പ്രസവവേദനയുണ്ടായ ഭാര്യയെ കാറിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ അപകടം.... . സുഭാഷ് യാത്രയായത് കൺമണിയെ കാണാനാകാതെ....

പ്രസവവേദനയുണ്ടായ ഭാര്യയെ കാറിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ കണ്ണൂർ പെരിങ്ങത്തൂർ വളഞ്ഞംപറമ്പത്ത് വീട്ടിൽ സുഭാഷ് (38) മരിച്ചു. പരിക്കേറ്റ ഭാര്യ ആരതി ആൺകുഞ്ഞിനു ജന്മം നൽകിയതറിയാതെയായിരുന്നു സുഭാഷിന്റെ വേർപാട്.
25-നു രാത്രി 12-ഓടെ ദേശീയപാതയിൽ പട്ടണക്കാട് പൊന്നാംവെളിയിലുണ്ടായ അപകടത്തിലാണ് സുഭാഷിനും ഭാര്യ ആരതിക്കും പരിക്കേറ്റത്. 24-നാണ് കണ്ണൂരിൽ നിന്ന് സുഭാഷ് വയലാറുള്ള ഭാര്യയുടെ വീട്ടിലെത്തിയത്. 25-നു രാത്രി ആരതിക്ക് പ്രസവവേദനയുണ്ടായി. വയലാറിൽനിന്ന് കാറിൽ സുഭാഷ്, തുറവൂർ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.
ഇവർ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഭാഷിനെ തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന്, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരതി, ചികിത്സയിലിരിക്കേ ഞായറാഴ്ച പുലർച്ചെയാണ് ആൺകുഞ്ഞിനു ജന്മം നൽകിയത്.
വിദേശത്ത് ഹോട്ടലിൽ ഷെഫായി ജോലിചെയ്തിരുന്ന സുഭാഷ്, ആറുമാസം മുൻപാണ് നാട്ടിലെത്തിയത്. ഇവിടെ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾക്കൊപ്പം പ്രവർത്തിക്കുകയായിരുന്നു. നാട്ടിൽ തുടരാനുള്ള തയ്യാറെടുപ്പുകൾക്കിടെയായിരുന്നു വേർപാട്.
https://www.facebook.com/Malayalivartha
























