ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. ഈ മാസം 17ന് ഉച്ചപൂജയ്ക്കുശേഷം സാമ്പിള്‍ ശേഖരിക്കാനും നിര്‍ദ്ദേശം നല്‍കി. തന്ത്രി മഹേഷ് മോഹനരരുടെ കൂടി നിലപാടറിഞ്ഞശേഷമാണ് തീരുമാനം. നേരത്തെ സാമ്പിള്‍ ശേഖരിക്കാന്‍ പ്രത്യേക അന്വേഷണ സംഘം അനുമതി തേടിയിരുന്നു. ഹൈക്കോടതി ഇക്കാര്യം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ദ്വാരപാലക പാളികള്‍ പൂര്‍ണമായും മാറ്റിയിട്ടുണ്ടോയെന്നതടക്കമുളള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.
ശ്രീകോവിലിലെ സ്വര്‍ണപാളികള്‍ ഇളക്കിയെടുത്ത് ഭാരം പരിശോധിക്കുക, ഒരു സെന്റീമീറ്റര്‍ വ്യാപ്തിയില്‍ സ്വര്‍ണം ശേഖരിച്ച് കെമിക്കല്‍ ടെസ്റ്റിന് വിധേയമാക്കുക എന്നീ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇതിലൂടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുകയുളളൂ. അതേസമയം, ശബരിമല സ്വര്‍ണക്കൊളളയില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ ഉടന്‍ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് വിവരം. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അദ്ദേഹം സാവകാശം ചോദിച്ചിരുന്നു. അടുത്ത ബന്ധു മരിച്ച സാഹചര്യത്തിലാണ് പത്മകുമാര്‍ സാവകാശം ചോദിച്ചിരുന്നത്. അറസ്റ്റിലായ എന്‍ വാസുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടും പത്മകുമാറിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളിയെ ചെമ്പെന്ന് രേഖപ്പെടുത്തിയതും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടതും വാസുവിന്റെ നേതൃത്വത്തിലെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്. ഈ സമയത്ത് പ്രസിഡന്റ് ആയിരുന്നത് പത്മകുമാറായിരുന്നു. കമ്മീഷണര്‍ ആയിരുന്ന വാസു മുന്നോട്ടുവച്ച ഉത്തരവുകള്‍ പത്മകുമാര്‍ അംഗീകരിച്ചതായി അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതു ഗൂഢാലോചനയുടെ ഭാഗമായിട്ടാണോയെന്നാണ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha
























