അപകട ദിവസം ഫോര്‍ട്ടുകൊച്ചി 'നമ്പര്‍ 18' ഹോട്ടലില്‍ ഈ ഐ.പി.എസ്. ഉദ്യോഗസ്ഥനും, ഹാര്‍ഡ് ഡിസ്ക് കണ്ടെത്തുന്നതില്‍ പോലീസ് ഉഴപ്പിയത് ഇക്കാരണത്താൽ, തിരുവനന്തപുരത്ത് ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്റെ തുടര്‍ച്ചയായുള്ള കൊച്ചി സന്ദര്‍ശനങ്ങളെക്കുറിച്ചും അന്വേഷണം

കൊച്ചിയിൽ മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന് കുരുക്കാവും. അപകടദിവസം ഫോര്‍ട്ടുകൊച്ചി 'നമ്പര്‍ 18' ഹോട്ടലില്‍ ഈ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥനെതിരേ നടപടിക്ക് സാധ്യതയുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ ഉന്നത ഉദ്യോഗസ്ഥന്‍ വിളിച്ച് താക്കീത് ചെയ്തിരുന്നു. ഹാര്‍ഡ് ഡിസ്ക്കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതോടെയായിരുന്നു ഇത്.
ഇതോടെ ഹാര്‍ഡ് ഡിസ്ക് കണ്ടെത്തുന്നതില്‍ പോലീസ് ഉഴപ്പി. ഹാര്‍ഡ് ഡിസ്ക്ക് പരിശോധിച്ചാല്‍ താന്‍ ഹോട്ടലില്‍ എത്തിയ കാര്യം പുറത്തുവരുമെന്ന് ഭയന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍. തിരുവനന്തപുരത്ത് ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്റെ തുടര്‍ച്ചയായുള്ള കൊച്ചി സന്ദര്‍ശനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. ഒക്ടോബര്‍ 31-ന് കൊച്ചിയില്‍ എന്തിനാണ് എത്തിയതെന്നടക്കം ഉന്നത ഉദ്യോഗസ്ഥന്‍ വിശദീകരിക്കേണ്ടിവരും.
അതേസമയം മോഡലുകള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കാറിനെ പിന്തുടര്‍ന്ന ആഡംബര കാര്‍ ഓടിച്ചയാളെ ചോദ്യം ചെയ്ത് വിട്ടയച്ചതില്‍ ദുരൂഹത തുടരുന്നു.വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ ഇപ്പോള്‍ സമീപിച്ചിരിക്കുകയാണ്. മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന കാക്കനാട് സ്വദേശി സൈജുവിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു.
വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും സൈജു ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കടന്നു കളഞ്ഞു.ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും മുന്നേ സൈജു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കി. മോഡലുകളെ പിന്തുടര്‍ന്ന് അപകട സ്ഥലത്ത് വരെയെത്തിയ സൈജുവിനെ അന്വേഷണ സംഘം പ്രതിചേര്‍ത്തിട്ടില്ല. നമ്പര്‍ 18 ഹോട്ടലുടമ റോയിയെയും ജീവനക്കാരെയും പ്രതിചേര്‍ത്തിട്ടും സൈജുവിനെ ഒഴിവാക്കിയത് കേസ് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.
https://www.facebook.com/Malayalivartha























