ഏകമകളെ നഷ്ടപ്പെട്ട ഒരച്ഛനോട് ഒരു ദയയുമില്ല; തന്റെ ഏകമകളുടെ മരണശേഷം നഗരത്തിലെ വിവിധ തലങ്ങളില്‍ കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധിതനായ ഒരച്ഛന്‍

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍നിന്ന് വിരമിച്ച ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ കെ. ശിവകുമാര്‍, തന്റെ ഏകമകളുടെ മരണശേഷം നഗരത്തിലെ വിവിധ തലങ്ങളില്‍ കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധിതനായെന്ന വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് തിരികൊളുത്തി. അദ്ദേഹം ലിങ്ക്ഡ്ഇന്‍ വഴി പങ്കുവെച്ച പോസ്റ്റ്, നഗരത്തിലെ സിവിക്, പോലീസ് സംവിധാനങ്ങളിലെ അഴിമതിയും സംവേദനക്ഷമതയില്ലായ്മയും തുറന്നുകാട്ടി.
അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടുവെങ്കിലും, അത് വൈറലായി മാറുകയും പൊതുജന രോഷത്തിന് കാരണമാവുകയും ചെയ്തു. 34 വയസ്സുള്ള തന്റെ മകള്‍ ഈയിടെ അന്തരിച്ചെന്നും, തുടര്‍ന്ന് ആംബുലന്‍സ് ജീവനക്കാര്‍, എഫ്.ഐ.ആറിനും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനുമായി പോലീസ്, രസീത് നല്‍കുന്നതിന് ശ്മശാനം, മരണ സര്‍ട്ടിഫിക്കറ്റിനായി ബൃഹത് ബെംഗളൂരു മഹാനഗര പാലിക ഓഫീസ് എന്നിവിടങ്ങളിലെല്ലാം കൈക്കൂലി നല്‍കേണ്ടിവന്നുവെന്നും ശിവകുമാര്‍ പോസ്റ്റില്‍ വിശദീകരിച്ചു.
ശിവകുമാര്‍ തന്റെ പോസ്റ്റില്‍ 'ഞാന്‍ പണം നല്‍കി. ബെല്ലന്ദൂര്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ വളരെ അഹങ്കാരത്തോടെയാണ് പെരുമാറിയത്, ഏകമകളെ നഷ്ടപ്പെട്ട ഒരച്ഛനോട് ഒരു ദയയുമില്ല. വളരെ സങ്കടകരമായ അവസ്ഥ. എന്റെ കൈയില്‍ പണമുണ്ടായിരുന്നു, ഞാന്‍ കൊടുത്തു. പാവപ്പെട്ടവര്‍ എന്തു ചെയ്യും?' എന്ന് കുറിച്ചു. ഈ സംഭവം പുറത്തുവന്നതിന് പിന്നാലെ വൈറ്റ്ഫീല്‍ഡ് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ക്ഷമ ചോദിക്കുകയും, ഉടനടി അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. ബെല്ലന്ദൂര്‍ പോലീസ് സ്‌റ്റേഷനിലെ ഒരു പി.എസ്.ഐ.യെയും ഒരു പോലീസ് കോണ്‍സ്റ്റബിളിനെയും ഉടന്‍ സസ്‌പെന്‍ഡ് ചെയ്തുവെന്ന് അദ്ദേഹം 'എക്‌സി'ലൂടെ അറിയിച്ചു.
അതേസമയം, ബി.ബി.എം.പി. ചീഫ് കമ്മീഷണര്‍ മഹേശ്വര്‍ റാവു, മനോദുഃഖം രേഖപ്പെടുത്തുകയും മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങളോട് മാന്യതയോടെയും ബഹുമാനത്തോടെയും പെരുമാറുമെന്ന് കോര്‍പ്പറേഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവശ്യ സേവനങ്ങളിലെ അഴിമതിയെക്കുറിച്ചും ദുഃഖിതരായ കുടുംബങ്ങളോടുള്ള മനോഭാവത്തെക്കുറിച്ചുമുള്ള പൊതു ചര്‍ച്ചകള്‍ക്ക് ഈ സംഭവം വീണ്ടും തിരികൊളുത്തി. ശ്മശാനങ്ങളിലെ പരിഷ്‌കരണമില്ലായ്മയിലും മരണ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളിലുമുള്ള നിരാശ നിരവധി 'എക്‌സ്' ഉപയോക്താക്കള്‍ പങ്കുവെച്ചു. 'ശ്മശാന പരിഷ്‌കരണം ഏറെക്കാലമായി തീര്‍പ്പാക്കാനുള്ളതാണ്. ഒരു ബി.ബി.എം.പി. ഓഫീസില്‍ നിന്ന് മറ്റൊന്നിലേക്ക് ഇപ്പോഴും സര്‍ട്ടിഫിക്കറ്റ് കൊണ്ടുനടക്കേണ്ട അവസ്ഥയാണ്. എന്തുകൊണ്ട് ഇത് ഡിജിറ്റലും ആഭ്യന്തരപരവുമായിക്കൂടാ?' എന്ന് ഒരു ഉപയോക്താവ് കുറിച്ചു. 'ആംബുലന്‍സ് കോള്‍ മുതല്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വരെ എല്ലാം ഓട്ടോമേറ്റ് ചെയ്യാന്‍ അവര്‍ക്ക് സാധിക്കും. സര്‍ക്കാരിന് ഇത് പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ എളുപ്പത്തില്‍ ചെയ്യാം' എന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
മറ്റൊരു ഉപയോക്താവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഇത് അഴിമതിയല്ല, ഇത് ജീര്‍ണതയാണ്. ദുഃഖിതനായ ഒരച്ഛന്‍ അടിസ്ഥാനപരമായ മാന്യതയ്ക്കായി കൈക്കൂലി കൊടുക്കാന്‍ നിര്‍ബന്ധിതനാകുമ്പോള്‍, സംവിധാനം പരാജയപ്പെടുകയല്ല, മറിച്ച് അതിന്റെ യഥാര്‍ത്ഥ മുഖം കാണിക്കുകയാണ്.'
https://www.facebook.com/Malayalivartha
























