ഇന്‍സള്‍ട്ട് ആണ് മുരളീ ഈ ലോകത്തെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് എന്ന് എ.എന്‍.ഷംസീര്‍ എം എല്‍ എ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത് മന്ത്രി മുഹമ്മദ് റിയാസിനെ ഉദ്ദേശിച്ചാണോ?

ഇന്‍സള്‍ട്ട് ആണ് മുരളീ ഈ ലോകത്തെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് എന്ന് എ.എന്‍.ഷംസീര്‍ എം എല്‍ എ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത് മന്ത്രി മുഹമ്മദ് റിയാസിനെ ഉദ്ദേശിച്ചാണോ?
വെള്ളം എന്ന ഹിറ്റ് സിനിമയിലെ പഞ്ച് ഡയലോഗാണ് എ എന്‍. ഷംസീര്‍ എംഎല്‍എ പ്രയോഗിച്ചത്. കരാറുകാരെ കൂട്ടി മന്ത്രിയെ കാണാന്‍ വരുന്നതു സംബന്ധിച്ചു മന്ത്രി മുഹമ്മദ് റിയാസും എ.എന്‍. ഷംസീറും തമ്മിലുള്ള ഭിന്നത പരസ്യമായ സാഹചര്യത്തില്‍ ഡയലോഗിനു രാഷ്ട്രീയമാനം കൂടി കൈവരികയാണ്. വിവാദങ്ങള്‍ക്കിടെ, ഒളിയമ്പാണെങ്കിലും എ.എന്‍. ഷംസീറിന്റെ ആദ്യ പരസ്യപ്രതികരണമാണിത്.
സംസ്ഥാന സിനിമാ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ചു കൊണ്ടുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ തലക്കെട്ടായാണ് എ.എന്‍. ഷംസീര്‍ ഈ ഡയലോഗ് ഉപയോഗിച്ചിരിക്കുന്നത്. വെള്ളം സിനിമയില്‍ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണു ജയസൂര്യ അവതരിപ്പിച്ചതും മികച്ച നടനുള്ള പുരസ്‌കാരം നേടിയതും. സിനിമയില്‍ മുരളിയോട്, സിദ്ദിഖ് അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രമാണീ ഡയലോഗ് പറയുന്നത്.
ചില എംഎല്‍എമാര്‍ പൊതുമരാമത്തു കരാറുകാരെയും കൂട്ടി മന്ത്രിയെ കാണാന്‍ വരുന്നത് അവസാനിപ്പിക്കണമെന്ന് ഈ മാസം ഏഴിനു പൊതുമരാമത്തു വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞതോടെയാണ് രണ്ട് നേതാക്കളും തമ്മിലുളള ഭിന്നത മറനീക്കിയത്. മന്ത്രിയെ കരാറുകാര്‍ക്കൊപ്പ കാണാന്‍ പോയ എം എല്‍ എ ഷംസീറാണെന്ന് പിന്നീട് നവ മാധ്യമങ്ങള്‍ എഴുതി. ഷംസീറിന്റെ ഹൃദയത്തിനേറ്റ കുത്തായിരുന്നു ഇത്.
സിപിഎം നിയമസഭാ കക്ഷി യോഗത്തില്‍ എ.എന്‍. ഷംസീര്‍ ഈ നിലപാടിനെ ചോദ്യം ചെയ്യുകയും എംഎല്‍എമാരെ വിലക്കുന്ന അഹങ്കാരത്തിന്റെ ഭാഷ വേണ്ടെന്നു പറയുകയും ചെയ്തുവെന്ന വാര്‍ത്തകള്‍ പുറത്തുവരി ക യും ചെയ്തു.മന്ത്രിയാകാന്‍ കഴിയാത്തതിലുള്ള പ്രതിഷേധം ഏറെ നാളായി മനസില്‍ കൊണ്ടു നടക്കുന്ന ഷംസീര്‍ സി പി എം യോഗത്തില്‍ തകര്‍ത്തടിക്കുകയാണ് ചെയ്തത്.
ഷംസീറിന്റെ വിയോജിപ്പു മറ്റു ചില എംഎല്‍എമാരും ഏറ്റുപിടിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്തകളിലുണ്ടായിരുന്നു. ഇതോടെ സ്വന്തം മണ്ഡലത്തിലെ കരാറുകാരെ കൂട്ടി മന്ത്രിയെ കാണാന്‍ വരാമെന്നും മറ്റു മണ്ഡലങ്ങളിലെ കരാറുകാരുമായി വരരുതെന്നുമാണ് പറഞ്ഞതെന്നുമുള്ള പരസ്യ വിശദീകരണവുമായി മുഹമ്മദ് റിയാസ് രംഗത്തെത്തി. ഇതു മുന്നണി നിലപാടാണെന്നും റിയാസ് വിശദീകരിച്ചു. ഷംസീറാകട്ടെ, നിയമസഭാ കക്ഷി യോഗത്തിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച വാര്‍ത്ത നിഷേധിക്കാനോ വിശദീകരിക്കാനോ ഇതുവരെ തയാറായിട്ടില്ല.
മന്ത്രി റിയാസിന്റേതാണു പാര്‍ട്ടി നിലപാടെന്നു സിപിഎം സംസ്ഥാന ആക്ടിങ്‌സെക്രട്ടറി എ. വിജയരാഘവന്‍ വ്യക്തമാക്കിയതും ഷംസീറിനു തിരിച്ചടിയാണെന്നാണു വിലയിരുത്തല്‍. ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനായ റിയാസും സംഘടനയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയായ എ.എന്‍.ഷംസീറും തമ്മിലുള്ള അഭിപ്രായഭിന്നത പുറത്തു വന്നതില്‍ സിപിഎമ്മിന് അതൃപ്തിയുണ്ട്. എന്നാല്‍, റിയാസിന്റെ നിലപാടിനൊപ്പം തന്നെയാണു സിപിഎം നില്‍ക്കുന്നത്. റിയാസ് മുഖ്യമന്ത്രിയുടെ മരുമകന്‍ ആയിരിക്കുന്ന കാലത്തോളം സി പി എമ്മിന്റെ നിലപാടില്‍ മാറ്റമില്ല.
ഷംസീറിന്റെ എഫ്.ബി പോസ്റ്റ് സംബന്ധിച്ച് ചില വിശദീകരണങ്ങള്‍ ഷംസീറുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് പുറത്ത് വിട്ടത്.സാധാരണ ഗതിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒരു എം എല്‍ എ യു ടെ ഭാഗത്ത് നിന്നും വരുമ്പോള്‍ മാധ്യമങ്ങള്‍ അതില്‍ പിടിക്കാറില്ല. പോസ്റ്റിലുള്ള കുത്തുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയാല്‍ മാത്രമേ അവര്‍ അതില്‍ പിടിക്കുകയുള്ളു.
https://www.facebook.com/Malayalivartha
























