കോവിഡ് ഭീതി: ജയിലിൽ നിന്ന് കൂടുതൽ പേരെ വിട്ടയക്കണമെന്ന് സുപ്രീംകോടതി: പുറത്തിറങ്ങിയിട്ടുള്ളവരെ തിരിച്ചെത്താൻ നിർബന്ധിക്കേണ്ട

കേരളത്തിലെ ജയിലുകളില്‍ നിന്ന് പരോളിലോ ഇടക്കാല ജാമ്യത്തിലോ വിട്ട തടവുകാര്‍ ഉടനടി തിരിച്ചെത്തണമെന്ന് നിര്‍ബന്ധിക്കാതെ, കോവിഡ് പെരുപ്പം കണക്കിലെടുത്ത് കൂടുതല്‍ പേരെ തല്‍ക്കാലം വീടുകളില്‍ പോകാന്‍ അനുവദിക്കണമെന്ന് ഉത്തരവ് നൽകി സുപ്രീം കോടതി.
കാലാവധി അവസാനിച്ച തടവുകാരെ തിരിച്ചെത്താന്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, താല്‍ക്കാലിമായി ജയില്‍ മോചിതരായ ചിലര്‍ നല്‍കിയ അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. കേരളത്തില്‍ പ്രതിദിനം 55,000ല്‍പരം പേര്‍ക്ക് പുതുതായി കോവിഡ് ബാധിക്കുന്നതിനിടയില്‍ ജയിലിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ബി.ആര്‍ ഗവായി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് കേരളത്തിന്‍റെ അഭിഭാഷകന്‍ പി.വി സുരേന്ദ്രനാഥിനോട് ചോദിച്ചു.
കോവിഡ് വ്യാപനം ഉണ്ടായതിനു പിന്നാലെ 2020 മാര്‍ച്ചില്‍ ജയിലിലെ ആള്‍പ്പെരുപ്പ പ്രശ്നത്തില്‍ കോടതി സ്വമേധയാ കേസെടുത്തിരുന്നു. സംസ്ഥാനങ്ങളില്‍ ഉന്നതാധികാര സമിതി രൂപവല്‍ക്കരിച്ച് തടവുകാരെ വിട്ടയക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതനുസരിച്ച് നിരവധി പേരെ പരോളില്‍ വിട്ടു. കോവിഡ് കാലത്തെ ജയില്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി, കീഴടങ്ങാനുള്ള കാലാവധി പല തവണ നീട്ടി. അതിനിടയില്‍ കുറെ പേര്‍ ജയിലിലെത്തി കീഴടങ്ങി. മറ്റുള്ളവരുടെ കാര്യത്തില്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധം തുടരുന്നുവെന്നാണ് പരാതി.
കോടതി ഉത്തരവു പ്രകാരം വിട്ടയച്ചവരെയും ചട്ടപ്രകാരം സംസ്ഥാന സര്‍ക്കാര്‍ പരോള്‍ നല്‍കി വിട്ടവരെയും ഒരുപോലെ പരിഗണിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha
























