12 മണിക്കൂറിനിടെ 10 സെന്റിമീറ്റർ മഴ; പത്തനംതിട്ടയിൽ 2018ൽ പെയ്തതതിന് സമാനമായ മഴ; ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു കവിയുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി; ഏതു നിമിഷവും ഡാം തുറക്കും

സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ ഇന്ന് തുടരുകയാണ്. രാവിലെ മുതൽ കനത്ത മഴയാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. ഇപ്പോളിതാ പത്തനംതിട്ടയിൽനിന്നും അതിപ്രധാനമായ ഒരു വിവരം പുറത്തു വരികയാണ്. പത്തനംതിട്ടയിൽ കനത്ത മഴ പെയ്യുകയാണ്. 2018ൽ പെയ്ത മഴയ്ക്ക് സമാനമാണ് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്നത് എന്ന കാര്യമാണ് അതിൽ ഏറെ ശ്രദ്ധേയമായ കാര്യം.
അനൗദ്യോഗിക കണക്കുകൾ പ്രകാരം 12 മണിക്കൂറിനിടെ 10 സെന്റിമീറ്റർ മഴ പെയ്തു . ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു കവിയുകയാണ് . സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായി ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നുവെന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട് .
ഇതിൽ ഷട്ടറുള്ള ആനത്തോട് ഡാമിൽ ഇന്നലെ വൈകുന്നേരം റെഡ് അലർട്ട് പ്രഖ്യാപിക്കുകയുണ്ടായി . ഡാം ഏതു നിമിഷവും തുറക്കും എന്ന സ്ഥിതിയിലാണ് . കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. ശക്തമായ മിന്നലും അനുഭവപ്പെടുന്നുണ്ട് .
ശബരിമലയിൽ ഇന്ന് മേൽശാന്തിമാരുടെ നറുക്കെടുപ്പും തുലാമാസ പൂജയ്ക്കായുള്ള നടതുറപ്പുമുണ്ട്. ഈയൊരു സാഹചര്യത്തിൽ പമ്പാ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ് . മഴ ശക്തമായി തുടര്‍ന്നാൽ മുഴുവൻ ഡാമുകളും തുറക്കാനുള്ള പദ്ധതിയാണ് ഉള്ളത്. ഇന്നു പുലർച്ചയോടെയാണ് മഴ തുടങ്ങിയത്. ശക്തി ഒട്ടും കുറയാതെ ഒരേ നിലയിലാണ് കഴിഞ്ഞ 5 മണിക്കൂറായി മഴ പെയ്യുന്നത് എന്നതും ശ്രദ്ധേയം .
https://www.facebook.com/Malayalivartha



























