വത്സനെ ഇങ്ങെടുക്ക്വാ... ബിജെപി സംസ്ഥാന പ്രസിഡന്റായി സുരേഷ് ഗോപിയെ വേണോ വത്സന്‍ തില്ലങ്കേരിയെ വേണോ എന്ന ചര്‍ച്ച സജീവം; രണ്ട് പേര്‍ വന്നാലും ഒരു മാറ്റമുണ്ടാകുമെന്ന് വിശ്വസിച്ച് കേന്ദ്ര നേതൃത്വം; മുന്‍ തൂക്കം സുരേഷ് ഗോപിക്ക് തന്നെ

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ മാറ്റി പുതിയ പ്രസിഡന്റിനെ നിയമിക്കുമെന്ന വാര്‍ത്തകള്‍ വന്ന് തുടങ്ങിയിട്ട് കുറച്ച് നാളായി. ആദ്യം സുരേഷ് ഗോപിയുടെ പേരും പിന്നീട് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ പേരും ഉയര്‍ന്നു വന്നു.
സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് സുരേന്ദ്രന് ഇനി ഒരുവര്‍ഷം കൂടിയാണ് സമയമുള്ളത്. അതേസമയം ബിജെപിയിലെ ഗ്രൂപ്പുവഴക്കാണ് നേതൃമാറ്റത്തിന് കാരണം. ഇപ്പോള്‍ ബിജെപി മുഖമായി സംസ്ഥാനത്ത് മാധ്യമങ്ങളില്‍ നിറയുന്നത് സുരേഷ് ഗോപിയാണ്. അതുകൊണ്ട് തന്നെ സുരേഷ് ഗോപിക്ക് സാധ്യത ഏറെ കല്‍പിക്കുന്നത്.
എന്നാല്‍ തനിക്ക് സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. പക്ഷെ അത് വെറുതേ പറയുന്നതാണോ എന്നറിയില്ല. ഇതോടെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്ന് ആരെയെങ്കിലും നേതൃത്വത്തിലേക്ക് എത്തുമോയെന്ന ചര്‍ച്ചയും സജീവമായി. ആര്‍എസ്എസ് നേതാവും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനുമായ വത്സന്‍ തില്ലങ്കേരി ബിജെപിയില്‍ എത്തുമെന്ന സൂചനയും സജീവമാണ്.
ഇതിനിടെയാണ് നിലപാട് വ്യക്തമായി പറയാതെ വല്‍സന്‍ തില്ലങ്കേരിയുടെ പ്രതികരണം. ബിജെപി അധ്യക്ഷ സ്ഥാനത്തേയ്ക്ക് തന്റെ പേര് പരിഗണിക്കുന്നതായി അറിയില്ലെന്ന് വത്സന്‍ തില്ലങ്കേരി പ്രതികരിച്ചത്.
താന്‍ ഇപ്പോള്‍ ഹിന്ദു ഐക്യവേദി വര്‍ക്കിംഗ് പ്രസിഡന്റാണ്. അതിന്റെ പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ. ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ഉണ്ട്. അദ്ദേഹത്തിന്റെ കാലാവധി തീര്‍ന്നിട്ടില്ല. കാലാവധി തീര്‍ന്നാല്‍ സംഘടന സംവിധാനം ആലോചിച്ച് തീരുമാനിക്കുമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങള്‍ മാത്രം. താനുമായി ബിജെപി കേന്ദ്ര നേതൃത്വം അത്തരത്തില്‍ ഒര് ആശയ വിനിമയവും നടത്തിയിട്ടുമില്ല.
പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശം വന്നാല്‍ സ്ഥാനം ഏറ്റെടുക്കാന്‍ മാനസികമായി തയ്യാറാണൊ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു വല്‍സന്‍ തില്ലങ്കേരിയുടെ പ്രതികരണം..
ഇതിനിടെ കെ സുരേന്ദ്രനും നിലപാട് വ്യക്തമാക്കി. തന്നെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം തനിക്ക് അറിയില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പ്രസിഡന്റിന് മൂന്ന് വര്‍ഷം കാലാവധി നിശ്ചയിച്ചിട്ടില്ല. അങ്ങനെ കാലാവധി ഇല്ല. പാര്‍ട്ടിയ്ക്ക് വേണമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റാം. എത്ര കാലം വേണമെങ്കില്‍ നീട്ടി നല്‍കുകയും ചെയ്യാം. പത്രക്കാര്‍ അവരുടെ അറിവ് അനുസരിച്ച് എഴുതുന്നു. പിന്നീട് തിരുത്തുന്നു. അതാണല്ലോ നടക്കുന്നതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
പുതിയ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് സ്ഥാനങ്ങള്‍ എല്ലാം നല്ലതല്ലേ എന്നായിരുന്നു മറു ചോദ്യം. ഡല്‍ഹിയിലേയ്ക്ക് പോയത് രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ സുരേന്ദ്രനെ മാറ്റി പകരം സുരേഷ് ഗോപിയെയൊ, വത്സന്‍ തില്ലങ്കേരിയെയൊ പരിഗണിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം തന്നെ പ്രതികരിച്ചിരുന്നു.
സിനിമ നടനല്ല പ്രസിഡന്റ് സ്ഥാനത്ത് എത്തേണ്ടതെന്നായിരുന്നു സുരേഷ് ഗോപിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. കെ സുരേന്ദ്രനൊ, വി മുരളീധരനൊ വിചാരിച്ചാലും താന്‍ പ്രസിഡന്റ് ആകില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്രമന്ത്രി അമിത് ഷായും താന്‍ അധ്യക്ഷനാകണമെന്ന് പറയില്ല. രാഷ്ട്രീയത്തില്‍ കാല്‍വച്ച് വളര്‍ന്നവരാണ് ആ സ്ഥാനത്തേക്ക് വരേണ്ടതെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞു. എന്തായാലും ഇപ്പോള്‍ സുരേഷ് ഗോപിയിലേക്കും വത്സന്‍ തില്ലങ്കേരിയിലേക്കുമാണ് ചര്‍ച്ചകള്‍ നീളുന്നത്.
https://www.facebook.com/Malayalivartha
























