ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന്റെ നടപടിയില്‍ കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ ഗവര്‍ണറുടെ സെക്രട്ടറിയെ വിളിച്ച് ചീഫ് സെക്രട്ടറി അതൃപ്തി അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഒരു പ്രത്യേക യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചതെന്നും അന്താരാഷ്ട്ര യോഗാ ദിനാചരണത്തെ കുറിച്ചുള്ള ആശയ വിനിമയം മാത്രമാണ് നടന്നതെന്നും ഗവര്‍ണറുടെ ഓഫീസ് ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു.
സര്‍ക്കാരിന്റെ അതൃപ്തി അറിയിച്ച് ചീഫ് സെക്രട്ടറി ലോക്ഭവന് കത്തും നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സര്‍ക്കാരിന്റെ എക്‌സിക്യുട്ടീവ് ചുമതലകളില്‍ പെട്ടതാണ്, ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ചീഫ് സെക്രട്ടറി കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം ഗവര്‍ണര്‍ നേരിട്ട് വകുപ്പുകളുടെ യോഗം വിളിച്ചത് ഭരണഘടനാ കീഴ്‌വഴക്കങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. എന്തടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വകുപ്പുകളുടെ യോഗം വിളിച്ച് ഭരണകാര്യങ്ങളില്‍ ഇടപെടുന്നതെന്ന് പിണറായി വിജയന്‍ ചോദിച്ചു. മുഖ്യമന്ത്രി സംഘപരിവാര്‍ വിധേയത്വം കാണിക്കുന്നു എന്ന ആക്ഷേപം നാട്ടിലുണ്ട്. കിട്ടിയ അവസരം ഗവര്‍ണറും ശരിയായി ഉപയോഗിക്കുന്നുവെന്നും സംസ്ഥാനത്തിന്റെ അന്തസ്സാണ് ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























