പത്തേ പത്ത് ദിവസം കൂടി... നടിയെ ആക്രമിച്ച കേസും പോലീസുകാരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസും കൂടി ദിലീപിന് പുലിവാലാകുന്നു; നടിയെ ആക്രമിച്ച കേസിലെ അധിക സാക്ഷികളുടെ വിസ്താരത്തിന് ഹൈക്കോടതി പത്തു ദിവസം കൂടി അനുവദിച്ചു; രണ്ട് കേസുകളും കൂടി ദിലീപിന്റെ മനസമാധാനം പോകുന്നു

ഒരറ്റത്ത് നടിയെ ആക്രമിച്ച കേസ്, മററ്റത്ത് പോലീസുകാരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസ്. ഇത് രണ്ടും കൂടി ദിലീപിന് പുലിവാലാകുകയാണ്. ആദ്യത്തെ കേസില്‍ നിന്നും മുക്തി തേടും മുമ്പെ അനുബന്ധ കേസ് വന്നതും തിരിച്ചടിയായി.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അഡിഷണല്‍ സാക്ഷികളുടെ വിസ്താരത്തിന് ഹൈക്കോടതി പത്തു ദിവസം കൂടി അനുവദിച്ചു. നാളെ മുതല്‍ പത്തു ദിവസത്തിനകം വിസ്താരം പൂര്‍ത്തിയാക്കണമെന്നാണ് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെ നിര്‍ദ്ദേശം. ബി.എസ്.എന്‍.എല്‍ നോഡല്‍ ഓഫീസര്‍ സത്യമൂര്‍ത്തി, നിലീഷ, കണ്ണദാസന്‍, ഡി. സുരേഷ്, ഉഷ എന്നിവരെ അഡിഷണല്‍ സാക്ഷികളായി വിസ്തരിക്കണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരെ പത്തു ദിവസത്തിനകം വിസ്തരിക്കാന്‍ ഹൈക്കോടതി ജനുവരി 17ന് അനുമതി നല്‍കി.
എന്നാല്‍ ഇവരില്‍ ചിലര്‍ കേരളത്തിനു പുറത്താണെന്നും സമന്‍സ് നല്‍കി കോടതിയില്‍ എത്തിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പത്തു ദിവസത്തിനകം വിസ്താരം പൂര്‍ത്തിയാക്കുന്നുണ്ടെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി ഉറപ്പാക്കണമെന്ന് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. കേസിലെ തുടരന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അഡിഷണല്‍ സാക്ഷികളുടെ വിസ്താരം നീട്ടിവയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.
അതേസമയം പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു. വധഭീഷണി കേസിനു പിന്നാലെ ദിലീപ് അടക്കം നാല് പ്രതികള്‍ ഫോണ്‍ മാറ്റിയെന്ന് കണ്ടെത്തി. ദിലീപിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്തത് പുതിയ ഫോണ്‍ ആണ്. തെളിവുകള്‍ നശിപ്പിക്കാനാണ് ഫോണ്‍ മാറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേ സമയം, പഴയ ഫോണ്‍ ഹാജരാക്കാന്‍ നോട്ടിസ് നല്‍കി.
മൂന്നു ദിവസങ്ങളിലായി 33 മണിക്കൂറാണ് ആകെ ചോദ്യം ചെയ്തത്. ദിലീപ് അടക്കം അഞ്ച് പ്രതികളെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യാന്‍ മൂന്നു ദിവസമാണ് ഹൈക്കോടതി അനുവദിച്ചത്. പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്ത ചില ഡിജിറ്റല്‍ സാമഗ്രികളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാനുണ്ട്. ഇതുകൂടി ലഭിച്ച ശേഷമേ അന്വേഷണ പുരോഗതി വ്യക്തമാക്കാന്‍ സാധിക്കൂവെന്ന് ക്രൈംബ്രാഞ്ച് എസ്പി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സംവിധായകന്‍ റാഫിയെയും, സംവിധായകന്‍ വ്യാസന്‍ എടവനക്കാടിനെയും അന്വേഷണ സംഘം വിളിച്ചു വരുത്തിയിരുന്നു. ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദ സാമ്പിളില്‍ നിന്നും ദിലീപിന്റെ ശബ്ദം റാഫിയും വ്യാസനും തിരിച്ചറിഞ്ഞിട്ടുണ്ട്.
കേസിലെ പ്രധാന തെളിവായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖയിലെ ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദം തിരിച്ചറിയാനാണു വ്യാസനെ വിളിച്ചുവരുത്തിയതെന്നാണു ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ദിലീപിനു വേണ്ടി ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്തു നേരില്‍ക്കണ്ടു സംസാരിച്ചയാളാണ് അഭിഭാഷകന്‍.
ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി പണം ചോദിച്ചു, ജാമ്യം ലഭിക്കാന്‍ ഇടപെട്ടതായി വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ദിലീപിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന മൊഴികളാണ് തിരുവനന്തപുരത്തെ അഭിഭാഷകന്‍ നല്‍കിയത്.
കേസില്‍ ദിലീപിനെതിരായ വെളിപ്പെടുത്തലുകള്‍ നടത്തിയ ബാലചന്ദ്രകുമാറിനെ പ്രതികള്‍ക്കൊപ്പമിരുത്തി മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചു. ബാലചന്ദ്രകുമാറിനെതിരെ പ്രതികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിച്ച ശേഷം വിളിച്ചുവരുത്തിയാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. തുടരന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് 27 നു ഹൈക്കോടതിയിലും 28 നു വിചാരണക്കോടതിയിലും സമര്‍പ്പിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha


























