എംജി സർവ്വകലാശാലയിലെ 20 വിദ്യാർത്ഥികളുടെ ഉത്തര കടലാസ് കാണാനില്ല.. മൂല്യനിർണയത്തിനായി അദ്ധ്യാപകനെ ഏൽപ്പിച്ചതാണ് ..റിസൾട്ട് അന്വേഷിച്ചു കുട്ടികൾ എത്തിയപ്പോൾ സർവകലാശാല കൈ മലർത്തി... ഇനി വീണ്ടും പരീക്ഷ എഴുതിയാൽ ഫലം പ്രസിദ്ധീകരിക്കാമെന്നാണ് സർവ്വകലാശാലയുടെ നിലപാട് ..പക്ഷെ പരീക്ഷ എഴുതാനുള്ള രജിസ്‌ട്രേഷൻ കാലാവധിയും അവസാനിച്ചിരിക്കുകയാണ്

എംജി സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ ഉത്തര കടലാസ് കാണാനില്ല. മൂല്യനിർണയത്തിനായി അദ്ധ്യാപകനെ ഏൽപ്പിച്ച 20 ബികോം വിദ്യാർത്ഥികളുടെ അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരകടലാസാണ് അധ്യാപകന്റെ കയ്യിൽ നിന്ന് കാണാതായത് . . തൊടുപുഴ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അഞ്ചാം സെമസ്റ്ററിന്റെ ഫലം വന്നപ്പോൾ 20 പേരുടെ കോസ്റ്റ് അക്കൗണ്ടിംഗ് പരീക്ഷാ ഫലം മാത്രം പ്രസിദ്ധീകരിച്ചില്ല. സർവ്വകലാശാലയിൽ അന്വേഷിച്ചപ്പോഴാണ് 20 പേരുടെയും ഉത്തരക്കടലാസ് കാണാനില്ലെന്ന് അറിയുന്നത്. പരിഭ്രാന്തരായ കുട്ടികൾ കോളേജ് വഴി അന്വേഷിച്ചപ്പോൾ മൂല്യനിർണയത്തിനായി അദ്ധ്യാപകനെ ഏൽപ്പിച്ച ഉത്തരക്കടലാസാണ് കാണാതായതെന്ന് വ്യക്തമായി.
ഇനി വീണ്ടും പരീക്ഷ എഴുതിയാൽ മാത്രമേ ഫലം പ്രസിദ്ധീകരിക്കൂ എന്ന് സർവ്വകലാശാല അറിയിച്ചതായും വിദ്യാർത്ഥികൾ പറയുന്നു. എന്നാൽ വീണ്ടും പരീക്ഷ എഴുതാനുള്ള രജിസ്‌ട്രേഷൻ കാലാവധി അവസാനിച്ചിരിക്കുകയാണ്.
സർവ്വകലാശാലയുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ നടത്താനുള്ള സൗകര്യം ഒരുക്കിയെന്നും ഫീസ് ഈടാക്കില്ലെന്നും കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം സർവ്വകലാശാലയുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയായതിനാൽ ഇന്റേണൽ മാർക്ക് അടിസ്ഥാനമാക്കി മൂല്യനിർണയം നടത്തണം എന്നും മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയ അദ്ധ്യാപകനെതിരെ നടപടി വേണമെന്നും ആണ് വിദ്യാർത്ഥികളുടെ ആവശ്യം.
https://www.facebook.com/Malayalivartha