വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജ പീഡനാരോപണം: അധ്യാപികക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

സഹപ്രവര്‍ത്തകനോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജ പീഡന വാര്‍ത്ത പ്രചരിപ്പിച്ചെന്ന കേസില്‍ അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കിളിമാനൂര്‍ രാജാ രവിവര്‍മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപിക സി.ആര്‍. ചന്ദ്രലേഖയ്ക്കാണ് തിരുവനന്തപുരം പോക്‌സോ കോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
തിങ്കളാഴ്ച രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും, അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ പാടില്ല, അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണം, കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
അധ്യാപികയ്ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതും ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
സഹപ്രവര്‍ത്തകനായ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന വ്യാജ വാര്‍ത്തയാണ് ചന്ദ്രലേഖ പ്രചരിപ്പിച്ചത്. അപസ്മാരം ബാധിച്ച് പെണ്‍കുട്ടി അവധിയിലായിരുന്ന ജനുവരി മാസത്തിലായിരുന്നു ഈ വ്യാജ പ്രചാരണം. ഇതേത്തുടര്‍ന്നുണ്ടായ അപമാനഭാരത്താല്‍ പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിക്ക് പഠനം നിര്‍ത്തേണ്ടി വന്നു.
പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പിടിഎയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 5ന് ചന്ദ്രലേഖയെ സസ്‌പെന്‍ഡ് ചെയ്യുകയും കിളിമാനൂര്‍ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
"https://www.facebook.com/Malayalivartha