കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

ലീഡർ കെ. കരുണാകരൻ്റെ 107-ാം ജന്മദിനത്തിൽ മനസ്സിനെ ഗാഢമായി സ്പർശിച്ച ചില കാര്യങ്ങൾ പറയാതെ വയ്യ.അടിയന്തിരാവസ്ഥയുടെ അമ്പതാം വാർഷികത്തിൻ്റെ ഭാഗമായി പലരും ഈയിടെ കെ.കരുണാകരനെ പ്രൊഫ. ഈച്ചരവാര്യരുടെ മകൻ പി.രാജൻ്റെ കൊലയാളിയായി ചിത്രീകരിക്കുന്നത് നിന്ദ്യവും ക്രൂരവുമായ മഹാപാപമാണ്. കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത രാജൻ മരിച്ച കാര്യം ക്രൈംബ്രാഞ്ച് മേധാവി ജയറാം പടിക്കൽ ഒരിക്കലും അന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരനെ അറിയിച്ചിരുന്നില്ല.
അടിയന്തിരാവസ്ഥ പിൻവലിച്ച ശേഷം ഈച്ചര വാര്യർ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ പോലീസ് മേധാവി വി.എൻ. രാജൻ്റെ റിപ്പോർട്ടു പ്രകാരമാണ് മുഖ്യമന്ത്രി കരുണാകരൻ തെറ്റായ സത്യവാങ്മൂലം നൽകിയത്. ഹൈക്കോടതിയുടെ ഒരു പരാമർശത്തെ തുടർന്ന് പാർട്ടി തീരുമാനം കാത്തു നിൽക്കാതെ കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.
തട്ടിൽ എസ്റ്റേറ്റ് കേസിലും രാജൻ കേസിലും ചാരവൃത്തി കേസിലും നിരപരാധിയായ കരുണാകരനെ കുറ്റവാളിയാക്കാൻ ഇപ്പോഴും ചിലർ ശ്രമിച്ചു വരുന്നുണ്ട്. കരുണാകരനെ പോലെ രാഷ്ട്രീയ പ്രതിയോഗികളും സ്വന്തം പാർട്ടിക്കാരും മാധ്യമങ്ങളും ഇത്രയേറെ വേട്ടയാടിയ മറ്റൊരു നേതാവും കേരള ചരിത്രത്തിലില്ല. മൺ മറഞ്ഞിട്ട് പതിനഞ്ചു വർഷം കഴിഞ്ഞ കരുണാകരനെ ഇനിയും ദയവായി ഉപദ്രവിക്കരുതേ.
https://www.facebook.com/Malayalivartha