കശുവണ്ടിപ്പരിപ്പിന്റെ ലഭ്യതക്കുറവ് കാരണം ഓണക്കിറ്റില്‍ നിന്ന് കശുവണ്ടി ഒഴിവാക്കി, പകരം മറ്റ് സാധനങ്ങളിൽ ഏതെങ്കിലും ഒന്ന് അധികമായി ലഭിക്കും

ഇത്തവണത്തെ സ്പെഷ്യല്‍ ഓണക്കിറ്റില്‍ കശുവണ്ടിപ്പരിപ്പില്ല. കിറ്റിലുള്‍പ്പെടുത്താനുള്ള കശുവണ്ടിപ്പരിപ്പ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇതില്ലാത്തത്. പകരം കായം, പുളി, ആട്ട, പഞ്ചസാര എന്നിവയില്‍ ഏതെങ്കിലും ഒന്ന് അധികമായി ലഭിക്കുന്നതാണ്.
ഓണക്കിറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സപ്ലൈകോ മേഖലാ മാനേജര്‍മാരുടെയും, വകുപ്പ് മേധാവികളുടെയും യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് കശുവണ്ടിയുടെ ലഭ്യതക്കുറവ് ചര്‍ച്ചയായത്. തുടര്‍ന്ന് മറ്റുള്ളവയില്‍ ഏതെങ്കിലും ഒരു ഉത്പന്നം അധികമായി നല്‍കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു. 50 ഗ്രാം കശുവണ്ടിപ്പരിപ്പാണ് ഓണക്കിറ്റില്‍ നല്‍കാനിരുന്നത്.
എന്നാല്‍ ഈ നീക്കം ഉപേക്ഷിച്ചതോടെ 50 ഗ്രാം കായം/ കായപ്പൊടി, 250 ഗ്രാം ശബരി പുളി, ഒരു കിലോ ഗ്രാം ആട്ട, ഒരു കിലോ ഗ്രാം പഞ്ചസാര എന്നിങ്ങനെ ഏതെങ്കിലും ഉത്പന്നം നല്‍കും. ഇതുമായി ബന്ധപ്പെട്ട് സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ മേഖലാ ഡിപ്പോ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























