സഹകരണ സംഘത്തിൽ ക്രമക്കേടുകൾ ഉണ്ടെന്ന് തോന്നിയാൽ നേരെ കേന്ദ്ര ഗവൺമെന്റ് ഓഫീസുകളിൽ അല്ല ചെല്ലേണ്ടത്; കെ ടി ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ചെന്നതിന് പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്; ആർഎസ്എസിനെ സുഖിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു അത്; കെ ടി ജലീൽ മറ്റൊരു അബ്ദുള്ളകുട്ടിയാകാൻ ശ്രമിക്കുകയാണെന്ന് സിപി ജോൺ

മലപ്പുറം ജില്ലയിലെ എ ആർ നഗർ സഹകരണബാങ്കിൽ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കടക്കം അനധികൃതമായ സമ്പാദ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപണവുമായി കെ ടി ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ നേരിട്ട് പോയി കാണുകയുണ്ടായി.
വാസ്തവത്തിൽ ഭരണകക്ഷിയുടെ എംഎൽഎ മുൻ മന്ത്രി ഒരു പ്രാഥമിക സഹകരണ സംഘത്തിൽ ക്രമക്കേടുകൾ ഉണ്ടെന്ന് തോന്നിയാൽ തന്നെ നേരെ കേന്ദ്ര ഗവൺമെന്റ് ഓഫീസുകളിൽ അല്ല ചെല്ലേണ്ടതെന്ന് നമ്മുടെ ഭരണക്രമത്തിന്റെ ബാലപാഠങ്ങൾ പഠിച്ചവർക്കെല്ലാം അറിയാം. പക്ഷേ കെ ടി ജലീൽ ചെന്നത് തനിക്ക് പരിചയമുള്ള ഇഡി ഓഫീസിലാണ്.
ഇഡിയുടെ മുന്നിൽ കയ്യുംകെട്ടി നോക്കി നിന്ന കെ ടി ജലീലിനെ നമുക്ക് ഓർമ്മയുണ്ട്. ഈന്തപ്പഴത്തിന്റെ കേസിലും സ്വർണക്കടത്തു നടത്തിയെന്ന ആരോപണങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഒരു മന്ത്രി എന്ന നിലവിട്ടു യുഎഇയുടെ കോൺസുലേറ്റ് സന്ദർശിച്ചു എന്ന ആരോപണവും അദ്ദേഹത്തിന്റെ പേരിലുണ്ട്.
അതിന്റെയെല്ലാം പേരിൽ കേന്ദ്ര ഗവൺമെന്റ് നിരീക്ഷണ പട്ടികയിൽ പെട്ട വ്യക്തിയാണ് കെ ടി ജലീൽ. അദ്ദേഹം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ചെന്നതിന് പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്. ആർഎസ്എസിനെ സുഖിപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണത്.
ആർഎസ്എസിനെ സുഖിപ്പിക്കാൻ ആർഎസ്എസ് നല്ലൊരു സംഘടനയാണ് എന്ന് പറയാൻ കെ ടി ജലീലിന് കഴിയുകയില്ലല്ലോ. അപ്പോൾ അവർക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും പറയണം. അവർക്ക് ഇഷ്ടപ്പെട്ട കാര്യം സഹകരണ പ്രസ്ഥാനത്തിൽ കള്ളപ്പണം ഉണ്ട് എന്നതും അത് മുസ്ലിം ലീഗും ആയി ബന്ധപ്പെട്ട് കിടക്കുന്നു എന്നതുമാണ്.
അങ്ങനെ വരുമ്പോൾ ആവശ്യത്തിനു മുസ്ലിംവിരോധമായി സഹകരണ വിരോധമായി. ഈ രണ്ടു ചേരുവയും ചേർത്താൽ ആർഎസ്എസിന്റെ നല്ല കുട്ടി എന്ന പട്ടികയിൽ വരും എന്നാണ് അദ്ദേഹം കരുതിയത്.
ഏതായാലും മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സെക്രട്ടറിയും സഹകരണ മന്ത്രിയും കെ ടി ജലീലിന്റെ നടപടിയെ എതിർത്തത് സ്വാഗതം ചെയ്യുന്നു. പക്ഷേ കെ ടി ജലീലിനെ സൂക്ഷിച്ചു കൊള്ളണം.
കെ ടി ജലീൽ മറ്റൊരു അബ്ദുള്ളകുട്ടിയാകാൻ ശ്രമിക്കുകയാണ്. നാട്ടുഭാഷയിൽ പറഞ്ഞാൽ അബ്ദുള്ളക്കുട്ടിക്ക് പഠിക്കുകയാണ്. അദ്ദേഹത്തിന് നീക്കങ്ങൾ ഇനി എന്തെല്ലാം ആകുമെന്ന് നമുക്ക് നോക്കിയിരുന്നു കാണാം.
https://www.facebook.com/Malayalivartha























