എസ് ഡി പി ഐയും സി പി എമ്മും തമ്മിലുള്ള ബന്ധത്തിൽ കേന്ദ്ര ഇൻറലിജൻസ് രഹസ്യാന്വേഷണം തുടങ്ങി; എസ് ഡി പി ഐയുമായി തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള എല്ലാ ധാരണകളും റദ്ദാക്കാൻ സി പി എം സംസ്ഥാന കമ്മിറ്റി

എസ് ഡി പി ഐയുമായി തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള എല്ലാ ധാരണകളും റദ്ദാക്കാൻ സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സൂചന. എസ് ഡി പി ഐയും സി പി എമ്മും തമ്മിലുള്ള ബന്ധത്തിൽ കേന്ദ്ര ഇൻറലിജൻസ് രഹസ്യാന്വേഷണം തുടങ്ങിയതോടെയാണ് സി പി എം വിരണ്ടത്.
എത്രയും വേഗം എസ് ഡി പി ഐ ബന്ധം ഉപേക്ഷിക്കാനാണ് സി പി എം പ്രാദേശിക ഘടകങ്ങൾക്ക് പാർട്ടി നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രസ്തുത സംഘടനയുമായി ബന്ധമുണ്ടാക്കാൻ മുൻകൈ എടുത്തവർക്കെതിരെ നടപടിയെടുക്കാനും പാർട്ടി തീരുമാനിച്ചു.
ഇതിൻ്റെ ഭാഗമായി അവിശ്വാസ പ്രമേയത്തില്‍ എസ്ഡിപിഐ പിന്തുണ സ്വീകരിച്ച ഈരാറ്റുപേട്ടയില്‍ സിപിഎമ്മില്‍ ആദ്യമായി നടപടി സ്വീകരിച്ചു. ലോക്കൽ സെക്രട്ടറി കെ എം ബഷീറിനെയും ഏരിയ കമ്മിറ്റി അംഗം എംഎച്ച് ഷനീറിനേയും തരംതാഴ്ത്തി. എസ്ഡിപിഐ പിന്തുണയില്ലാതെ വിജയിക്കില്ലെന്ന് വ്യക്തമായിട്ടും അവിശ്വാസവുമായി മുന്നോട്ട് പോയത് പാർട്ടിക്ക് അവമതിപ്പായി എന്നാണ് വിലയിരുത്തല്‍. ഈ നീക്കം എസ്ഡിപിഐ സിപിഎം ബന്ധമെന്ന ആരോപണം ഉയരുന്നതിനും കാരണമായി എന്നും ആക്ഷേപമുണ്ട്.
അതേസമയം, ഫോൺവിളി വിവാദത്തില്‍ ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെന്‍റ് ചെയ്യുകയും ചെയ്തു. ഈരാറ്റുപേട്ട നഗരസഭാ കൗൺസിലർ അനസ് പാറയിലിനെതിരെയാണ് നടപടി. മൂന്ന് മാസത്തേക്കാണ് സസ്പെൻഷൻ. വർഗീയ പരാമർശം അടങ്ങുന്ന ഫോൺവിളി വിവാദമാണ് അനസിനെതിരായ നടപടിക്ക് കാരണം. നടപടിക്ക് ജില്ലാ സെക്രട്ടറിയേറ്റിന്റെ അംഗീകാരം നല്‍കി
ഈരാറ്റുപേട്ട മോഡൽ കേരളത്തിൽ പലയിടത്തും സി പി എം പയറ്റിയിട്ടുണ്ട്. അതിനെല്ലാം പ്രാദേശിക ഘടകങ്ങളുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. പാർട്ടിയുമായി കൂടിയാലോചിക്കാതെ സി പി എമ്മിൽ യാതൊന്നും നടക്കില്ലെന്ന കാര്യം പരസ്യമായ രഹസ്യമാ ണ്. ഈരാറ്റുപേട്ടയിലെ പിന്തുണ കാര്യം സി പി എം കോട്ടയം ജില്ലാ കമ്മിറ്റി ചർച്ച ചെയ്തിട്ടുണ്ട്. കോട്ടയം ജില്ല കമ്മിറ്റിയെ നയിക്കുന്നത് സഹകരണ മന്ത്രി വി.എൻ.വാസവനാണ്. കോട്ടയം ജില്ലയിൽ ഒരില അനങ്ങണമെങ്കിൽ വാസവൻ വിചാരിക്കണം.വാസവൻ അനുവാദം നൽകിയിട്ടുണ്ടെങ്കിൽ അക്കാര്യം പിണറായിയും കോടിയേരിയും അറിഞ്ഞുവെന്ന് വേണം മനസിലാക്കാൻ. കോടിയേരിയും പിണറായി അറിയാതെ സി പി എമ്മിന് ഒരിടത്തും ധാരണയുണ്ടാക്കാൻ കഴിയില്ല.
ചില മത തീവ്രവാദ സംഘടനകൾ നിരോധനത്തിൻെറ വക്കിലാണ്. ആലപ്പുഴയിലെ രഞ്ജിത്തിൻ്റെ കൊലപാതകമാണ് ഇതിനൊരു കാരണം. മുമ്പേ ഇത്തരം സംഘടനകളെ നിരോധിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും എതിർപ്പുകൾ നിലനിന്നിരുന്നു.എന്നാൽ ഇത്തരം സംഘടനകൾ നടത്തുന്ന ദുഷ്ചെയ്തികളുടെ പശ്ചാത്തലത്തിൽ കർശന നിലപാടാണ്
കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാന സർക്കാറിന് വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ നീക്കം വേഗത്തിലാക്കിയത്.മുഖ്യമന്ത്രി തന്നെയാണ് പാർട്ടി സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതെന്നറിയുന്നു. ഇല്ലെങ്കിൽ കാര്യങ്ങൾ പ്രതിസന്ധിയിലാകുമെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ബി ജെ പിയാകട്ടെ സി പി എം രഹസ്യ ബന്ധത്തിൻ്റെ ഉള്ളറകൾ പുറത്തു കൊണ്ടുവരാനുള്ള പ്രയത്നത്തിലാണ്.
https://www.facebook.com/Malayalivartha



























