കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണ സംഭവം: മന്ത്രി വീണാ ജോര്‍ജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്‍ജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സി.പി.എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം. ഇന്ന് ചേര്‍ന്ന സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. മൂന്നു ദിവസത്തിനകം ബന്ധപ്പെട്ട പാര്‍ട്ടി ഘടകങ്ങള്‍ നടപടിയെടുത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം നല്‍കി.
ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റി അംഗം എന്‍. രാജീവ്, ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെ എന്നിവരാണ് വീണാ ജോര്‍ജിനെ പരിഹസിച്ചും വിമര്‍ശിച്ചും പോസ്റ്റിട്ടത്. ഈ മാസം 10ന് എല്‍.ഡി.എഫ് വിശദീകരണ യോഗം ചേരും. ആരോഗ്യമന്ത്രിക്കെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ ആറന്‍മുള മണ്ഡലത്തില്‍ എല്‍.ഡി.എഫ് യോഗം ചേരും. എല്ലാ പഞ്ചായത്തുകളിലും റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
'മന്ത്രിപോയിട്ട് എംഎല്‍എ ആയിരിക്കാന്‍ പോലും അര്‍ഹതയില്ല. കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുത്' എന്നാണ് ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പിജെ ഫേസ്ബുക്കില്‍ കുറിച്ചത്. എസ്എഫ്‌ഐയുടെ മുന്‍ ജില്ലാപ്രസിഡന്റ് കൂടിയാണ് ജോണ്‍സണ്‍. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി ആശുപത്രിയില്‍ ചികിത്സ തേടിയതിനെയാണ് സി.പി.എം ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റി അംഗം പരിഹസിച്ചത്.' പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്‌ളാസ് പരീക്ഷ ഉള്ള ദിവസം വയറുവേദന എന്ന് കളവുപറഞ്ഞ് വീട്ടില്‍ ഇരിക്കുമായിരുന്നു. ഒത്താല്‍ രക്ഷപ്പെട്ടു. ഇവിടെ ചോദ്യങ്ങളില്‍ നിന്ന് എന്ന വ്യത്യാസം മാത്രം' എന്നായിരുന്നു പത്തനംതിട്ട സിഡബ്ല്യുസി മുന്‍ചെയര്‍മാന്‍ എന്‍ രാജീവിന്റെ പരിഹാസം.
സ്വന്തം മണ്ഡലമായ ആറന്മുളയില്‍ പാര്‍ട്ടിക്കാരുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല വീണ ജോര്‍ജ്. നേരത്തേ പലതവണപാര്‍ട്ടി അംഗങ്ങള്‍ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. മണ്ഡലത്തിലെ പൊതുവായ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ പാര്‍ട്ടിക്കാര്‍ക്കുപോലും കഴിയുന്നില്ല എന്നതായിരുന്നു പ്രധാന ആരോപണം. ഫോണ്‍വിളിച്ചാല്‍ മന്ത്രിയുടെ ഓഫീസിലെ ചിലര്‍ എടുക്കുമെന്നും അവര്‍ക്ക് കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടാലേ ഫോണ്‍ മന്ത്രിക്ക് കൈമാറൂ എന്നുള്ള പരാതി ജില്ലയിലെ ഉന്നത നേതാക്കള്‍ക്കുമുന്നില്‍ വരെ എത്തിയെങ്കിലും കാര്യമായ ഒരു ഇടപെടലും ഉണ്ടായില്ലെന്നും പാര്‍ട്ടിപ്രവര്‍ത്തകാരായ ചിലര്‍ പറയുന്നു. മന്ത്രിയുടെ ചില ബന്ധുക്കളുടെ ഇടപെടലുകളും പാര്‍ട്ടിയെ സാധാരണക്കാരില്‍ നിന്ന് അകറ്റുന്നുണ്ട് എന്നാണ് അവരുടെ ആക്ഷേപം.
https://www.facebook.com/Malayalivartha