ആ ഫോണും പൊക്കും... ദിലീപ് തനിക്കറിയില്ലെന്ന് പറയുന്ന ഐ ഫോണില്‍ നിന്ന് പോയത് രണ്ടായിരത്തിലധികം കോളുകള്‍; കഴിഞ്ഞ വര്‍ഷം ഈ ഫോണ്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തല്‍; കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഹാജരാക്കിയ ഫോണുകളില്‍ ദിലീപിന്റെ വിവോ ഫോണും

അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പൊല്ലാപ്പിലായിരിക്കുകയാണ് ദിലീപ്. ദിലീപിന്റെ ഫോണിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ദിലീപ് തനിക്കറിയില്ലെന്ന് പറയുന്ന ഐ ഫോണില്‍ നിന്ന് പോയത് 2075 കോളുകളാണ്. 2021 ജനുവരി 21 മുതല്‍ ആഗസ്റ്റ് 31 വരെ 221 ദിവസം ഈ ഫോണ്‍ ഉപയോഗിച്ചെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
അന്വേഷണ സംഘം പറയുന്ന ഒരു ഐ ഫോണ്‍ ഏതാണെന്ന് തനിക്കറിയില്ലെന്നും അടുത്ത കാലത്തൊന്നും അത് ഉപയോഗിച്ചിട്ടില്ലെന്നും ദിലീപ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം രേഖാമൂലം വിശദീകരിച്ചിരുന്നു. ഈ വാദം പൊളിച്ചാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം എട്ടുമാസം ഉപയോഗിച്ച ഫോണ്‍ തനിക്കറിയില്ലെന്ന് ദിലീപിന് എങ്ങനെ പറയാനാവുമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.
സഹോദരീ ഭര്‍ത്താവ് സുരാജ് ഏഴു വര്‍ഷമായി ഉപയോഗിച്ചിരുന്ന ഫോണ്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരാക്കിയത് ഈ ഫോണ്‍ തന്നെയാണോ എന്നുറപ്പിക്കാന്‍ കൂടുതല്‍ പരിശോധന വേണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഹാജരാക്കിയ ഫോണുകളില്‍ ദിലീപിന്റെ വിവോ ഫോണ്‍ ഉണ്ടോയെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. വിവോ ഫോണില്‍ നിന്ന് 12,000 കാളുകള്‍ വിളിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ ഫോണ്‍ ഉപയോഗിച്ചിരുന്നെന്നും കാള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വിവോ ഫോണ്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ നോട്ടീസില്‍ ഐ.എം.ഇ.ഐ നമ്പരിലെ രണ്ട് അക്കം തെറ്റിപ്പോയിരുന്നു. ഇന്നലെ പിഴവു തിരുത്തിയ പ്രോസിക്യൂഷന്‍, ദിലീപ് ഈ ഫോണ്‍ ഹാജരാക്കിയിട്ടുണ്ടെന്ന് ഉറപ്പിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അടിസ്ഥാനമാക്കിയുള്ള തുടരന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് വിചാരണക്കോടതി. ആറു മാസം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം നിരസിച്ചാണ് എറണാകുളം സ്‌പെഷ്യല്‍ അഡി. സെഷന്‍സ് കോടതിയുടെ ഉത്തരവ്. ഇതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.
തുടരന്വേഷണം ചൂണ്ടിക്കാട്ടി, വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതും വിചാരണക്കോടതി പരിഗണിച്ചു. പ്രോസിക്യൂഷന്‍ ഈ ഹര്‍ജി നല്‍കുന്നതിന് ഒരു മാസം മുമ്പ് തുടരന്വേഷണം ആരംഭിച്ചതാണ്.
രണ്ടു മാസം തുടരന്വേഷണത്തിന് ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. രഹസ്യ വിചാരണ നടക്കുന്ന സാഹചര്യത്തില്‍ തുടരന്വേഷണത്തിലും രഹസ്യ സ്വഭാവം പുലര്‍ത്തണമെന്ന് കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു. സാക്ഷികളുടെ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ സംരക്ഷിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ ഈ കേസിലും ബാധകമാണ്. മാര്‍ച്ച് ഒന്നിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഒരു സാക്ഷിക്ക് റൂറല്‍ എസ്.പി മുഖേന സമന്‍സ് നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അതിന് കഴിഞ്ഞില്ല. എസ്.പി ഓഫീസില്‍ നിന്ന് നടപടിയെടുക്കുന്നതിനു പകരം സമന്‍സ് നെടുമ്പാശേരി പൊലീസിന് കൈമാറുകയാണ് ചെയ്തത്. ഇതില്‍ വിശദീകരണം നല്‍കാന്‍ റൂറല്‍ എസ്.പിക്ക് നിര്‍ദ്ദേശം നല്‍കി. സാക്ഷിക്ക് ഡി.ജി.പി മുഖേന സമന്‍സ് നല്‍കാനും നിര്‍ദ്ദേശിച്ചു.
"
https://www.facebook.com/Malayalivartha
























