കാനായില്ല.ആയുധം കണ്ടെത്താന്‍ നടത്തിയ തെളിവെടുപ്പ് വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
1,500 പേജ് കുറ്റപത്രം നേരത്തെ തന്നെ അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. കേസില്‍ പ്രാരംഭ വിചാരണ ആരംഭിച്ചെങ്കിലും കോവിഡ് പ്രതിസന്ധിമൂലം നിര്‍ത്തിവെച്ചു.
https://www.facebook.com/Malayalivartha
























