കുയിലി ഒരു വെറും പെണ്ണല്ല, വേലുനാച്ചിയാർ വെറും ഒരു റാണിയല്ല; ഗുരു ഒരു കേവല സന്യാസിയുമല്ല; മസ്കുലയിൻ ഹൈന്ദവ തീവ്രദേശീയതയുടെ ഒരു പരേഡിലും ഇവർക്ക് ഇടമില്ല; അത്രമേൽ വേറിട്ട ദേശീയതയുടെ ഒറിജിനൽ ബ്രാൻഡുകളാണവർ; മാപ്പിരന്ന മനസ്സല്ല, മനക്കരുത്തിൽ നാടിൻ മാനം കാത്ത വീര മനുഷ്യർ! ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് ഡോ. അരുൺ കുമാർ

കുയിലി എന്ന പെണ്ണിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഡോ. അരുൺ കുമാർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കുയിലി ഒരു വെറും പെണ്ണല്ല, വേലുനാച്ചിയാർ വെറും ഒരു റാണിയല്ല. ഗുരു ഒരു കേവല സന്യാസിയുമല്ല. മസ്കുലയിൻ ഹൈന്ദവ തീവ്രദേശീയതയുടെ ഒരു പരേഡിലും ഇവർക്ക് ഇടമില്ല. അത്രമേൽ വേറിട്ട ദേശീയതയുടെ ഒറിജിനൽ ബ്രാൻഡുകളാണവർ. മാപ്പിരന്ന മനസ്സല്ല, മനക്കരുത്തിൽ നാടിൻ മാനം കാത്ത വീര മനുഷ്യർ !
കുയിലി പിറന്നത് ദളിത് വിഭാഗത്തിലെ അരുന്ധതിയാർ ജാതിയിൽപെട്ട രുക്കുവിൻ്റെയും പെരിയ മുത്തൻ്റെയും മകളായാണ്. അവളുറങ്ങിയത്, കാളക്കൂറ്റനെ പിടിച്ചുകെട്ടാനിറങ്ങി പാടത്തു വീണു മരിച്ച അമ്മയുടെ വീരകഥകളിലാണ്. രാമനാഥപുരം കൊട്ടാരത്തിലെ റാണി വേലു നാച്ചിയാരെ ഒറ്റാൻ ഈസ്റ്റ് ഇന്ത്യാ കമ്പനി നിയോഗിച്ച ചാരനായ റാണിയുടെ തന്നെ ആയോധന പരിശീലകനെ തിരിച്ചറിഞ്ഞ ഉൾകാഴ്ചയിലാണ് കുയിലിയെ ശിവഗംഗയുടെ വീരദളപതിയായി.
ഒരു ചെരുപ്പ് കുത്തിയുടെ മകളിതാദ്യമായി ഒരു നാടിൻ്റെ കമാൻഡറായി. ഇടം വലം റാണിയുടെ ഉടലും ഉയിരും കാത്ത ധീര വീരാംഗനയായി. ശിവഗംഗ കീഴടക്കിയ ഈസ്റ്റ് ഇന്ത്യാ കമ്പനി വേലു നാച്ചിയാരെ തേടിയലയുമ്പോൾ ഒരില പോലുമറിയാതെ റാണിയെയും കൂട്ടരായ മരുത് പാണ്ഡ്യരെയും കുയിലി ഉള്ളോട് ചേർത്തു പിടിച്ചു. ഇംഗ്ലീഷ് ആയുധ കരുത്തിനു മുന്നിൽ നഷ്ടപ്പെട്ട ശിവഗംഗ പിടിച്ചെടുക്കാൻ തന്ത്രങ്ങളൊരുക്കി. കൂട്ടിന് ഹൈദരും തിരുനെൽവേലിയിലെ പോളിഗാറുകളും.
ശിവഗംഗ കോട്ടയിലെ ബ്രിട്ടീഷ് ആയുധപ്പുര യിലേക്ക് കടക്കാനുള്ള ഒരേ ഒരു സാധ്യത കോട്ടയ്ക്കുള്ളിലെ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ പ്രവേശന ദിനമായ വിജയദശമിയിലാണെന്ന് മനസ്സിലാക്കിയ കുയിലി വേഷം മാറി, പൂച്ചട്ടിയിൽ ആയുധങ്ങളൊളിപ്പിച്ച് ഭക്തരായെത്തി. അപ്രതീക്ഷിത നീക്കത്തിൽ പകച്ചുപോയ കമ്പനി സൈന്യം നില വീണ്ടെടുക്കുമ്പോഴേക്കും ആയുധപ്പുരയ്ക്കടുത്ത് എത്തിയിരുന്നു കുയിലി .
ദീപാലങ്കാരത്തിന് കരുതിയ നെയ്യ് ശരീരം മുഴുവൻ പുരട്ടി ഗോപുരത്തിനുമുകളിലെത്തി സ്വയം തീ കൊളുത്തി. സൈന്യത്തെ വിസ്മയിപ്പിച്ച് ഒരു കനലായി ആയുധപ്പുരയിലേയ്ക്ക് പറന്നിറങ്ങി. ഇന്ത്യയുടെ സ്വാതന്ത്യ ചരിത്രത്തിലെ എന്നല്ല ലോകത്തെ തന്നെ ആദ്യത്തെ മനുഷ്യബോംബാകുകയായിരുന്നു കുയിലി. കുയിലിയുടെ ജീവത്യാഗത്തിൻ്റെ കനലിൽ റാണി വേലു നാച്ചിയാർ ശിവഗംഗ തി രി ച്ചു പിടിച്ചു.
ഇന്ത്യയിൽ കമ്പനി പട്ടാളത്തെ തോൽപ്പിച്ചു രാജ്യം തിരികെ പിടിച്ച ആദ്യ റാണിയാണ് വേലു നാച്ചിയാർ. നാച്ചിയാറുടെ ഉയിരുകാത്ത അദ്യ ദളിത് വനിതാ കമാൻഡർ ഇൻ ചീഫ് ആണ് കുയിലി. ഈ രണ്ടു പേരെക്കുറിച്ചാണ് ഇവർ ആരെന്ന് ചോദിച്ചത്? നാച്ചിയാർക്ക് പകരം ഝാൻസി മതി എന്ന് വാശി പിടിച്ചത്. റാണിമാർ ആരുമാവട്ടെ കുയിലിയെയും അവരുടെ വംശ ചരിത്രത്തെയും മാറ്റാൻ കഴിയില്ലന്ന നിലപാടിൻ്റെ പേരാണ് തമിഴ്നാട് . ഈ നാടിൻെറ തുടിപ്പിൽ കുയിലിയുടെ ധീര വീര ഹൃദയമിടിപ്പുണ്ട് നിങ്ങളെത്ര തടഞ്ഞാലും അതുയർന്ന് തന്നെ മിടിച്ച് കൊണ്ടിരിക്കും. ജയ് ഭാരത്, ജയ് കുയിലി, ജയ് ഭീം!
https://www.facebook.com/Malayalivartha
























