നിര്‍ത്തിയിട്ട ലോറിയുമായി കടന്നുകളഞ്ഞ യുവാവ് വരുത്തിവച്ചത് വൻ നാശനഷ്ടം; ഒട്ടേറെ കച്ചവട സ്ഥാപനങ്ങള്‍ ഇടിച്ചു തകര്‍ത്തു; സ്വകാര്യ ബസിന്റെ ഗ്ലാസുകള്‍ തകര്‍ത്തു

മലപ്പുറം വണ്ടൂരില്‍ വഴിയോരത്ത് നിര്‍ത്തിയിട്ട ലോറിയുമായി കടന്നുകളഞ്ഞ യുവാവ് ഒട്ടേറെ കച്ചവട സ്ഥാപനങ്ങള്‍ ഇടിച്ചു തകര്‍ത്തു. പ്രദേശത്തെ പെട്രോള്‍ പമ്ബിലും കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തി. റോഡരികില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിന്റെ ഗ്ലാസുകള്‍ തകര്‍ത്തു.
മാനസിക വെല്ലുവിളി നേരിടുന്ന എടവണ്ണ ചാത്തല്ലൂര്‍ ഒതായി സ്വദേശിയായ യുവാവാണ് എറിയാട് ഭാഗത്ത് പുലര്‍ച്ചെ പരിഭ്രാന്തി പരത്തിയത്. പ്രദേശത്തെ ഒരു ടൈല്‍സ് കടയിലേക്കു വലിയ ലോറിയില്‍ എത്തിയതായിരുന്നു ഇയാള്‍. പുലര്‍ച്ചെ രണ്ടരയ്ക്ക് താഴെകോഴി പറമ്ബില്‍ വാടകയ്ക്കു താമസിക്കുന്ന തോടായം സ്വദേശി വളപ്പില്‍ വിജീഷ് തന്റെ വീടിനു മുന്നില്‍, കോഴിക്കച്ചവടവുമായി ബന്ധപ്പെട്ടു തന്നെ കാണാന്‍ വന്ന ലോറിയിലെ ജീവനക്കാരുമായി സംസാരിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ മാനസിക വെല്ലുവിളി നേരിടുന്നയാള്‍ പ്രകോപനം ഇല്ലാതെ ആക്രമിച്ചു. മര്‍ദനത്തില്‍നിന്നു രക്ഷപ്പെടാനായി മൂവരും ക്വാര്‍ട്ടേഴ്സിനുള്ളില്‍ കയറി. ഈ സമയം ലോറിയിലുണ്ടായിരുന്ന ജാക്കിയെടുത്ത് ജനലുകള്‍ തകര്‍ത്തു. തുടര്‍ന്ന് വണ്ടിയെടുത്ത് കടന്നു കളഞ്ഞു. തൊട്ടടുത്ത് വാളശേരി സെയ്ഫുന്നാസറിന്റെ വീടിനു സമീപം റോഡരികിലുണ്ടായിരുന്ന ഫാസ്റ്റ്ഫുഡ് കട തകര്‍ത്തു.
പൊലീസ് സ്റ്റേഷനില്‍നിന്ന് തൊണ്ടി വാഹനങ്ങള്‍ ലേലത്തിലെടുത്ത് പൊളിച്ചു വില്‍പന നടത്തുന്ന സ്ഥാപനത്തിന്റെ ഓഫിസും തകര്‍ത്തു. സ്വകാര്യ ബസിന്റെ മുന്നിലെയും പുറകിലെയും ഗ്ലാസുകള്‍ തകര്‍ത്തു. കാളപൂട്ട് കണ്ടത്ത് റോഡരികില്‍ നിര്‍ത്തിയിട്ട 2 ബൈക്കുകളും കല്ലുപയോഗിച്ച് നശിപ്പിച്ചു. നാട്ടുകാര്‍ ഓടിയെത്തി ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.
https://www.facebook.com/Malayalivartha