17ആം തീയതി അജിത് ഭാസ്കരന്റെ ഒന്നാം ചരമവാർഷിക ദിനമാണ്; ജനകീയാസൂത്രണ സെല്ലിൽ ഉണ്ടായിരുന്ന മറ്റു പ്രവർത്തകരിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു അജിത് ഭാസ്കരൻ; പരിഷത്ത്, സാക്ഷരത, വിഭവ ഭൂപടം തുടങ്ങിയവയുമായി പറയത്തക്കബന്ധമൊന്നും ഇല്ല; ക്വാളിഫിക്കേഷൻ ഒന്നു മാത്രം; അഴിമതി പുരളാത്ത എഞ്ചിനീയർ; കുറിപ്പുമായി തോമസ് ഐസക്

ജനകീയാസൂത്രണ ചരിത്രം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയാണ് മുൻ മന്ത്രി തോമസ് ഐസക്. കഴിഞ്ഞ ദിവസം സംഭവബഹുലമായ ഒരു കുറിപ്പാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ജനകീയാസൂത്രണ സെല്ലിൽ ഉണ്ടായിരുന്ന മറ്റു പ്രവർത്തകരിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്ന അജിത് ഭാസ്കരനെ പരിചയപ്പെടുത്തുകയാണ് അദ്ദേഹം. 17-ാം തീയതി അജിത് ഭാസ്കരന്റെ ഒന്നാം ചരമവാർഷിക ദിനമാണ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
17-ാം തീയതി അജിത് ഭാസ്കരന്റെ ഒന്നാം ചരമവാർഷിക ദിനമാണ്. ജനകീയാസൂത്രണ സെല്ലിൽ ഉണ്ടായിരുന്ന മറ്റു പ്രവർത്തകരിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു അജിത് ഭാസ്കരൻ. പരിഷത്ത്, സാക്ഷരത, വിഭവ ഭൂപടം തുടങ്ങിയവയുമായി പറയത്തക്കബന്ധമൊന്നും ഇല്ല. ക്വാളിഫിക്കേഷൻ ഒന്നു മാത്രം.
അഴിമതി പുരളാത്ത എഞ്ചിനീയർ. ഇതിനായി എത്ര വേണമെങ്കിലും പണിയെടുക്കാൻ തയ്യാറും. അജിതിനെ ഞങ്ങൾക്കു പരിചയപ്പെടുത്തിയതു കായംകുളം കോർഡിനേറ്റർ ആയിരുന്ന മോഹൻലാലാണ്. ഇങ്ങനെയുള്ള കുറച്ച് എഞ്ചിനീയർമാർ വേണം. മോഹൻലാലിനോടും സംസാരിച്ചിരുന്നു. ഒരു ദിവസം മോഹൻലാൽ ഇത്തരമൊരാളുടെ വിശദാംശങ്ങളുമായി പ്ലാനിംഗ് ബോർഡിൽ എത്തി.
അജിത് ഭാസ്കരൻ കായംകുളത്തെ മൈനര്‍ ഇറിഗേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയറാണ്. ഔദ്യോഗിക ആവശ്യത്തിന് എഇയെ കാണാന്‍ മോഹൻലാൽ പോയതാണ്. എഇ സ്ഥലത്തില്ല. ഒരു കത്ത് കൊടുത്തു പോന്നു. ഓഫീസിൽ സീറ്റിൽ ഇരുന്നതേയുള്ളൂ. ഒരു സുമുഖൻ കടന്നുവന്നു. ജീന്‍സ് ആണു വേഷം. ഫുള്‍ സ്ലീവ് ഷര്‍ട്ട് ഇന്‍സര്‍ട്ട് ചെയ്ത്, വിലകൂടിയ ഷൂ ആണ് ഇട്ടിരിക്കുന്നത്, കൂളിംഗ് ഗ്ലാസ്. ഒരു വിദേശി ലുക്കും.
അടുത്തു വന്നു ഒറ്റ ചോദ്യം. You Mr. Mohanlal? അതേ എന്ന് മോഹൻലാലിന്‍റെ ഉത്തരം കാത്തു നില്ക്കാതെ പറഞ്ഞു I am Ajith Baskaran, AE, Minor Irrigation. ജനകീയാസൂത്രണത്തെക്കുറിച്ചു മോഹൻലാൽ വാചാലനായി. അടുത്ത ചോദ്യം അജിത്തില്‍ നിന്ന് വന്നു. ഇതു കൊണ്ടൊക്കെ എന്താ നിങ്ങളുടെ ഉദ്ദേശം.
ഒറ്റ ശ്വാസത്തില്‍ മോഹൻലാൽ പറഞ്ഞു Corruption Less Transparent Governance. ഇതൊന്നും നടക്കില്ല എന്നായിരുന്നു അയാളുടെ പ്രതികരണം. അതിനു കുറെ അനുഭവ സാക്ഷ്യവും പറഞ്ഞു. തുടര്‍ന്ന് ഒരു ഹസ്തദാനത്തോടെ മോഹൻലാലിനോട് വീണ്ടുമൊരു ചോദ്യം ഞാന്‍ അഴിമതിക്കാരനല്ല, എന്തുവന്നാലും നിലപാടിൽ ഉറച്ചുനില്ക്കുമോ? Yes എന്നു മറുപടി പറയാൻ മോഹൻലാലിന് ഒരു പ്രയാസവുമുണ്ടായില്ല. ഒരു ചായ കുടിച്ചു പിരിഞ്ഞു.
കായംകുളം നഗരസഭയുടെ ആസൂത്രണ നിര്‍വ്വഹണ രംഗത്ത് ഇവരുടെ കൈകൊര്‍ക്കല്‍ അഴിമതിക്കെതിരെ വലിയ പ്രതിരോധം ഉയർത്തി. ഇങ്ങനെയിരിക്കുമ്പോഴാണു കോർഡിനേറ്റർമാരുടെ യോഗത്തിൽ അഴിമതിരഹിതരായ ഉദ്യോഗസ്ഥരെ നമ്മള്‍ പരമാവധി പ്രൊജക്ട് ചെയ്യണം. അവരെ മുന്നില്‍ നിര്‍ത്തണമെന്നും മറ്റും പറഞ്ഞത്.
മോഹൻലാൽ എന്നെ കണ്ടു. അജിത്തിനെ കാണാൻ എ.ആർ. വേലായുധൻപിള്ള കായംകുളം മുനിസിപ്പിലാറ്റിയിൽച്ചെന്നു. അങ്ങനെയാണു ഡെപ്യൂട്ടേഷനിൽ സംസ്ഥാന ആസൂത്രണ ബോർഡിലേയ്ക്കു പോന്നത്. എആർവി, പി.സി. ബാലൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം എഞ്ചിനീയർമാരുടെ ഗ്രൂപ്പ് സംസ്ഥാനതലത്തിൽ ഉണ്ടായിരുന്നു.
അന്ന് ഗുണഭോക്തൃ സമിതികളെ കോൺട്രാക്ടർ രാജിൽ നിന്നും രക്ഷിക്കാനുള്ള വലിയൊരു പോരാട്ടം തന്നെ നടത്തുകയായിരുന്നു. എവിടെയൊക്കെ പ്രശ്നങ്ങൾ രൂക്ഷമാണോ അവിടെയെല്ലാംചെന്ന് ഇടപെടുന്നതിനുള്ള ഒരു റാപ്പിഡ് ആക്ഷൻ ഫോഴ്സായിരുന്നു ഞങ്ങളുടെ എഞ്ചിനീയറിംഗ് ഗ്രൂപ്പ്.
ഇതിലെ ഏറ്റവും സജീവ അംഗമായി അജിത്ത്. ഞങ്ങളെ ആരേയും പോലെ രാപ്പകൽ പ്രവർത്തിക്കുന്ന സെല്ലിലെ അംഗം. എല്ലാവരുടേയും പ്രിയപെട്ടവനായ് അജിത്ത് മാറി. ജനകീയാസൂത്രണത്തിനുശേഷം മാരാരിക്കുളം വികസന പദ്ധതിയിലും ഔദ്യോഗിക സമയത്തിനു പുറത്തു സഹായത്തിനു വന്നിരുന്നു. ആലപ്പുഴ – ചേർത്തല കനാലിന്റെ സമ്പൂർണ്ണ എഞ്ചിനീയറിംഗ് സർവ്വേ പൂർത്തിയാക്കി റിപ്പോർട്ടായി തന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ പഞ്ചായത്തുകൾക്കു ഹരിലായി പദ്ധതിയിൽ കേന്ദ്രസർക്കാരിൽ നിന്നും പണം ലഭിച്ചത്. അധികം താമസിയാതെ അമേരിക്കയിലേയ്ക്കു കുടിയേറി. ഫില ഡാൽഫിയയിൽ ആയിരുന്നു. റിച്ചാർഡ് ഫ്രാങ്കി അടക്കമുള്ള എന്‍റെ സുഹൃത്തുകളോട് അജിത്ത് സൗഹൃദം നിലനിര്‍ത്തി. ഇവിടെ നിന്നു അമേരിക്കയില്‍ എത്തുന്നവര്‍ക്ക് ആദിത്യം അരുളാനും അജിത്ത് ഒരു പിശുക്കും കാണിച്ചില്ല.
ആദ്യതവണ മന്ത്രിയായിരുന്നപ്പോൾ ഉണ്ടായ രസകരമായ ഒരു അനുഭവം ഞാൻ മറക്കില്ല. ജനീവയ്ക്ക് വിമാനം വൈകുന്നേരമായിരുന്നു. അതുകൊണ്ട് ന്യുയോർക്കിലെ സ്ട്രാൻഡ് ബുക്ക് സ്റ്റോളിൽ ഇറക്കിയാൽ ഞാൻ കുറച്ചുകഴിഞ്ഞ് വിമാനത്താവളത്തിലേയ്ക്ക് പൊയ്ക്കോളാം എന്നു പറഞ്ഞതനുസരിച്ച് ചില ഔദ്യോഗിക കാര്യങ്ങൾക്കായി അജിത്ത് പോയി.
സ്ട്രാൻഡ് ബുക്ക് സ്റ്റോളിന്റെ പരസ്യം തന്നെ 10 മൈൽ നീളത്തിൽ ഷെൽഫ് എന്നാണ്. അതുകൊണ്ട് അതിനുള്ളിൽ കയറിയാൽ സമയം പോകുന്നത് അറിയില്ല. അതുതന്നെയാണു സംഭവിച്ചത്. വിമാനത്താവളത്തിൽ എത്തിയപ്പോഴേയ്ക്കും ഗേറ്റ് പൂട്ടിയിരുന്നു.
പിന്നെ, അജിത്തിനെ വിളിച്ചു. അങ്ങേ തലയ്ക്കൽ നിന്നും ചിരിയാണ്. പതിവുപോലെ പുസ്തകശാലയിൽ ഇരുന്നു വിമാനം മിസ്സാകുമെന്ന് ഒരു തോന്നൽ ഉണ്ടായത്രേ. അതുകൊണ്ട് ന്യുയോർക്കിൽ ചുറ്റിക്കറങ്ങുകയായിരുന്നു. എന്നെ തിരിച്ച് ഫിലാ ഡാൽഫിയയിൽ അജിത്തിന്റെ വീട്ടിൽകൊണ്ടുപോയി.
പിന്നെ, ബുക്കിംഗ് തരപ്പെടുത്തി വിമാനത്തിൽ കയറ്റിവിട്ടു. എപ്പോൾ വിളിച്ചാലും ഈ അനുഭവം ചെറിയൊരു ചിരിക്കു വകനൽകാറുണ്ട്. കോവിഡിനുശേഷം കേരളത്തിലേയ്ക്കു വരാമെന്ന് ഫോൺ ചെയ്ത് ഉറപ്പു നൽകിയതാണ്. പക്ഷെ, ഇനി വരില്ല.
https://www.facebook.com/Malayalivartha























