നാടിന്‍റെ നന്മയ്ക്കായി ആത്മാര്‍ത്ഥമായി സേവനം ചെയ്യാന്‍ കഴിയട്ടെ!! സിവില്‍ സര്‍വിസ് പരീക്ഷയില്‍ സ്വപ്ന നേട്ടം സ്വന്തമാക്കി തൃശൂർ സ്വദേശി; എന്‍ജിനീയറിങ്ങില്‍നിന്ന് ഐ.എ.എസിലേക്ക് എത്തിയ മീരയ്ക്ക് അഭിനന്ദനപ്രവാഹം

പരിശ്രമിച്ചാൽ സ്വപ്നം സാക്ഷാത്കരിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് തൃശൂർ സ്വദേശി മീര. ഇത്തവണത്തെ സിവിൽ സർവിസ് പരീക്ഷയ്ക്ക് സ്വപ്ന നേട്ടം സ്വന്തമാക്കിയ തൃശൂര്‍ കോലഴി സ്വദേശി കെ. മീരക്ക് അഭിനന്ദനവുമായി മന്ത്രി കെ. രാജന്‍. ആറാം റാങ്ക് നേടിയ മീരയെ വീട്ടില്‍ എത്തിയാണ് മന്ത്രി അഭിനന്ദിച്ചത്.
മീര നാടിന്‍റെ അഭിമാനമാണെന്നും കേരള കേഡറില്‍തന്നെ സിവില്‍ സര്‍വിസ് ലഭിച്ചെന്നത് കൂടുതല്‍ സന്തോഷം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് മുഴുവന്‍ അഭിമാനകരമായ നിമിഷമാണിത്. റവന്യൂ കുടുംബത്തിലേക്ക് മീരയെ സ്നേഹപൂര്‍വം സ്വാഗതം ചെയ്യുകയാണെന്നും മന്ത്രി പറയുകയുണ്ടായി.
കോലഴി പോട്ടോരില്‍ രാംദാസിന്‍റെയും രാധികയുടെയും മകളായ മീരക്ക് ബംഗളൂരുവില്‍ ജോലി ചെയ്യുന്ന സമയത്താണ് സിവില്‍ സര്‍വിസ് പരീക്ഷ എഴുതണമെന്ന് ആഗ്രഹം തോന്നിയത്. നാലാം പരിശ്രമത്തിലാണ് മീര റാങ്ക് ഉറപ്പിച്ചത്.
തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് 2016 ബാച്ച് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. ഇത്രയും മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും വലിയ സന്തോഷമുണ്ടെന്നും മീര പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മീരയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. നാടിന്‍റെ നന്മയ്ക്കായി ആത്മാര്‍ത്ഥമായി സേവനം ചെയ്യാന്‍ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
കലക്ടര്‍ ഹരിത വി. കുമാര്‍, സേവ്യര്‍ ചിറ്റിലപ്പള്ളി എം.എല്‍.എ, ജനപ്രതിനിധികള്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മീരക്ക് മധുരം നല്‍കിയാണ് മന്ത്രി ആഘോഷത്തിന്‍റെ ഭാഗമായത്.
https://www.facebook.com/Malayalivartha
























