പൊതുജനങ്ങൾക്ക് വിനോദത്തിനും വ്യായാമത്തിനും ഒരുപോലെ ഉപയോഗപ്രദമാകുന്ന തരത്തിൽ വാക് വേ രൂപകൽപന; നദീതീരത്തിനോട് ചേർന്ന് നിർമ്മിച്ച ആഴാങ്കൽ വാക്‌വേ തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിൽ കരമനയാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കുന്ന തരത്തിൽ നദീതീരത്തിനോട് ചേർന്ന് നിർമ്മിച്ച ആഴാങ്കൽ വാക്‌വേ തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരത്തിന് ഒരു നവ്യാനുഭവം സമ്മാനിക്കുന്ന വാക്‌വേയുടെ ഉദ്ഘാടന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ.എസ് അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയായിരുന്നു.
തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടര കിലോമീറ്റർ നീളമുള്ള ഈ വാക് വേ പൂർത്തീകരിച്ചിട്ടുള്ളത്. സംസ്ഥാന ഇറിഗേഷൻ വകുപ്പാണ് വാക് വേയുടെ നിർമ്മാണം നടത്തിയത്.
പൊതുജനങ്ങൾക്ക് വിനോദത്തിനും വ്യായാമത്തിനും ഒരുപോലെ ഉപയോഗപ്രദമാകുന്ന തരത്തിലാണ് വാക് വേ രൂപകൽപന ചെയ്തിരിക്കുന്നത്.
ഇതിനോടൊപ്പം കലാ-സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള സൗകര്യം, റേഡിയോ പാർക്ക്, ഫുട്ബോൾ ടർഫ്, പ്ലേ ഏര്യ, ശൗചാലയം തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ മുതൽ വയോജനങ്ങൾ വരെയുള്ള എല്ലാവർക്കും ഒരുപോലെ സ്വീകാര്യമായ ഇടമായി ഇവിടം മാറും.
തുടർവികസനങ്ങളുടെ ഭാഗമായി ബോട്ടിംഗ്, ഓപ്പൺ ജിം തുടങ്ങിയ സൗകര്യങ്ങളും ആഴാംങ്കലിൽ ഒരുക്കുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി ആവശ്യമായ സെക്യൂരിറ്റി സംവിധാനവും മാലിന്യ സംസ്കരണ സംവിധാനങ്ങളും നഗരസഭ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha
























