കാനായി കുഞ്ഞിരാമൻ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശിൽപ്പങ്ങളിൽ ഒന്നായ ' വീണപൂവിന്' അവസാന മിനുക്കുകൾ ചെയ്തുകൊണ്ടിരിക്കുകയാണ്; അദ്ദേഹത്തിന്റെ ഇന്നത്തെ ആരോഗ്യസ്ഥിതി നോക്കുമ്പോൾ ലാൻഡ് സ്കേപ്പിലെ ഇതുപോലൊരു വലിയ ശിൽപ്പം ഇനി ഏറ്റെടുക്കുക ദുഷ്കരമായിരിക്കുമെന്ന് ഡോ. തോമസ് ഐസക്ക്

കാനായി കുഞ്ഞിരാമൻ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശിൽപ്പങ്ങളിൽ ഒന്നായ “വീണപൂവ്”-ന് അവസാന മിനുക്കുകൾ ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഇന്നത്തെ ആരോഗ്യസ്ഥിതി നോക്കുമ്പോൾ ലാൻഡ് സ്കേപ്പിലെ ഇതുപോലൊരു വലിയ ശിൽപ്പം ഇനി ഏറ്റെടുക്കുക ദുഷ്കരമായിരിക്കുമെന്ന് ഡോ. തോമസ് ഐസക്ക് പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കാനായി കുഞ്ഞിരാമൻ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശിൽപ്പങ്ങളിൽ ഒന്നായ “വീണപൂവ്”-ന് അവസാന മിനുക്കുകൾ ചെയ്തുകൊണ്ടിരിക്കുകയാണ്.
തോന്നയ്ക്കൽ ആശാൻ സ്മാരകമാണ് ഭൂമിക. അദ്ദേഹത്തിന്റെ ഇന്നത്തെ ആരോഗ്യസ്ഥിതി നോക്കുമ്പോൾ ലാൻഡ് സ്കേപ്പിലെ ഇതുപോലൊരു വലിയ ശിൽപ്പം ഇനി ഏറ്റെടുക്കുക ദുഷ്കരമായിരിക്കും. ശിൽപ്പം കാണാനും പഴയ കാര്യങ്ങൾ അയവിറക്കാനും ആർട്ടിസ്റ്റ് കെ.പി. തോമസുമൊന്നിച്ച് തോന്നയ്ക്കലിൽ പോയി. മഹാരാജാസിൽ പഠിച്ചിരുന്ന കാലത്താണ് കാനായി മുക്കോല പെരുമാൾ ജിസിഡിയുടെ മുന്നിൽ ചെയ്തുകൊണ്ടിരുന്നത്. അന്ന് വൈകുന്നേരങ്ങളിൽ എത്രയോ തീർത്ഥയാത്രകൾക്കു പോയിട്ടുള്ളതാണ്.
നാല് ആശാൻ ശിൽപ്പങ്ങളാണ് മുക്കാലേക്കറോളം വരുന്ന സ്മാരക ഭൂമിയിലുള്ളത്. 10 വർഷത്തിലേറെയായി കാനായി സ്മാരക നിർമ്മിതിയിലാണ്. സാധനസാമഗ്രികളുടെയും സഹായികളുടെയും ചെലവ് ആശാൻ സമിതി വഹിക്കും. അല്ലാതെ യാതൊരു പ്രതിഫലവും വാങ്ങാതെയുള്ള നിഷ്കാമകർമ്മം. ആദ്യം ചെയ്തത് മൊത്തം സ്ഥലത്തിന്റെ ലാൻഡ് സ്കേപ്പിംഗാണ്.
തന്റെ ശിൽപ്പങ്ങൾക്കുള്ള ക്യാൻവാസാണത് എന്നാണ് കാനായി പറയുക. ഇതു മനസിലാകാത്തവരാണ് ശംഖുംമുഖത്തെ സാഗരകന്യകയുടെ അടുത്ത് ഹെലികോപ്ടർ കൊണ്ടുവന്നു വയ്ക്കുന്നതെന്ന വിമർശനം രൂക്ഷമായ ഭാഷയിൽ അദ്ദേഹം ആവർത്തിച്ചു. ചിത്രത്തിൽ കാണാവുന്നതുപോലെ വീണപൂവ് നിലത്ത് മടങ്ങിക്കിടക്കുന്ന സ്ത്രീരൂപമാണ്.
ആശാന്റെ സ്ത്രീ കഥാപാത്രങ്ങളുടെ ചുവർച്ചിത്ര ആവിഷ്കാരം മന്ദിരത്തിൽ ഉണ്ട്. ആ കഥാപാത്രങ്ങളെയെല്ലാം ഈ ശിൽപ്പത്തിലേക്ക് ആവാഹിച്ചെടുക്കാനായിരുന്നു ശ്രമം. ശിൽപ്പത്തിന്റെ അപൂർവ്വമായ ചാരുത നിലത്ത് പടർന്നു കിടക്കുന്ന വാർമുടിയാണ്. അത് പുൽപ്പടർപ്പുകളിൽ ലയിച്ചു പോകുന്നു. ഇടയ്ക്കിടയ്ക്ക് അതു മുകളിലേക്ക് ഉയർന്നു വരും. അങ്ങനെ ഏതാണ്ട് 50 മീറ്റർ നീളത്തിൽ അഴിച്ചിട്ട വാർമുടി നീണ്ടുപോകുന്നു.
‘ദുരവസ്ഥയിലെ സാവിത്രി’യുടെ ശിൽപ്പവുമുണ്ട്. ചാത്തൻ പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും പണിയായുധങ്ങളിലൂടെ തൊട്ടടുത്തുണ്ട്. താമരപ്പൂവും നിലത്തുണ്ട്. മൂന്നാമതൊന്ന് ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന ആഹ്വാനത്തിന്റെ ആവിഷ്കാരമാണ്. സാധാരണ ആശാൻ പ്രതിമകൾ മാറ്റുവിൻ ചട്ടങ്ങളെ എന്നത് ആഹ്വാനം ചെയ്ത് കൈയുയർത്തി നിൽക്കുന്നവയാണ്. സെനറ്റ് ഹാളിനും മുന്നിലും കായിക്കരയിലെയും ശിൽപ്പങ്ങൾ ഉദാഹരണങ്ങൾ.
കാനായിയുടെ ആശാൻ ആശയഗാംഭീര്യനായി കസേരയിൽ പുസ്തകവുമായി ഇരിക്കുകയാണ്. പല്ലനയിലെ ആശാൻ ശിൽപ്പത്തിന്റെയും സങ്കൽപ്പം ഇതാണ്. എന്നാൽ ഇതുരണ്ടും തമ്മിൽ താരതമ്യം ചെയ്യുന്നത് കാനായിയെ മനസ്സിലാക്കാൻ നല്ലൊരു മാർഗ്ഗമാണ്. പല്ലന ശിൽപ്പം കാണുമ്പോൾ പലപ്പോഴും കഷ്ടമെന്നു തോന്നിയിട്ടുണ്ട്.
ഭാര്യ നളിനി ഇല്ലാതെ കാനായിയെ ഇന്നു കാണാനാവില്ല. വീട്ടിലും യാത്രയിലും പണിസ്ഥലത്തുമൊക്കെ കൂടെയുണ്ടാകും. തോമസിന്റെ ഭാര്യ മോളിയുടെ ഉറ്റസുഹൃത്താണ് നളിനി. ജിസിഡിഎയുടെ മുന്നിൽ 40 വർഷം മുമ്പ് ഇരിക്കാറുള്ളതുപോലെ ഏറെ സമയം പലയിടത്തായി ഒത്തിരിനേരം ഇരുന്നു വർത്തമാനം പറഞ്ഞു. തിരുവനന്തപുരത്ത് ഒരു സായാഹ്നം അർത്ഥവത്തായി ചെലവഴിക്കണമെങ്കിൽ തോന്നയ്ക്കലിൽ പോവുക. ആശാന്റെ വീടും, പ്രദർശനമന്ദിരവും, ശിൽപ്പങ്ങളും കാണാം. നല്ലൊരു ലൈബ്രറിയുമുണ്ട്. പിന്നെ സൊറപറഞ്ഞിരിക്കാൻ വൃക്ഷത്തണലുകളും.
https://www.facebook.com/Malayalivartha