ഹൈക്കോടതിയില്‍ ദിലീപ് ഹാജരാക്കുന്ന ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ അപ്രത്യക്ഷമാവുമോ? ദിലീപ് ഹാജരാക്കുന്ന ഫോണുകള്‍ വ്യാജനാണെങ്കില്‍ എന്തു ചെയ്യും?

ഹൈക്കോടതിയില്‍ ദിലീപ് ഹാജരാക്കുന്ന ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ അപ്രത്യക്ഷമാവുമോ? തന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് അയക്കണമെന്ന ദിലീപിന്റെ ആവശ്യത്തില്‍ നിന്നും ക്രൈം ബ്രാഞ്ചിന്റെ സംശയം ഈ വഴിക്ക് നീങ്ങുകയാണ്.
പോലീസ് പറയുന്നതുപോലെ ദിലീപ് ഒരു കൊടും കുറ്റവാളിയാണെങ്കില്‍ തീര്‍ച്ചയായും ദിലീപ് നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചിരിക്കണം. സ്വാഭാവികമായും ക്രൈംബ്രാഞ്ചിനും ഇക്കാര്യം അറിയാമായിരിക്കും. എന്നിട്ടും ഫോണ്‍ ആവശ്യപ്പെടുന്നത് ആരെ പറ്റിക്കാനാണെന്ന സംശയത്തിലാണ് ജനങ്ങള്‍.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഫോണുകള്‍ ഹാജരാക്കാത്തതില്‍ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചു. എന്നാല്‍ ഫോണില്‍ തനിക്ക് അനുകൂലമായ തെളിവുകള്‍ ഉണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. മുന്‍ ഭാര്യയുമായും അഭിഭാഷകനുമായും ദിലീപ് നടത്തിയ സംഭാഷണള്‍ ഫോണിലുണ്ട്. അന്വേഷണ സംഘം സ്വകാര്യതയിലേക്ക് കടന്നുകയറുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. കുറ്റകൃത്യത്തിന്റെ പരിധിയില്‍ സ്വകാര്യതാ വാദം നിലനില്‍ക്കില്ലെന്നറിഞ്ഞു കൊണ്ടായിരുന്നു ദിലീപിന്റെ വാദം.
ദിലീപ് ഫോണ്‍ കൈമാറാത്തത് അന്വേഷണത്തോട് സഹകരിക്കാത്തതിന്റെ ഭാഗമായാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഫോണ്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഉപഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഫോണ്‍ കൈമാറണമെന്നും അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മുന്‍കൂര്‍ ജാമ്യം തള്ളില്ലെന്ന് ദിലീപിനറിയാം. തനിക്ക് അനുകൂലമായ നിലപാട് സൃഷ്ടിക്കാന്‍ കഴിഞ്ഞ ദിവസങ്ങളിലെ വാദം കൊണ്ട് ദിലീപിന് കഴിഞ്ഞിട്ടുണ്ട്.
ഫോണിനുള്ളില്‍ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും അത് വിശ്വാസ്യതയോടെ കൈമാറണമെങ്കില്‍ ശാസത്രീയ പരിശോധനക്ക് അയക്കേണ്ടതുമായിരുന്നു ദിലീപിന്റെ വാദം. പരിശോധനക്ക് ശേഷം അതിന്റെ വിവരങ്ങള്‍ കോടതിക്ക് നല്‍കാമെന്നും ദിലീപ് അറിയിച്ചു. ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സമയത്തെ ഫോണുകള്‍ മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതാണ്.
താന്‍ മാധ്യമ വിചാരണ നേരിടുകയാണ്. ഭാര്യയുമായി നടത്തിയ സംഭാഷണം ഫോണിലുണ്ട്. അന്വേഷണ സംഘം സ്വകാര്യതയിലേക്ക് കടക്കുന്നുവെന്നും ദിലീപ് കോടതിയില്‍ ആരോപിച്ചു. എന്നാല്‍ ഫോണ്‍ ഹൈക്കാടതി രജിസ്ട്രാര്‍ ജനറലിന് നല്‍കിക്കൂടേയെന്ന് ഹൈക്കാടതി ആരാഞ്ഞു. ഫോണ്‍ കോടതിയില്‍ ഹാജരാക്കിയാല്‍ മാധ്യമങ്ങള്‍ തന്നെ സംശയ നിഴലിലാക്കുമെന്ന് ആയിരുന്നു ദിലീപിന്റെ മറുപടി.
ദിലീപിനെ കുടുക്കാന്‍ തന്ത്രപരമായ നീക്കമാണ് പ്രോസിക്യൂഷന്‍ നടത്തിയത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ബുധനാഴ്ച വരെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കഴിഞ്ഞ ദിവസം മാറ്റിവെക്കുകയായിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഉപഹര്‍ജിയുമായി പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ സമീപിച്ചത്. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഫോണ്‍ കൈമാറാത്തത് അന്വേഷണത്തോട് സഹകരിക്കാത്തതിന്റെ ഭാഗമാണെന്നും ഫോണ്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഉപഹര്‍ജിയുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. ദിലീപിന്റെ നിലപാട് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ദിലീപിനെതിരായ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനു ശേഷമാണ് അഞ്ച് പ്രതികളും ഫോണ്‍ മാറ്റിയിരിക്കുന്നത്. ഐ.എം.ഇ.എ നമ്പര്‍വെച്ചുള്ള പരിശോധനയിലാണ് ഫോണുകള്‍ മാറ്റിയ വിവരം വ്യക്തമായത്. ഫോണുകള്‍ മാറ്റിയതില്‍ അസ്വാഭാവികതയുണ്ട്. മാറ്റിയ ഫോണുകള്‍ ലഭിച്ചാല്‍ മാത്രമേ അന്വേഷണം കൃത്യമായി മുന്നോട്ട് പോകുകയുള്ളൂവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ദിലീപ് തന്റെ ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷണ സംഘത്തിന് അക്കാര്യം കണ്ടു പിടിക്കാവുന്നതേയുള്ളു. എന്നാല്‍ കുറ്റകൃത്യം ആസൂത്രണം ചെയ്യുന്ന സമയത്തെ ഫോണുകള്‍ വേണം ഹാജരാക്കേണ്ടത്.അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ ശരിയാണെങ്കില്‍ ഒരിക്കലും ദിലീപ് അത് ചെയ്യുകയില്ല.
https://www.facebook.com/Malayalivartha
























