ലക്ഷ്യംവച്ചത് മറ്റൊരു സ്ത്രീയെ... അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പന ശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി എംബിഎക്കാരന്‍; വിനീതയ്ക്കു മുന്‍പ് രാജേന്ദ്രന്‍ തൃശൂരില്‍ മറ്റൊരു സ്ത്രീയെ കൊന്നതായി സംശയം; അന്വേഷണം പലവഴിക്ക് നീങ്ങുമ്പോള്‍

തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പന ശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ ആളൊരു കില്ലാടിയാണെന്ന് വിവരം. പ്രതി ഇക്കണോമിക്‌സ് ബിരുദാനന്തര ബിരുദധാരിയും എംബിഎക്കാരനുമാണെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.
വിനീതയെ കൊലപ്പെടുത്തി കൈക്കലാക്കിയ മാല പണയം വച്ച പണം ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കായി ഇയാള്‍ വിനിയോഗിച്ചെന്നും പൊലീസ് പറയുന്നു. ഓണ്‍ലൈന്‍ ട്രേഡിങ്ങിലും താല്‍പര്യമുണ്ടെന്നു ചോദ്യം ചെയ്യലിനിടെ രാജേന്ദ്രന്‍ പറഞ്ഞു.
വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നും പൊലീസ് പറയുന്നു. മാല പണയം വച്ചു കിട്ടിയ 95,000 രൂപയില്‍ 32,000 രൂപ ക്രിപ്‌റ്റോ കറന്‍സി ഇടപാടിനായാണ് ഉപയോഗിച്ചതെന്ന് രാജേന്ദ്രന്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. മികച്ച കുടുംബ പശ്ചാത്തലം തനിക്കുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. സഹോദരങ്ങളില്‍ ഒരാള്‍ അധ്യാപികയും മറ്റൊരാള്‍ റേഷന്‍ ഡീലറുമാണെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞിരിക്കുന്നത്. അതേസമയം, കൊലപാതകത്തിന് ഉപയോഗിച്ച കത്തി, കൊലപാതക സമയത്ത് പ്രതി ഉപയോഗിച്ച വസ്ത്രം എന്നിവ ഇതുവരെ കണ്ടെത്തിയിട്ടില്ല.
വിനീതയെ കൊലപ്പെടുത്തി കവര്‍ന്ന 4 പവന്റെ സ്വര്‍ണമാല കന്യാകുമാരി അഞ്ചു ഗ്രാമത്തിലെ സ്വര്‍ണ പണയ സ്ഥാപനത്തില്‍ നിന്നു പൊലീസ് കണ്ടെടുത്തു. പ്രതിയെ പല സ്ഥലങ്ങളിലായി സഞ്ചരിച്ച ഓട്ടോറിക്ഷകളിലെ ഡ്രൈവര്‍മാരും ഹോട്ടലില്‍ ഒപ്പം ജോലി ചെയ്തിരുന്നവരും തിരിച്ചറിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ രാജേന്ദ്രനെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
അമ്പലമുക്ക് ജംക്ഷനില്‍ മറ്റൊരു സ്ത്രീയെ ആക്രമിക്കാനായി പിന്തുടര്‍ന്ന പ്രതി പിന്നീട് വിനീതയെ കണ്ടതോടെ ലക്ഷ്യം മാറ്റുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് നെടുമങ്ങാട് കരിപ്പൂര് പറമ്പള്ളിക്കോണം കുന്നുംപുറത്തു വീട്ടില്‍ വിനീത വിജയന്‍ (38) ഇവര്‍ ജോലി നോക്കിയിരുന്ന അമ്പലമുക്ക് കുറവന്‍കോണം റോഡിലെ ടാബ്‌സ് ഗ്രീന്‍ ടെക് എന്ന സ്ഥാപനത്തില്‍ കുത്തേറ്റു കൊല്ലപ്പെട്ടത്. 5 ദിവസങ്ങള്‍ക്കു ശേഷമാണ് രാജേന്ദ്രന്‍ പിടിയിലായത്.
അതേസമയം തൃശൂരിലെ ദുരൂഹതയുടെ ഇരുളില്‍ മൂടിപ്പോയ ആനീസ് വധക്കേസില്‍ നിര്‍ണായക വഴിത്തിരിവെന്നു സൂചന. തിരുവനന്തപുരം അമ്പലമുക്കില്‍ നഴ്‌സറി ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കന്യാകുമാരി സ്വദേശി എസ്. രാജേന്ദ്രന്‍ (49) ആണോ ആനീസ് വധത്തിനു പിന്നിലുമെന്ന സംശയത്തിനു പിന്നാലെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. രാജേന്ദ്രന്റെ ചിത്രം പതിച്ച നോട്ടിസ് ഇരിങ്ങാലക്കുട മേഖലയില്‍ പുറത്തിറക്കിയിട്ടുണ്ടെന്നു ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിജോ അലക്‌സാണ്ടര്‍ അറിയിച്ചു.
ഈസ്റ്റ് കോമ്പാറയില്‍ ആനീസ് കൊല്ലപ്പെട്ട 2019ല്‍ രാജേന്ദ്രന്‍ ഇരിങ്ങാലക്കുട മേഖലയില്‍ എത്തിയിരുന്നോ എന്നതാണു ക്രൈം ബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. പ്രദേശത്തെവിടെയെങ്കിലും ജോലി ചെയ്തിരുന്നോ എന്നതിലാണു വ്യക്തത തേടുന്നത്. ഹോട്ടലുകള്‍, ഇറച്ചിക്കടകള്‍ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്.
2019 നവംബര്‍ 14ന് വൈകിട്ട് ആറരയോടെ വീട്ടിനുള്ളില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിലാണ് ആനീസിന്റെ മൃതദേഹം കണ്ടെത്തിയത്. കൈകളിലെ വളകള്‍ മോഷണം പോയിരുന്നെങ്കിലും കാതിലെ കമ്മലും കഴുത്തിലെ മാലയും അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നില്ല. ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയ്ക്കായിരുന്ന ആനീസിനു വീട്ടില്‍ കൂട്ടുകിടക്കാന്‍ ഒരു സ്ത്രീ എത്തിയിരുന്നു. ഇവരാണു മൃതദേഹം ആദ്യം കണ്ടത്. ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ നടത്തിയ കൊലപാതകം എന്ന നിലയിലായിരുന്നു അന്വേഷണം. ഫൊറന്‍സിക് വിദഗ്ധര്‍ വീട്ടില്‍ പരിശോധന നടത്തിയിട്ടും ഒരു തെളിവും ലഭിച്ചിരുന്നില്ല.
ആനീസിന്റെയും വിനീതയുടെയും കൊലപാതകങ്ങളില്‍ പ്രകടമായ സമാനതകളാണു ക്രൈം ബ്രാഞ്ചില്‍ സംശയം ജനിപ്പിക്കുന്നത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റാണു വിനീതയുടെ മരണം. ആനീസിന്റെ കഴുത്തിലും സമാന മുറിവുണ്ടായിരുന്നു. ആഭരണം മോഷ്ടിക്കാനായിരുന്നു ഇരു കൊലപാതകങ്ങളും.
"
https://www.facebook.com/Malayalivartha