ബുധനാഴ്ചയ്ക്കുള്ളില്‍ കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാന് നേരെ ബോംബാക്രമണം നടത്തുമെന്ന് ട്രംപിന്റെ ഭീഷണി

യുറേനിയം അമേരിക്കയ്ക്ക് കൈമാറുന്നതിന് സംബന്ധിച്ച് ബുധനാഴ്ചയ്ക്കുള്ളില്‍ കരാറില്‍ എത്തിയില്ലെങ്കില്‍ സൈനിക നടപടികളിലേക്ക് മടങ്ങുമെന്ന് ഇറാന് ട്രംപിന്റെ ഭീഷണി. കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിക്കുമെന്നും ഇറാന് നേരെ ബോംബാക്രമണം നടത്തുമെന്നുമാണ് അമേരിക്കന്‍ പ്രസിന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം തങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ നാവിക ഉപരോധം അമേരിക്ക തുടരുകയാണെങ്കില്‍ അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന് ഇറാന്‍ തിരിച്ചടിച്ചു.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ ട്രംപിന്റെ ഭീഷണിയും ഇറാന്റെ നിലപാടും ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി ഉയര്‍ത്തിയിരിക്കുകയാണ്. വെടിനിര്‍ത്തല്‍ നീട്ടുന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നും എന്നാല്‍ ഇറാനിലെ തുറമുഖങ്ങള്‍ക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. 'വെടിനിര്‍ത്തല്‍ ഒരുപക്ഷേ ഞാന്‍ നീട്ടില്ല, പക്ഷേ ഉപരോധം നിലനില്‍ക്കും. അതിനാല്‍ നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് വീണ്ടും ബോംബുകള്‍ വര്‍ഷിക്കേണ്ടി വരും' മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു.
എന്നാല്‍ ഇറാന്റെ സമുദ്ര അതിര്‍ത്തികളില്‍ അമേരിക്കന്‍ നാവികസേന ഏര്‍പ്പെടുത്തിയിരിക്കുന്ന തടസ്സങ്ങള്‍ നീക്കിയില്ലെങ്കില്‍ കടലിടുക്കിലൂടെയുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലോകത്തെ എണ്ണ കയറ്റുമതിയുടെ മൂന്നിലൊന്നും കടന്നുപോകുന്ന പാത വീണ്ടും അടച്ചാല്‍ കടുത്ത പ്രതിസന്ധിയിലേക്ക് പോകും. തങ്ങളുടെ എണ്ണ കയറ്റുമതി തടയാനാണ് നീക്കമെങ്കില്‍ മറ്റ് രാജ്യങ്ങളെയും ഈ പാത ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ഇസ്ലാമാബാദില്‍ വെച്ച് നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതും, ആണവ കരാറുകള്‍, ഉപരോധം നീക്കല്‍ തുടങ്ങിയ കാര്യങ്ങളിലെ ഭിന്നതകളും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വെടിനിര്‍ത്തല്‍ ലംഘനമുണ്ടായാല്‍ വീണ്ടും യുദ്ധം ആരംഭിക്കുമെന്ന ആശങ്കയിലാണ് ഗള്‍ഫ് മേഖല.
https://www.facebook.com/Malayalivartha
























