മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണെന്നും മാധ്യമങ്ങളോ സോഷ്യല്‍ മീഡിയയോ അല്ല അത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡും എം.എല്‍.എമാരും എടുക്കുന്ന ഏത് തീരുമാനത്തെയും താന്‍ സ്വാഗതം ചെയ്യും. ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്നും പാര്‍ട്ടി എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെയും പി.ജെ. കുര്യന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയാണ് ബിജെപിയെ ഇത്തരമൊരു ബില്‍ കൊണ്ടുവരാന്‍ പ്രേരിപ്പിച്ചത്. വനിതാ സംവരണം തങ്ങള്‍ കൊണ്ടുവന്നു എന്നും യുപിഎ അത് എതിര്‍ത്തു എന്നും വരുത്തിത്തീര്‍ക്കാനാണ് എന്‍ഡിഎ ശ്രമിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ഉപയോഗിച്ച് ഇന്ത്യ ഭരിക്കാനുള്ള ഗൂഢലക്ഷ്യമാണ് പ്രധാനമന്ത്രിക്കുള്ളത്. ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ എംപിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കത്തിലൂടെ ശ്രമിക്കുന്നതെന്നും പി.ജെ. കുര്യന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha























