ഫോൺ ഒളിപ്പിച്ചത് നിർണായകമായ ആ സ്ഥലത്ത് തന്നെ... ദിലീപ് എട്ടുമാസം ഉപയോഗിച്ച ഐഫോണിൽ 2075 രഹസ്യ കോളുകൾ! ഇന്ന് ക്രൈംബ്രാഞ്ചിന്റെ അപ്രതീക്ഷിതനീക്കം

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൽ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദം ശാസ്ത്രീയമായി പരിശോധിക്കാൻ അനുമതി തേടി അന്വേഷണ സംഘം ഇന്ന് ആലുവ കോടതിയിൽ അപേക്ഷ നൽകും. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി എന്ന് സംശയിക്കുന്ന ശരത് എന്നിവരുടെ ശബ്ദം പരിശോധിക്കാനാണ് അനുമതി തേടുക. ഗൂഢാലോചനയ്ക്കുള്ള സുപ്രധാന തെളിവായി ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദ രേഖകളിലുളളത് ദിലീപിന്റെയും മറ്റുപ്രതികളുടെയും ശബ്ദം തന്നെയാണ് എന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണ് പരിശോധന.
അതേസമയം ദിലീപ് തനിക്കറിയില്ലെന്ന് പറയുന്ന ഐ ഫോണിൽ നിന്ന് പോയത് 2075 കോളുകളായിരുന്നു. 2021 ജനുവരി 21 മുതൽ ആഗസ്റ്റ് 31 വരെ 221 ദിവസം ഈ ഫോൺ ഉപയോഗിച്ചെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചു. അന്വേഷണ സംഘം പറയുന്ന ഒരു ഐ ഫോൺ ഏതാണെന്ന് തനിക്കറിയില്ലെന്നും അടുത്ത കാലത്തൊന്നും അത് ഉപയോഗിച്ചിട്ടില്ലെന്നും ദിലീപ് ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം രേഖാമൂലം വിശദീകരിച്ചിരുന്നു. ഈ വാദം പൊളിച്ചാണ് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം എട്ടുമാസം ഉപയോഗിച്ച ഫോൺ തനിക്കറിയില്ലെന്ന് ദിലീപിന് എങ്ങനെ പറയാനാവുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു. സഹോദരീ ഭർത്താവ് സുരാജ് ഏഴു വർഷമായി ഉപയോഗിച്ചിരുന്ന ഫോൺ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരാക്കിയത് ഈ ഫോൺ തന്നെയാണോ എന്നുറപ്പിക്കാൻ കൂടുതൽ പരിശോധന വേണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഹാജരാക്കിയ ഫോണുകളിൽ ദിലീപിന്റെ വിവോ ഫോൺ ഉണ്ടോയെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. വിവോ ഫോണിൽ നിന്ന് 12,000 കാളുകൾ വിളിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വർഷം ഡിസംബർ വരെ ഫോൺ ഉപയോഗിച്ചിരുന്നെന്നും കാൾ രേഖകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി. വിവോ ഫോൺ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ നോട്ടീസിൽ ഐ.എം.ഇ.ഐ നമ്പരിലെ രണ്ട് അക്കം തെറ്റിപ്പോയിരുന്നു. ഇന്നലെ പിഴവു തിരുത്തിയ പ്രോസിക്യൂഷൻ, ദിലീപ് ഈ ഫോൺ ഹാജരാക്കിയിട്ടുണ്ടെന്ന് ഉറപ്പിച്ചു.
അതേസമയം കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. പ്രതികൾക്ക് കോടതി പ്രത്യേക പരിഗണന നൽകുന്നതായി ആക്ഷേപമുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും ഹർജികൾ പരിഗണിക്കവെ സിംഗിൾ ബെഞ്ച് ഇന്നലെ വാക്കാൽ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























