തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍

മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ . സര്‍വകലാശാല കാമ്പസിലെ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ബി.എസ്.സി ഓണേഴ്സ് അഗ്രിക്കള്‍ച്ചര്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയും പാലക്കാട് കൊഴിഞ്ഞാമ്പാറ കരിമണ്ണ് കൈരളി ഗാര്‍ഡനില്‍ വേല്‍മുരുകന്റെ മകനുമായ മഹേഷ് (19) ആണ് ആത്മഹത്യ ചെയ്തത്.
മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ റാഗിംഗില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്ന് സഹപാഠികള്‍ ആരോപിച്ചു. റാഗിംഗുമായി ബന്ധപ്പെട്ട് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ മാസം 24 ന് സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. സര്‍വകലാശാല ഹോസ്റ്റലായ പമ്പയില്‍ ഇന്നലെ പുലര്‍ച്ചെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. രണ്ടുപേര്‍ മാത്രമുള്ള റൂമില്‍ കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിയാണ് ആദ്യം കണ്ടത്.
ഉടന്‍ തന്നെ കെട്ടഴിച്ച് തൃശൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്ളാസുകള്‍ പുനരാരംഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് കോളേജിലെത്തിയത്. കഴിഞ്ഞദിവസം രാത്രി ഏറെ വൈകിയും മഹേഷ് ഫോണില്‍ സംസാരിച്ചിരുന്നതായി സഹപാഠികള്‍ പറഞ്ഞു.
വീട്ടില്‍ മഹേഷിന് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. മഹേഷിന്റെ ഫോണിലെ വാട്ട്‌സ് ആപ്പ് സന്ദേശങ്ങളടക്കം പരിശോധിക്കുന്നുണ്ട്. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. റാഗിംഗ് ആണോ മരണകാരണമെന്ന് അന്വേഷിച്ചുവരുന്നതായി മണ്ണുത്തി പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ കാര്യങ്ങള്‍ വ്യക്തമാകൂ.
"
https://www.facebook.com/Malayalivartha






















