സ്വപ്നം കാണാന്‍ കൊതിച്ചു... സ്‌കൂട്ടറിനെ സ്‌നേഹിച്ച വ്യവസായി രാഹുല്‍ ബജാജ് വിടപറയുമ്പോള്‍ മായാത്തത് ഒരു തലമുറയുടെ ഓര്‍മ്മകള്‍; രാമായണവും മഹാഭാരതവും സീരിയലുകളുടെ സമയത്ത് ഏറ്റവും ഹിറ്റായ പരസ്യങ്ങളിലൊന്നാണ് ഹമാരാ ബജാജ്; അവസാനം ചേതക്ക് പിന്‍വലിച്ചതിന് സ്വന്തം മകനോട് വഴക്കിട്ട രാഹുല്‍ ബജാജ്

ഇന്ത്യന്‍ വാഹന വിപണിയിലെ കുത്തകയായിരുന്നു ബജാജ്. രാമായണവും മഹാഭാരതവും സീരിയലുകളുടെ സമയത്ത് ഏറ്റവും ഹിറ്റായ പരസ്യങ്ങളിലൊന്നാണ് ഹമാരാ ബജാജ്. ഇപ്പോഴും ആ പരസ്യം പലരുടേയും ഓര്‍മ്മയില്‍ തന്നെയുണ്ട്. വ്യവസായി രാഹുല്‍ ബജാജ് വിടപറയുമ്പോള്‍ വലിയ ചരിത്രമാണ് പിന്നിലുള്ളത്.
1950 60കളില്‍ ഓട്ടോറിക്ഷകളും ടെംപോ വാനുകളും വില്‍പന നടത്തികൊണ്ടിരുന്ന ബജാജ് മോട്ടോഴ്‌സിനെ ഇന്ത്യയിലെ മദ്ധ്യവര്‍ഗത്തിന്റെ പ്രിയ വാഹനനിര്‍മാതാക്കളാകുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ഇന്ന് അന്തരിച്ച രാഹുല്‍ ബജാജ്. ഇറ്റാലിയന്‍ മോഡലായ വെസ്പ സ്പ്രിനിറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് നിര്‍മിച്ച ബജാജ് ചേതക്കും പ്രിയ സ്‌കൂട്ടറുകളും ഇന്ത്യക്കാരുടെ ഇഷ്ട വാഹനമായെങ്കില്‍ അതിന് പിന്നില്‍ രാഹുല്‍ ബജാജിന്റെ ദീര്‍ഘവീക്ഷണമാണ്.
അക്കാലത്ത് ഇന്ത്യക്കാര്‍ക്ക് മറ്റേതൊരു വാഹനകമ്പനിയേയും പോലെ ഒന്നു മാത്രമായിരുന്നു ബജാജ്. എന്നാല്‍ ഹമാരാ ബജാജ് എന്ന ക്യാമ്പയിനിലൂടെ രാഹുല്‍ ബജാജ് ഒരു ബ്രാന്‍ഡ് തന്നെ സ്ഥാപിച്ചു. ബജാജ് വാഹനങ്ങളുടെ ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്നു. അക്കാലങ്ങളില്‍ ബജാജിന്റെ പ്രിയ, ചേതക്ക് സ്‌കൂട്ടറുകള്‍ ഓര്‍ഡര്‍ ചെയ്ത് കൈയില്‍ കിട്ടാന്‍ പത്ത് വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നിരുന്നെന്ന് പറയുന്നത് തന്നെ ആളുകള്‍ എത്രത്തോളം ആ വാഹനങ്ങളെ ഇഷ്ടപ്പെട്ടിരുന്നെന്നതിന് തെളിവാണ്.
2005ല്‍ രാജ്യം സ്‌കൂട്ടറുകളില്‍ നിന്ന് ബൈക്കുകളിലേക്ക് ചുവടുമാറ്റുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ബജാജ് അന്താരാഷ്ട്ര വാഹനനിര്‍മാതാക്കളായ കാവസാക്കിയുമായി ചേര്‍ന്ന് മോട്ടോര്‍ ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തില്‍ എത്തിച്ചിരുന്നു. ഇതിനു പിന്നിലും പ്രവര്‍ത്തിച്ചിരുന്നത് രാഹുല്‍ ബജാജ് ആയിരുന്നു.
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ കാവസാക്കിയുമായി ചേര്‍ന്ന് ബൈക്കുകള്‍ നിരത്തിലിറക്കി തുടങ്ങിയെങ്കിലും അപ്പോഴും അദ്ദേഹം സ്‌കൂട്ടറുകള്‍ കൈവിടാന്‍ തയ്യാറായിരുന്നില്ല. ബജാജ് ചേതക്ക് ക്‌ളാസിക്ക് എന്ന പേരില്‍ ചേതക്കിന്റെ പുതിയ മോഡലുകള്‍ അദ്ദേഹം നിരത്തിലെത്തിച്ചെങ്കിലും അപ്പോഴേക്ക് രാജ്യം ഫോര്‍ സ്‌ട്രോക്ക് ബൈക്കുകള്‍ക്ക് പിന്നാലെ ചലിക്കാന്‍ തുടങ്ങിയിരുന്നു.
2005ല്‍ ബജാജ് സ്‌കൂട്ടര്‍ നിര്‍മാണം പൂര്‍ണമായും നിര്‍ത്തി ബൈക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. രാഹുല്‍ ബജാജിന്റെ മകന്‍ രാജീവ് ബജാജ് ആയിരുന്നു ഈ തീരുമാനത്തിന് പിന്നില്‍. എന്നാല്‍ ഈ തീരുമാനത്തോട് യോജിക്കാന്‍ സാധിക്കാത്ത രാഹുല്‍ ബജാജ് സ്വന്തം മകനുമായി പരസ്യമായി വാക്കുതര്‍ക്കം വരെ നടത്തിയിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തന്റെ താത്പര്യത്തിന് എതിരായി ബജാജ് സ്‌കൂട്ടര്‍ നിമാണം പൂര്‍ണമായും നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ 2005ല്‍ ബജാജ് മോട്ടോഴ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനം മകന് നല്‍കി അദ്ദേഹം നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാറി.
കഴിഞ്ഞ വര്‍ഷം ബജാജിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹം പടിയിറങ്ങിയിരുന്നു. എന്നാല്‍ അതിന് മുമ്പായി രാഹുല്‍ ബജാജ് ഒരു കാര്യം ചെയ്തു. പഴയ ബജാജ് ചേതക്കിന്റെ മടങ്ങി വരവ് ഉറപ്പാക്കിയശേഷമാണ് അദ്ദേഹം കമ്പനിയുടെ പടിയിറങ്ങിയത്. 2020ല്‍ ലോഞ്ച് ചെയ്ത് ബജാജ് ചേതക്ക് ഒരു ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ആയിട്ടാണ് വിപണിയില്‍ മടങ്ങിയെത്തിയത്.
രാജ്യത്തെ സാധാരണക്കാരായ യുവാക്കളുടെ ഇരുചക്രമെന്ന സ്വപ്നം സാക്ഷാത്കരിച്ച വ്യവസായി ആയിരുന്നു രാഹുല്‍ ബജാജ്. അദ്ദേഹത്തിന്റെ കരുത്തുറ്റ നേതൃപദവി കാരണം കോടിക്കണക്കിനാളുകളുടെ ഹൃദയത്തിലേക്കായിരുന്നു ബജാജിന്റെ വളര്‍ച്ച. 1970 90 കാലഘട്ടത്തില്‍ ബജാജ് ഇന്ത്യയുടെ ഇരുചക്ര വാഹനങ്ങളുടെ പ്രതീകമായിരുന്നു.
രാഹുല്‍ ബജാജിന്റെ പിതാവ് കമല്‍ നയന്‍ ബജാജും ഇന്ദിരാ ഗാന്ധിയും ഒരേ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. കമല്‍നയന്റെ മകന് രാഹുല്‍ എന്ന പേര് നിര്‍ദ്ദേശിച്ചത് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. സോണിയയും രാജീവ് ഗാന്ധിയും മകന് രാഹുലെന്ന് പേരിട്ട് രാഹുല്‍ ബജാജിനോടുള്ള സ്‌നേഹത്തിന്റെ ഓര്‍മ ആവര്‍ത്തിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha