കൊക്കറയാറിൽ ഉരുൾപൊട്ടൽ!! ഒരു കുടുംബത്തിലെ അഞ്ച് പേര് ഉള്‍പ്പെടെ ഏഴുപേര്‍ മണ്ണിനടിയിലെന്ന് സൂചന: രക്ഷാപ്രവർത്തനം നാട്ടുകാരുടെ നേതൃത്വത്തിൽ തുടരുന്നു...

ശക്തമായ മഴയിൽ ഇടുക്കി കൊക്കയാറില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. കുട്ടികളടക്കം ഏഴ് പേര് മണ്ണിനടിയിൽ ആയെന്ന് സൂചന. ഒരു കുടുംബത്തിലെ അഞ്ച് പേര് ഉള്‍പ്പെടെയാണ് കാണാതായിരിക്കുന്നതെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. മേഖലയിലെ ഏഴു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.
കൊക്കയാറിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. രാവിലെയുണ്ടായ അപകടം വൈകിയ ശേഷമാണ് പുറംലോകം അറിയുന്നത്. അതേസമയം, മധ്യ കേരളത്തില്‍ ശക്തമായ മഴ തുടർന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം, കോട്ടയം കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ മരണം ആറായിരിക്കുകയാണ് . നാല് പേരെ കാണാതായി. ഇന്ന് ഉച്ചയോടെ കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ രണ്ടിടത്താണ് ഉരുള്‍പൊട്ടിയത്. കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ അഞ്ച് വീടുകള്‍ മാത്രമുള്ള പ്രദേശത്താണ് വന്‍ ദുരന്തമുണ്ടായിരിക്കുന്നത്.
ഇവിടെ മൂന്ന് വീടുകളാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയത്. ഒരു വീടിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് മൂന്ന് പേര് മരിച്ചിരുന്നു. പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടാകുകയും റോഡ് ഒലിച്ചുപോയതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരിക്കുകയാണ്.
https://www.facebook.com/Malayalivartha























