മലപ്പുറത്ത് ഒമിക്രോൺ, കേരളത്തിൽ അതീവ ജാഗ്രത, വൈറസ് ബാധ സ്ഥിരീകരിച്ചത് ഒമാനിൽ നിന്നെത്തിയ 36 കാരന്, സംസ്ഥാനത്ത് ഒമിക്രോൺ രോഗബാധിതരുടെ എണ്ണം എട്ട് ആയി ഉയർന്നു

കേരളത്തിൽ മലപ്പുറത്തും ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഒമാനിൽ നിന്നെത്തിയ 36 കാരനായ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ല.നിലവിൽ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ് ഈ വ്യക്തി. മലപ്പുറത്തെ കേസ് കൂടി കണക്കിലെടുത്താൽ നിലവിൽ സംസ്ഥാനത്ത് എട്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഹൈ റിസ്‌ക് പട്ടികയിൽപ്പെടാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്കും ഒമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ പുതിയ നിർദേശങ്ങൾ.
നിലവിൽ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വന്ന 3 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി പാലിക്കണം. ഇവർ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങൾ സന്ദർശിക്കുകയോ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളിൽ സംബന്ധിക്കാനോ പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
കേരളത്തിൽ ആദ്യം ഒമിക്രോൺ കേസ് സ്ഥിരീകരിച്ചത് യു.കെയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. തിരുവനന്തുപരം രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലും ദില്ലിയിലും സാംപിൾ പരിശോധന നടത്തിയ ശേഷമാണ് കേരളത്തിൽ ഒമിക്രോൺ വൈറസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
യുകെയിൽ നിന്നും അബുദാബിയിൽ എത്തിയ യാത്രക്കാരൻ ആറാം തീയതിയാണ് കൊച്ചിയിലെത്തിയത്. ആദ്യം നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നുവെങ്കിലും എട്ടാം തീയതി നടത്തിയ ടെസ്റ്റിലാണ് അദ്ദേഹം പൊസീറ്റിവായത്. ഇദ്ദേഹത്തിൻ്റെ ഭാര്യയേയും അമ്മയേയും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിൻ്റെ ഭാര്യ മാതാവ് നിലവിൽ നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha