ഭർത്താവിനെ അടക്കം ചെയ്ത സ്ഥലത്ത് ദഹിപ്പിക്കണമെന്ന് അവസാന ആഗ്രഹം; കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം ഭൂമി തർക്കത്തിന്റെ പേരിൽ വിട്ടുകിട്ടാൻ വൈകിയതോടെ, കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം വിട്ടുകിട്ടാൻ വൈകിയതോടെ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി മകൻ. ഇതോടെ കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. കോഴിക്കോട് ഉള്ളിയേരി മുണ്ടോത്ത് സ്വദേശി പറായിയാണ് കഴിഞ്ഞ ബുധനാഴ്‌ച കൊവിഡ് ചികിത്സക്കിടെ മരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങ് നടത്താമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും അത് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നായിരുന്നു നാട്ടുകാരുടെ പരാതി. മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറി ആദ്യം നിർദേശം നൽകിയിരുന്നു. എന്നാൽ ഭൂമി മറ്റൊരു സംഘടനയുടേതെന്ന് അവകാശപ്പെട്ട് മൃതദേഹം ദഹിക്കാൻ അനുവദിക്കില്ലെന്ന് പരാതിക്കാർ പറഞ്ഞതോടെ തർക്കമാവുകയായിരുന്നു.
മരണമടഞ്ഞ ഒതയോത്ത് വീട്ടില്‍ പറായും കുടുംബവും പതിറ്റാണ്ടുകളായി ഉള്ളേരിയില്‍ രണ്ടര ഏക്കര്‍ പുരയിടത്തിലെ അഞ്ച് സെന്റ് സ്ഥലത്താണ് താമസിക്കുന്നത്. ഈ ഭൂമിയില്‍ കുടിയിടപ്പവകാശത്തെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഇവിടെയാണ് പറായുടെ ഭര്‍ത്താവിനെ സംസ്ക്കരിച്ചത്. താന്‍ മരിക്കുമ്പോൾ ഇവിടെ തന്നെ സംസ്ക്കരിക്കണമെന്നായിരുന്നു പറായി മക്കളോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. മൃതദേഹം ദഹിപ്പിക്കാനുള്ള നടപടിയുമായി ബന്ധുക്കള്‍ മുന്നോട്ട് പോകുന്നതിനിടെ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് നടപടി നിര്‍ത്തിവയ്ക്കുകയായിരുന്നു. തുടർന്ന് തര്‍ക്കം നീണ്ടതോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
ഭർത്താവ് കണ്ഠനെ അടക്കം ചെയ്ത സ്ഥലത്ത് ദഹിപ്പിക്കണമെന്ന് അമ്മ പറായി പറഞ്ഞിരുന്നതായി മക്കൾ രാജുവും പുഷ്പയും സ്ഥലത്ത് എത്തിയ അത്തോളി പോലീസിനെ ബോധ്യപ്പെടുത്തിയിരുന്നു. അടുത്ത ദിവസവും പ്രശ്ന പരിഹാരം നീണ്ടതോടെ പറായുടെ മകന്‍ രാജു മലബാര്‍ മെഡിക്കല്‍ കോളേജ് കെട്ടിടത്തിൽ കയറി അത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. രാജു ആത്മഹത്യ ഭീഷണി മുഴക്കിയ വിവരമറിഞ്ഞതോടെ നിരവധി ആളുകളായിരുന്നു ആശുപത്രി പരിസരത്ത് തടിച്ച് കൂടിയത്. വിവമറിഞ്ഞ് സ്ഥലത്ത് എത്തിയ അത്തോളി പോലീസിനെ രാജുവും, സഹോദരി പുഷ്പയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. പിന്നാലെ ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. അത്തോളി സി ഐ, തഹസില്‍ദാര്‍, വാര്‍ഡ് മെമ്പർ ബൈജു കുമുള്ളി എന്നിവര്‍ സ്ഥലത്ത് എത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായില്ല. ഒടുവില്‍ ബന്ധുക്കള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് രാജു തന്റെ പ്രതിഷേധം അവസാനിപ്പിച്ചത്.
ഒടുവില്‍ മൃതദേഹം വീട്ടുവളപ്പില്‍ തന്നെ സംസ്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ സംസ്ക്കാരം നടത്തണമെന്ന ആവശ്യത്തില്‍ വീട്ടുക്കാര്‍ ഉറച്ച് നിന്നതാണ് തര്‍ക്കത്തിന് കാരണം. ഒടുവില്‍ മരണപ്പെട്ട കുടുംബത്തിന്റെ വികാരം മനസ്സിലാക്കണമെന്ന കളക്ടറുടെ നിര്‍ദ്ദേശം മറു വിഭാഗം അംഗീകരിക്കുക ആയിരുന്നു. തര്‍ക്കങ്ങള്‍ തീര്‍ന്നതോടെ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംസ്ക്കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്.
https://www.facebook.com/Malayalivartha
























