''അസ്ഥികൂടം മാത്രമാണ് കിട്ടുന്നതെങ്കിൽ പോലും എനിക്ക് കൊണ്ടു പോകണം'' മാസങ്ങളായി ഒരു കുടുംബം തീ തിന്ന് കഴിയുകയാണ്.... കഫൻ ചെയ്ത രൂപമെങ്കിലും അവരെ കാണിക്കാൻ നിങ്ങൾ സഹായിക്കുമോ?' കരൾ പിളർക്കുന്ന ചോദ്യത്തിന് മുന്നിൽ ഒന്നിച്ച് ഇരിക്കൂർ ഗ്രാമം...

പണത്തിന്റെ പേരിൽ ഉണ്ടായ തർക്കത്തിൽ സുഹൃത്ത് ചുറ്റിക കൊണ്ട് തലയ്ക്കിടിച്ച് കൊന്ന ആഷിഖുൽ ഇസ്ലാമിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പെരുവളത്ത്പറമ്പ് സിദ്ദിഖ് നഗറിൽ പി.വി.മുനീറിന്റെ കെട്ടിട സമുച്ചയത്തിലെ ശൗചാലയത്തിന്റെ മൂലയിൽ ഒരു മീറ്ററോളം ആഴത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
കൊലപാതകം നടന്ന് രണ്ടു മാസങ്ങൾക്ക് ശേഷമാണ് ആഷിഖുൽ ഇസ്ലാമിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സുഹൃത്തും സഹപ്രവർത്തകനും ഒരേ നാട്ടുകാരനുമായ പരേഷ്നാഥ് മണ്ഡൽ (26) അറസ്റ്റിലായതോടെയാണ് ദൃശ്യം മോഡൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഒടുവിൽ
ശൗചാലയത്തിൽ നിന്ന് ആഷിഖുൽ ഇസ്ലാമിന്റെ അസ്ഥികൂടം മാത്രമാണ് കിട്ടുന്നതെങ്കിൽ പോലും തനിക്ക് നാട്ടിൽ എത്തിക്കണമെന്ന് കെഞ്ചുന്ന സഹോദരനെയായിരുന്നു കാണാൻ കഴിഞ്ഞത്.
ഉപ്പയും ഉമ്മയും സഹോദരന്റെ ഭാര്യയും, മക്കളും രണ്ട് മാസമായി തീ തിന്ന് കഴിയുകയാണെന്നും കഫൻ ചെയ്ത രൂപമെങ്കിലും അവരെ കാണിക്കാൻ നിങ്ങൾ സഹായിക്കുമോ എന്നുള്ള കരൾ പിളർക്കുന്ന ചോദ്യത്തിന് മുന്നിൽ ഇരിക്കൂർ ഗ്രാമം ഒന്നിക്കുകയായിരുന്നു.
സന്നദ്ധ സംഘടനകളടക്കമുള്ളവർ ചേർന്ന് മുർഷിദാബാദിൽ എത്താനാവശ്യമായ ഒരു ലക്ഷം രൂപ ഒരു മണിക്കൂറിനുള്ളിൽ സമാഹരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികളും പൊലീസ് നടപടികളും പൂർത്തിയാക്കി രാത്രി 8 മണിയോടെ ഗ്യാഫ് നിലാ മുറ്റത്തിന്റെ ആംബുലൻസിൽ ആഷിഖുൽ ഇസ്ലാമിന്റെ മൃതദേഹവുമായി രണ്ട് സഹോദരങ്ങളും യാത്രയായി.
ഡ്രൈവർ വി.ഫൈസലിന് കൂട്ടായി സുഹൃത്തായ കിണാക്കൂൽ ഷംസുദ്ദീനും കൂടെയുണ്ടായിരുന്നു. രാത്രി 8.30 ന് മുർഷിദാബാദിലെ മുത്തുരപൂർ ജുമാ മസ്ജിദിൽ മരണാനന്തര ക്രിയകൾക്കായി മൃതദേഹം എത്തിച്ചു . ഇതിനോടകം തന്നെ ഗ്രാമ നിവാസികൾ വാവിട്ട് നിലവിളിച്ച് മസ്ജിദ് പരിസരത്തെത്തിയിരുന്നു.
കപിൽപൂർ അതിർത്തി മുതൽ പൊലീസ് അകമ്പടിയോടെയാണ് ആംബുലൻസ് പോയത്. രാത്രി 11 മണിയോടെ അവശേഷിച്ച ശരീരഭാഗങ്ങൾ കഫൻ ചെയ്ത് ഖബറിലേക്കിറക്കി.
കഴിഞ്ഞ ജൂണ്‍ 28 ന് ഇരിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ മൂര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്ലാമിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയെ തുടർന്ന് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഷിക്കുലിനൊപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളെ കാണാനില്ലെന്ന് കണ്ടെത്തുകയായിരുന്നു.
റൂറല്‍ എസ്‌പി.യുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷണ സംഘം രൂപീകരിക്കുകയും, അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ അന്വേഷണത്തിൽ മുംബൈയില്‍ നിന്ന് പരേഷ്നാഥ് പിടിയിലാവുകയുമായിരുന്നു.
പെരുവളത്ത്പറമ്പ് സിദ്ദിഖ് നഗറിൽ ഇവർ ജോലി ചെയ്തിരുന്ന പി.വി.മുനീറിന്റെ കെട്ടിട സമുച്ചയത്തിലെ ശൗചാലയത്തിന്റെ മൂലയിൽ ഒരു മീറ്ററോളം ആഴത്തിൽ മൃതദേഹം കുഴിച്ചിട്ട് അതിന് മുകളിൽ കോൺക്രീറ്റ് ചെയ്ത നിലയിലായിരുന്നു. പ്രതി നൽകിയ വിവരമനുസരിച്ചാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























