കനത്ത മഴയിൽ തൃശ്ശൂരില്‍ ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്! ആരുടേയും നില ഗുരുതരമല്ല

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂര്‍ മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്ക് സംഭവിച്ചത്.
ആരുടേയും നില ഗുരുതരമല്ല. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ശനിയാഴ്ച ഉച്ചയ്ക്ക് തൃശ്ശൂര്‍ വരന്തരപ്പിള്ളി കല്‍ക്കുഴിയില്‍ ഇടിമിന്നലേറ്റ് പശു ചത്തു.
എന്നാൽ, സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുന്നുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലേര്‍ട് സാഹചര്യത്തില്‍ ബീച്ചുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിനാല്‍ തൃശൂര്‍ താലൂക്കിലെ പുത്തൂര്‍, മാടക്കത്തറ പഞ്ചായത്തുകളില്‍ ഉള്ളവരോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























