പരീക്ഷയ്ക്ക് പോയ യുവതിയെ വഴിയില്‍ ഇറക്കിവിട്ട സംഭവം

ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്ത ഓട്ടോയില്‍ കയറിയ യുവതിയെ വഴിയില്‍ ഇറക്കിവിട്ട സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആന്ധ്രാപ്രദേശിലാണ് സംഭവം. ജൂനിയര്‍ സിവില്‍ ജഡ്ജ് മെയിന്‍സ് പരീക്ഷ എഴുതാന്‍ പോകുന്നതിനിടെയാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. യുവതി നല്‍കിയ പരാതിയില്‍ 50,000 രൂപയും കോടതി ചെലവുകള്‍ക്കായി 5,000 രൂപയും നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഗുണ്ടൂരില്‍ നിന്ന് പരീക്ഷാ കേന്ദ്രമായ നാഗാര്‍ജുന യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്നതിന് യുവതിയും അമ്മയും ഒല ആപ്പ് വഴി ഓട്ടോ ബുക്ക് ചെയ്തു. എന്നാല്‍, ആപ്പില്‍ കാണിച്ച വാഹനത്തിന് പകരം മറ്റൊരു വാഹനത്തിലാണ് ഡ്രൈവര്‍ എത്തിയത്. യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ ഒടിപിയും ആവശ്യപ്പെട്ടു. തുടര്‍ന്ന് പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുന്നതിന് പകരം ഡ്രൈവര്‍ മറ്റൊരു വഴിയിലൂടെ ഇവരെ കൊണ്ടുപോയി.
ലക്ഷ്യസ്ഥാനത്ത് നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തെത്തിയപ്പോള്‍ പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കണമെങ്കില്‍ കൂടുതല്‍ പണം വേണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതോടെ യുവതിയെയും അമ്മയെയും വഴിയില്‍ ഇറക്കിവിട്ട് ഡ്രൈവര്‍ കടന്നുകളഞ്ഞു. ഏറെ ബുദ്ധിമുട്ടിയാണ് പിന്നീട് യുവതി മറ്റൊരു ഓട്ടോറിക്ഷയില്‍ കയറി പരീക്ഷാ കേന്ദ്രത്തിലെത്തിയത്.
യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുര്‍ണൂല്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഇടപെട്ടു. യുവതിക്ക് ഒല നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. എന്നാല്‍, ഡ്രൈവര്‍മാരെയും യാത്രക്കാരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം മാത്രമാണെന്നും ഡ്രൈവര്‍മാരുടെ വ്യക്തിപരമായ പെരുമാറ്റത്തിന് കമ്പനി ഉത്തരവാദിയല്ലെന്നും ഒല വാദിച്ചു. എന്നാല്‍, ഈ വാദങ്ങളെല്ലാം ഉപഭോക്തൃ കോടതി തള്ളി. കമ്പനിയുടെ വിശ്വാസ്യത കണക്കിലെടുത്താണ് ഉപഭോക്താക്കള്‍ സേവനം തിരഞ്ഞെടുക്കുന്നത് അതിനാല്‍ സംഭവത്തില്‍ നിന്ന് കമ്പനിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും നഷ്ടപരാഹാര തുക നല്‍കണമെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha


























