നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; മൂന്ന് ദിവസമായി ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത് 33 മണിക്കൂർ; പഴയ ഫോണുകൾ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നോട്ടീസ് നല്‍കി അന്വേഷണസംഘം; അന്വേഷണ റിപ്പോര്‍ട്ട് 27-ാം തീയതി കോടതിയ്‌ക്ക് മുന്‍പില്‍ സമര്‍പ്പിക്കും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്ന് ദിവസമായി 33 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ഫോണ്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസിന് പിന്നാലെ ദിലീപ് അനുപ്, സൂരജ്, അപ്പു എന്നിവര്‍ മൊബൈല്‍ ഫോണുകള്‍ മാറ്റി. വധഭീഷണി കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണിത്. ദിലീപിന്റെ വീട്ടില്‍ നിന്ന് അന്വേഷണസംഘത്തിന് കിട്ടിയത് പുതിയ ഫോണാണ്. ഈ സാഹചര്യത്തില്‍ പഴയ ഫോണുകള്‍ ഹാജരാക്കാന്‍ നോട്ടീസ് അയച്ചു.
തെളിവുകള്‍ നശിപ്പിക്കാന്‍ ഫോണ്‍ ഒളിപ്പിച്ചതെന്നാണ് സംശയം. ചോദ്യം ചെയ്യലിന് ഇടയിലാണ് നോട്ടീസ് കൈമാറിയത്. കേസില്‍ മൂന്ന് ദിവസം അഞ്ച് പ്രതികളേയും ചോദ്യം ചെയ്യാമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ മാസം 27 വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കാമെന്നും എവിടെവേണമെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാമെന്നുമാണ് ദിലീപ് കോടതിയില്‍ അറിയിച്ചത്.
കേസ് 27-ാം തീയതി കോടതി വീണ്ടും പരിഗണിക്കും. അന്വേഷണ റിപ്പോര്‍ട്ട് കോടതിയ്‌ക്ക് മുന്‍പില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിക്കും. അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ അധിക സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി 10 ദിവസം കൂടി സമയം അനുവദിച്ചു. പ്രോസിക്യൂഷന്‍ അപേക്ഷയിലാണ് നടപടി.
https://www.facebook.com/Malayalivartha

























