ശബരിമല ദർശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ്, ഇന്ന് മലകയറാന്‍ അനുമതി നേടിയത് 8000 പേര്‍, തീര്‍ത്ഥാടകര്‍ക്ക് ബുക്ക് ചെയ്ത ദിവസങ്ങളില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു ദിവസം സൗകര്യമേര്‍പ്പെടുത്തും

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമായതോടെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പ്രകാരം 8000 പേരാണ് ഇന്ന് മലകയറാന്‍ അനുമതി നേടിയിട്ടുള്ളത്. പുലര്‍ച്ചെ 4ന് നട തുറന്നപ്പോള്‍ നിരവധി ഭക്തര്‍ ദര്‍ശനത്തിന് കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ നാലുമണി മുതല്‍ പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിട്ടു തുടങ്ങിയിരുന്നു.
കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യ മൂന്ന് ദിവസം ചില നിയന്ത്രണങ്ങളുണ്ട്. ബുക്ക് ചെയ്ത തീര്‍ത്ഥാടകര്‍ക്ക് ഈ ദിവസങ്ങളില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു ദിവസം സൗകര്യമേര്‍പ്പെടുത്തും.
അതേസമയം തീര്‍ത്ഥാടനത്തിനായി സ്‌പോട്ട് ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. പ്രതിദിനം മുപ്പതിനായിരം പേര്‍ക്കാണ് അനുമതി. സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് മലകയറ്റം. കാനന പാത അനുവദിക്കില്ല. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശക്തമായ ഒഴുക്കായതിനാല്‍ പമ്പാ സ്‌നാനത്തിനും അനുമതിയില്ല. ഇടവിട്ട് മഴ തുടരുന്നതിനാല്‍, എത്തിച്ചേരുന്നവരുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തല്‍ . ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ തുടങ്ങിയവര്‍ സന്നിധാനത്തെത്തി. മന്ത്രിയുടെ സാന്നിധ്യത്തില്‍ അവലോകനയോഗം ചേരും.
https://www.facebook.com/Malayalivartha























