കെ എസ് ആര്‍ ടി സിയില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പ്രഖ്യാപിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെ.എസ്.ആര്‍.ടി.സി മാറിയതായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ എട്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനം കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍,എ ഐ ഷെഡ്യൂളിംഗ് സംവിധാനം,തീര്‍ത്ഥാടന ടൂറിസം പദ്ധതി,റോളിംഗ് ആഡ്‌സ് പരസ്യ മോഡ്യൂള്‍,വാഹന പുക പരിശോധനാ കേന്ദ്രം,ഹാപ്പി ലോംഗ് ലൈഫ് സൗജന്യയാത്ര കാര്‍ഡ് വിതരണം,ദീര്‍ഘദൂര ബസുകളിലെ യാത്രക്കാരായ കുട്ടികള്‍ക്കുള്ള ഗിഫ്റ്റ് ബോക്‌സ് വിതരണം, കെ.എസ്.ആര്‍.ടി.സിയിലെ വനിതാ ജീവനക്കാര്‍ക്കായി സൗജന്യ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു.
എ ഐ അധിഷ്ഠിത ഡിജിറ്റലൈസേഷനിലൂടെ കെ.എസ്.ആര്‍.ടി.സിയിലെ എല്ലാ സംവിധാനങ്ങളും ഒറ്റ ഡാഷ്‌ബോര്‍ഡില്‍ ഏകോപിപ്പിച്ചു. സ്ഥാപനത്തിന്റെ അക്കൗണ്ട്‌സ്,കൊറിയര്‍,സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങല്‍,റീ ഓര്‍ഡറിങ്,ഡിസ്ട്രിബ്യൂഷന്‍,ബജറ്റ് ടൂറിസം,എസ്‌റ്റേറ്റ് വാടക പിരിക്കല്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി,സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവയുടെ സാങ്കേതിക നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനായുള്ള സോഫ്റ്റ്‌വെയര്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് വേണ്ടി പ്രത്യേകമായി വികസിപ്പിച്ചതാണെന്ന് മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയില്‍ സജീവമായ അനവധി വികസന മാറ്റങ്ങള്‍ നടപ്പിലാക്കി വരികയാണ്. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ തീര്‍ത്ഥാടന ടൂറിസം പദ്ധതി മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. ആദ്യഘട്ടത്തില്‍ കേരളം തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കണക്ട് ചെയ്താണ് സേവനം തുടങ്ങുന്നത്. കെഎസ്ആര്‍ടിസിയില്‍ എംപാനല്‍ ചെയ്ത് പരസ്യം മാര്‍ക്കറ്റ് ചെയ്ത് നല്‍കുന്നവര്‍ക്ക്10ശതമാനം പരസ്യ കമ്മീഷനായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി വാഹന പുക പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. പൊതുജനങ്ങള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം. വികാസ് ഭവനില്‍ ആദ്യ കേന്ദ്രം പൂര്‍ത്തിയായി. സംസ്ഥാനത്തുടനീളം കെഎസ്ആര്‍ടിസി പുക പരിശോധന കേന്ദ്രങ്ങളും കൂടുതല്‍ െ്രെഡവിംഗ് സ്‌കൂളുകളും തുടങ്ങും. ദീര്‍ഘദൂര യാത്രകള്‍ക്കുള്ള സ്ലീപ്പര്‍ ബസ് വാങ്ങിയതായും,വോള്‍വോ സ്ലീപ്പര്‍ ബസുകള്‍ വാങ്ങുന്ന ആദ്യത്തെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് കെ.എസ്.ആര്‍.ടിയെന്നും മന്ത്രി പറഞ്ഞു. ദീര്‍ഘദൂര ബസ്സില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ക്രയോണ്‍സ്,ചിത്രം വരയ്ക്കാനുള്ള പുസ്തകം,ബലൂണ്‍,ടിഷു പേപ്പര്‍ എന്നിവയുള്ള ഗിഫ്റ്റ് ബോക്‌സ് നല്‍കും. ദീര്‍ഘദൂര ബസ്സില്‍ ലഘു ഭക്ഷണം നല്‍കാനുള്ള പദ്ധതി,ബസ് ക്ലീനിംഗ് കുടുംബശ്രീയെ ഏല്‍പ്പിക്കല്‍ തുടങ്ങിയവ ചര്‍ച്ചയിലാണെന്നും ഉടനെ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
കെ.എസ്.ആര്‍.ടി.സിയിലെ വനിതാ ജീവനക്കാര്‍ക്കായി ഓങ്കോളജിസ്റ്റ് ഡോ. ഗംഗാധരന്റെ നേതൃത്വത്തില്‍ സൗജന്യ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ പദ്ധതി തുടങ്ങുകയാണ്. അടുത്ത ഘട്ടമായി ജീവനക്കാരുടെ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള ചെലവ് കമ്പനികളുടെ സി എസ് ആര്‍ ഫണ്ടിലൂടെ കണ്ടെത്തും. ജീവനക്കാരുടെ ആത്മാര്‍ത്ഥ പരിശ്രമത്തിലൂടെയാണ് കെഎസ്ആര്‍ടിസി മാതൃകപരമായ ഇത്തരം നേട്ടങ്ങള്‍ കൈവരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി സിഎംഡി ഡോ. പി. എസ് പ്രമോജ് ശങ്കര്‍,വാട്ടര്‍ ട്രാസ്‌പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍,കെഎസ്ആര്‍ടിസി സാമ്പത്തിക ഉപദേഷ്ടാവും ചീഫ് അക്കൗണ്ട്‌സ് ഓഫീസറുമായ എ ഷാജി,എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി എം ഷറഫ് മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























