തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, കാറിന് നേരെ വെടിവച്ചു; പാക്കിസ്ഥാന്‍ തെമ്മാടികളുടെയും ഭീരുക്കളുടെയും അത്യാഗ്രഹികളുടെയും നാടെന്ന് ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ: നേരിട്ടുള്ള പോരാട്ടമാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും റെഹം ഖാന്‍

കൊലപാതക ശ്രമത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിവരം വെളിപ്പെടുത്തി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ റെഹം ഖാന്‍. അജ്ഞാതരായ യുവാക്കള്‍ ബൈക്കിലെത്തി തന്റെ കാറിന് നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് റെഹം ഖാന്‍ ആരോപിക്കുന്നു.
ഇതാണ് ഇമ്രാന്‍ ഖാന്റെ പുതിയ പാക്കിസ്ഥാനെന്നും സുരക്ഷ നഷ്ടപ്പെട്ടെന്നും റെഹം കുറ്റപ്പെടുത്തി. ഞായറാഴ്ച രാത്രി നടന്ന സംഭവമാണ് റെഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതാണോ ഇമ്രാന്‍ ഖാന്റെ പുതിയ പാക്കിസ്ഥാനെന്ന് ചോദിച്ച അവര്‍ ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതമെന്നും പരിഹസിച്ചു.
ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്ന് റെഹം പറഞ്ഞു. ബൈക്കിലെത്തിയ രണ്ട് പേര്‍ വെടിവയ്ക്കുകയായിരുന്നു. കാറിന് മുന്നില്‍ അവര്‍ തോക്കുമായി ഭീഷണി മുഴക്കി. വളരെ പെട്ടെന്ന് മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എന്റെ സെക്രട്ടറിയും ഡ്രൈവറും കാറില്‍ തന്നെ ഇരുന്നു. ഇതാണ് ഇമ്രാന്‍ ഖാന്റെ പുതിയ പാക്കിസ്ഥാന്‍. ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും രാജ്യത്തേക്ക് എല്ലാവര്‍ക്കും സ്വാഗതം എന്നും റെഹം ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.
പരുക്കേറ്റില്ലെങ്കിലും സംഭവം തന്നില്‍ രോഷമുണ്ടാക്കിയെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടാക്കിയെന്നും റെഹം പറഞ്ഞു. ഭീരുത്വം നിറഞ്ഞ ഗൂഢശ്രമങ്ങള്‍ നടത്തുന്നതിനേക്കാള്‍ ഒരു നേരിട്ടുള്ള പോരാട്ടമാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കി. പരുക്കിനേയോ മരണത്തെയോ താന്‍ ഭയപ്പെടുന്നില്ലെന്നും എന്നാല്‍ തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരേക്കുറിച്ച് ആശങ്കയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ്-പാക്കിസ്ഥാനി വംശജയായ റെഹം ഖാന്‍ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയും ടെവിലിഷന്‍ അവതാരകയുമായിരുന്നു. 2014 ലാണ് റെഹാം ഖാന്‍ ഇമ്രാന്‍ ഖാനെ വിവാഹം ചെയ്തത്. വളരെ കുറച്ച് കാലമേ ആ ദാമ്പത്യ ജീവിതം മുന്നോട്ട് പോയുള്ളൂ.
2015 ഒക്ടോബറില്‍ ഇരുവരും വേര്‍പിരിഞ്ഞു. 48കാരിയായ റെഹാം ഖാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നിശിത വിമര്‍ശകയാണ്. 2019 ല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ കശ്മീരിലെ പുല്‍വാമയില്‍ ആക്രമണം നടന്ന വേളയിലും റെഹാം ഖാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തുവന്നിരുന്നു. സൈന്യത്തിന്റെ കൈയ്യിലെ കളിപ്പാവയാണ് ഇമ്രാന്‍ ഖാന്‍ എന്നായിരുന്നു അവരുടെ വിമര്‍ശനം. ആദര്‍ശവും മിതവാദവും ബലികഴിച്ചാണ് ഇമ്രാന്‍ ഖാന്‍ അധികാരത്തിലെത്തിയതെന്നും റെഹാം ഖാന്‍ കുറ്റപ്പെടുത്തി.
"
https://www.facebook.com/Malayalivartha
























