എയ്ഡ് പ്രോസിക്യൂഷന്‍ ഡ്യൂട്ടി പോലീസുകാരന്റെ ഫോണ്‍ കവര്‍ന്നതിന് കേസെടുത്തു... കോടതി സമുച്ചയത്തില്‍ സിസിറ്റിവി ഇല്ലെന്നത് അറിയാവുന്ന ആരോ മോഷ്ടിച്ചുവെന്നാണ് പ്രാഥമിക നിഗമനം

തലസ്ഥാനത്തെ വഞ്ചിയൂര്‍ കോടതിയില്‍ എയ്ഡ് പ്രോസിക്യൂഷന്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാരന്റെ സ്മാര്‍ട്ട് ഫോണ്‍ കവര്‍ന്ന സംഭവത്തില്‍ തിരുവനന്തപുരം സിറ്റി വഞ്ചിയൂര്‍ പോലീസ് കേസെടുത്തു.
തിരുവനന്തപുരം ജില്ലാ കോര്‍ട്ട് സെന്ററിലെ പുതിയ കോടതി സമുച്ചയത്തിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ കോടതി ഹാളില്‍ നിന്നാണ് ഫോണ്‍ മോഷണം പോയത്.
നവംബര്‍ 15 ന് കോടതി ഹാളില്‍ ജനലിന് സമീപമുള്ള എയ്ഡ് പ്രോസിക്യൂഷന്‍ പോലീസുകാരുടെ മേശപ്പുറത്ത് വച്ചിരുന്ന 17,500 രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ ജനറല്‍ പെറ്റി കേസില്‍ പിഴയൊടുക്കാന്‍ വന്ന ആരോ കള്ളന്‍ മോഷ്ടിച്ചു കൊണ്ടുപോയെന്നാണ് എഫ് ഐ ആര്‍.
പേട്ട പോലീസ് സ്റ്റേഷനില്‍ നിന്നും കോര്‍ട്ട് ഡ്യൂട്ടിക്കെത്തുന്ന സിവില്‍ പോലീസ് ഓഫീസര്‍ ഷൈനിന്റെ പരാതിയില്‍ വിവരത്തിതിന് മൊഴി വാങ്ങിയാണ് കേസെടുത്തത്. എഫ് ഐ ആറും പ്രഥമ വിവരമൊഴിയും ഫയലിംഗ് കോടതിയായ തിരുവനന്തപുരം 11-ാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ വഞ്ചിയൂര്‍ പോലീസ് സമര്‍പ്പിച്ചു.
കൃത്യ സ്ഥലമഹസര്‍ തയ്യാറാക്കാന്‍ ജില്ലാ കോടതി വഞ്ചിയൂര്‍ പോലീസിന്റെ അപേക്ഷയില്‍ ഉത്തരവ് നല്‍കി.
കോടതി സമുച്ചയത്തില്‍ സിസിറ്റിവി ഇല്ലെന്നത് അറിയാവുന്ന ആരോ മോഷ്ടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. തമിഴ്‌നാട്ടില്‍ കുഴിത്തുറ കീഴ്‌ക്കോടതിയില്‍ പോര്‍ട്ടിക്കോയിലും ഇടനാഴികളിലും വരെ സി സി റ്റി വി സംവിധാനമുള്ളപ്പോള്‍ കേരളത്തില്‍ ഹൈക്കോടതി ഒഴികെ കീഴ്‌ക്കോടതികളില്‍ അതില്ലാത്തത് റെക്കോര്‍ഡ് റൂമുകളില്‍ സൂക്ഷിച്ചിട്ടുള്ള വിചാരണയില്‍ നിര്‍ണ്ണായകമായ തൊണ്ടിമുതലുകള്‍ക്കും രേഖകള്‍ക്കും ഭീഷണിയും വന്‍ സുരക്ഷാവീഴ്ചക്ക് വഴിയൊരുക്കുന്നതായും നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
"
https://www.facebook.com/Malayalivartha























