തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വാഗ്ദാന മഴയുമായി സർക്കാർ; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

സർക്കാർ നടത്തിയ വമ്പൻ പ്രഖ്യാപനങ്ങളിൽ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളായി ആര്‍ക്കും യാതൊരു ആനുകൂല്യങ്ങളും കൊടുക്കാത്ത സര്‍ക്കാരാണ് ഇതെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ജനങ്ങളുടെ തലയില്‍ കൂടുതല്‍ ഭാരങ്ങളും നികുതികളും അടിച്ചേല്‍പ്പിച്ച ഗവണ്‍മെന്റ് കൂടിയാണിത്. നാലാം തീയതി പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് സർക്കാർ പുതിയ വാഗ്ദാനങ്ങളുമായി എത്തിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അസംബ്ലി ഇലക്ഷന്‍ വരാനിരിക്കുകയാണ്. മുഖ്യമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങളെല്ലാം നടപ്പിലാക്കേണ്ടി വരിക അടുത്ത സര്‍ക്കാരായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. '
നിലവിലെ സര്‍ക്കാരിന് ഇത് കൊടുക്കേണ്ടി വരില്ല എന്ന് ഉറപ്പുള്ളതിനാല്‍ അടുത്ത ഗവണ്‍മെന്റിന് തലയിലേക്ക് ഇതെല്ലാം കെട്ടിവെയ്ക്കുകയാണ്. ഇത് ഒരു തട്ടിപ്പാണ്. അങ്ങനെ അല്ലായിരുന്നെങ്കില്‍ പ്രഖ്യാപനങ്ങളെല്ലാം ബജറ്റില്‍ നടത്താമായിരുന്നു. എന്നാല്‍ ബജറ്റില്‍ നികുതി അടിച്ചേല്‍പ്പിക്കുക മാത്രമാണ് ചെയ്തത്. ഇപ്പോള്‍ ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രഹസനം മാത്രമാണ്. ഇത് ജനങ്ങള്‍ ഗൗരവത്തിലെടുക്കരുത്.' രമേശ് ചെന്നിത്തല പറഞ്ഞു.
'ആശാവര്‍ക്കർമാരോട് ഇത്രയധികം ക്രൂരത കാണിക്കേണ്ട കാര്യമില്ലായിരുന്നു. അവര്‍ക്കായി അല്‍പം കൂടി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാമായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രമാണെന്ന് എല്ലാവര്‍ക്കും മനസിലാകും. നേരത്തെ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ പോലും ആളുകള്‍ക്ക് നല്‍കുന്നില്ല. ഇടുക്കി പാക്കേജായി പ്രഖ്യാപിച്ച 18,000 രൂപ കൊടുത്തിട്ടില്ല. തീരദേശ പാക്കേജായി പ്രഖ്യാപിച്ച 10,000 കോടി രൂപ ആര്‍ക്കെങ്കിലും കിട്ടിയോ?. വയനാട് പാക്കേജ് പ്രഖ്യാപിച്ചിട്ട് ആര്‍ക്കെങ്കിലും കൊടുത്തോ?. ഇതെല്ലാം വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണ്. ഇതെല്ലാം കൊടുക്കേണ്ടി വരിക അടുത്ത സര്‍ക്കാര്‍ ആയിരിക്കുമെന്ന് കേരളത്തിന്റെ മുഖ്യമന്ത്രിക്കറിയാം. തനിക്കിനി അതില്‍ ഉത്തരവാദിത്വമില്ല, ജനങ്ങള്‍ ഇനി ഇതുമായി തന്റെ അരികില്‍ വരില്ല എന്ന് ഉറപ്പുള്ളതിനാലാണ് ഈ പ്രഖ്യാപനം.' രമേശ് ചെന്നിത്തല വ്യക്തമാക്കി. 
'ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള അന്തര്‍ധാരയുടെ ഭാഗമായാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചത്. അത് അവര്‍ റദ്ദാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. സിപിഐയെ കബളിപ്പിക്കാന്‍ വേണ്ടിയുള്ള കളി മാത്രമാണ് ഇപ്പോള്‍ നടന്നത്. എംഒയുവില്‍ ഒപ്പുവച്ച ശേഷം ഇത് റദ്ദാക്കണമെന്ന് പറഞ്ഞാല്‍ എങ്ങനെ നടക്കാനാണ്. ഇത് താല്‍കാലികമായി സിപിഐയെ കബളിപ്പിക്കാന്‍ വേണ്ടി മാത്രം ചെയ്ത കാര്യമായി കരുതിയാല്‍ മതി. അതില്‍ കാര്യമൊന്നുമുണ്ടാകില്ല, അത് എല്ലാവര്‍ക്കും മനസിലാകും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേമപെന്‍ഷനും റബ്ബറിന്റെയും നെല്ലിന്റെയും താങ്ങുവിലയും വര്‍ധിപ്പിക്കുന്നതടക്കം വമ്പന്‍ പ്രഖ്യാപനങ്ങളുമായി ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വൈകിട്ട് മാധ്യമങ്ങളെ കണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെയാണ് വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ട് പ്രഖ്യാപനങ്ങള്‍ നടത്തിയതെന്നും ശ്രദ്ധേയം. എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത പ്രഖ്യാപനങ്ങളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. തീരുമാനം നവംബര്‍ ഒന്ന് മുതല്‍ നടപ്പിലാക്കും.
സാമൂഹ്യക്ഷേമ പെന്‍ഷന്‍ 400 രൂപ വര്‍ധിപ്പിച്ച് 2,000 രൂപയാക്കി ഉയര്‍ത്തി. 13,000 കോടി രൂപയാണ് ഇതിനായി പ്രതിമാസം മാറ്റിവെച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഒരു ഗഡു ഡി.എ കുടിശിക നവംബറിലെ ശമ്പളത്തിനൊപ്പം നല്‍കും. ഏറെ വിവാദമായ ആശമാരുടെ ഓണറേറിയം 1,000 രൂപ വര്‍ധിപ്പിച്ചു. ഇതുവരെയുള്ള കുടിശികയും കൊടുത്തുതീര്‍ക്കും. സ്ത്രീസുരക്ഷാ പദ്ധതി പ്രകാരം അര്‍ഹരായ വനിതകള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം പെന്‍ഷന്‍ നല്‍കും. അര്‍ഹരായ യുവാക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രതിമാസം ഒരുലക്ഷം രൂപക്ക് താഴെ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കണക്ട് ടു വര്‍ക്ക് പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് ലഭിക്കുക.
സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപയായി വര്‍ധിപ്പിക്കും. മുന്‍കാലത്തെ കുടിശികയും കൊടുത്തുതീര്‍ക്കും. പ്രീപ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും പ്രതിമാസ വേതനം 1,000 രൂപ വര്‍ധിപ്പിച്ചു. കോളേജ് ഗസ്റ്റ് ലക്ചര്‍മാരുടെ പ്രതിമാസ വേതനം പരമാവധി 2,000 രൂപ വരെ വര്‍ധിപ്പിക്കും. റബറിന്റെ താങ്ങുവില 200 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഇത് 180 രൂപയാണ്. നെല്ലിന്റെ സംഭരണ വില 28.20രൂപയില്‍ നിന്ന് 30 രൂപയായി വര്‍ധിപ്പിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും ജനോപകരമായ പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാരുകാരുടെ കുടിശികയും വിപണി ഇടപെടലിന് സപ്ലൈക്കോക്ക് നല്‍കാനുള്ള കുടിശികയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏറെ വിവാദമായ പിഎം ശ്രീ പദ്ധതിയുടെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാനും തീരുമാനമായി. വിഷയം പഠിക്കാന്‍ ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ പ്രഖ്യാപനങ്ങള്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























 
 