പീഡനം എതിര്‍ത്ത വിധവയെ കുത്തിക്കൊലപ്പെടുത്തിയ കടക്കാവൂര്‍ ശാരദാ കൊലക്കേസ്... പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി, ശിക്ഷാ വിധി 19 ന്

ബലാല്‍സംഗത്തെ എതിര്‍ത്ത വിധവയെ കുത്തിക്കൊലപ്പെടുത്തിയ കടക്കാവൂര്‍ ശാരദാ കൊലക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി 19 ന് പ്രഖ്യാപിക്കും.
തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയെ വിചാരണ ചെയ്തത്. പ്രതിയായ കടക്കാവൂര്‍ കീഴാറ്റിങ്ങല്‍ പനയില്‍ക്കോണം സ്വദേശി മണികണ്ഠന്‍ (35) ആണ് വിചാരണ നേരിട്ടത്.
2008 ഡിസംബര്‍ 9 ന് രാത്രി 9 നാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു കൊല്ലപ്പെട്ട ശാരദ. പ്രതി ശാരദയുടെ അയല്‍ക്കാരനാണ്.
സംഭവ ദിവസം രാത്രി 9 ന് പ്രതി കുടിക്കാന്‍ വെള്ളം ചോദിച്ച് ശാരദയുടെ വീട്ടില്‍ കയറി. ലൈംഗിക വേഴ്ചക്കായി കടന്നുപിടിച്ച സമയം ശാരദ വഴങ്ങാതെ ഒച്ച വച്ചു. തല്‍സമയം പ്രതി കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് ശാരദയുടെ നെഞ്ചിലും വയറിലും കുത്തി പരിക്കേല്‍പ്പിച്ചു. നിലവിളി കേട്ട് പരിസരവാസികള്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതി ഓടിപ്പോയി.
മൂന്നാം നാളാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് 3 ദിവസം മുമ്പ് പ്രതി മനു എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഹൈക്കോടതി ജാമ്യം നിരസിച്ച് കല്‍ തുറുങ്കില്‍ കഴിഞ്ഞാണ് പ്രതി വിചാരണ നേരിട്ടത്.
"
https://www.facebook.com/Malayalivartha